വൈറസ് - കരുതല്‍ വേണം ഡോ. അനൂപ് കുമാര്‍ എ.എസ് കണ്‍സള്‍ട്ടന്‍റ് ആന്‍റ് ചീഫ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍

     ആരോഗ്യം
     വൈറസ് - കരുതല്‍ വേണം
ഡോ. അനൂപ് കുമാര്‍ എ.എസ്
കണ്‍സള്‍ട്ടന്‍റ് ആന്‍റ് ചീഫ്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
    നിപ്പയുമായി മുഖാമുഖം കണ്ട ഒരു ഡോക്ടറാണ് ഞാന്‍. അന്ന് ഒരു മരണദൂതിന്‍റെ ഇരമ്പം ഞാന്‍ അവ്യക്തമായി കേട്ടു. ആ സമയം എന്നെ കീഴടക്കിയ വികാരങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് പറയുക അസാധ്യം. ഒരു ആരോഗ്യ സേവകനാണ് ഞാന്‍, ഒരു മനുഷ്യനാണ്, സാമൂഹ്യജീവിയാണ്. പേടിച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. ആശങ്ക വേണം താനും... ഒരു നാടിന്‍റെ ഭയം മുഴുവനും, കാര്‍മേഘമായി പടര്‍ന്ന ദിനങ്ങളായിരുന്നു. അത്... അതുമായി ബന്ധപ്പെട്ടപ്പോള്‍ എനിക്കു ചുറ്റുമുള്ള ഒരുകൂട്ടം മനുഷ്യരെക്കുറിച്ചുള്ള വേവലാതി എനിക്കുമുണ്ടായിരുന്നു. ഇനിയൊരു വൈറസ് പകര്‍ച്ചയില്‍ നാം എടുക്കേണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെയെന്ന് കുറിക്കുകയാണിവിടെ.
     വൈറസുകള്‍ക്കു മുന്‍പേ പായാനും അവയെ പ്രതിരോധിക്കാനും നാം പ്രാപ്തരാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആണ് കേരളത്തിലും അതേപോലെ തന്നെ ദക്ഷിണേന്ത്യയിലും നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആ സമയത്തു സമാനമായ ഒരു രോഗത്തെ പ്രതിരോധിച്ചോ, ചികിത്സിച്ചോ, അത്തരം ഒരു വൈറസിന്‍റെ ഭീതിതമായ തേരോട്ടങ്ങള്‍ക്ക് മുഖാമുഖം നിന്നോ, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയോ ഉള്ള യാതൊരു മുന്‍പരിചയവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ, ആരോഗ്യ മേഖലയ്ക്കോ, ആരോഗ്യ വകുപ്പിനോ, സംസ്ഥാന സര്‍ക്കാരിനോ ഒന്നും ഉണ്ടായിരുന്നില്ല തന്നെ. ഇത്തരം പ്രതിസന്ധികള്‍ ഒക്കെ നേരിട്ടിട്ടുപോലും, ഫലപ്രദമായ ഒരു കേരള മോഡല്‍ നിപ്പ പ്രതിരോധം നടത്തിയാണ് നമ്മള്‍ ഈ മാരക രോഗത്തെ വെറും പന്ത്രണ്ടു ദിവസം കൊണ്ട് കീഴ്പ്പെടുത്തിയത്. വികസിത രാജ്യങ്ങള്‍ പോലും വളരെ അത്ഭുതത്തോടെയാണ് അത് നോക്കിക്കണ്ടത്. ഇന്ന് ലോകത്തിന്‍റെ മുന്നിലുള്ള നിപ്പ പ്രതിരോധം എന്നത് കേരള മോഡല്‍ നിപ്പ പ്രതിരോധമാണ്. അതുകൊണ്ടുതന്നെ ഇനി ഇത്തരമൊരു സാഹചര്യം സംജാതമാവുകയാണെങ്കില്‍ മുന്‍പരിചയം ഉപയോഗിച്ച് വളരെ വ്യക്തമായ രീതിയില്‍ നമുക്ക് നിപ്പ രോഗപ്രതിരോധം നടപ്പിലാക്കാന്‍ സാധിക്കും. മുന്‍പരിചയംഇല്ലാതിരുന്നിട്ടു തന്നെ പ്രശംസനീയമായ രീതിയില്‍ നിപ്പക്കെതിരെ പ്രതിരോധം തീര്‍ത്ത നമുക്ക് ആ പരിചയവും, പ്രതിരോധം നടപ്പില്‍ വരുത്തിയ വിദഗ്ധ സംഘവും സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖലയ്ക്കു മുതല്‍ക്കൂട്ടാവുകതന്നെയാണ്. വസ്തുതകള്‍ ഇതായിരിക്കെ ഈ മേഖലയില്‍ നാം കുറച്ചുകൂടെ മുന്നോട്ടു സഞ്ചരിക്കേണ്ടതുണ്ട്. നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു പ്രാവശ്യവും നമുക്ക് വേഗത്തില്‍ തന്നെ രോഗനിര്‍ണയം നടത്താന്‍ സാധിച്ചെങ്കില്‍ കൂടി സമാനമായ ലക്ഷണങ്ങളുമായി വരുന്ന രോഗികളില്‍ രോഗനിര്‍ണയം നടത്താനുള്ള സാഹചര്യം ഇപ്പോഴും കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഇല്ല. സകല സജ്ജീകരണങ്ങളോടും കൂടെയുള്ള ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നമ്മുടെ നാട്ടില്‍ ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തിരുവനന്തപുരത്തു തുടങ്ങാന്‍ പോകുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കേണ്ടത് അത്യാവശ്യവുമാണ്. മാത്രവുമല്ല കേരളത്തിന്‍റെ ഒരു പ്രദേശത്തുമാത്രം ഇത്തരം ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതുകൊണ്ടു പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുമില്ല. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അത്യാവശ്യമാണ്. അതേസമയം ഇത്തരം വൈറസുകളെ തിരിച്ചറിയുന്നതിനുള്ള ചെറിയ തരം മെഷിനുകള്‍ പല സ്ഥലത്തും ലഭ്യമാണ്. അത്തരം മെഷിനുകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാന മെഡിക്കല്‍ കോളെജുകളിലും ലഭ്യമാക്കുകയും വേണം. അടിയന്തര സഹായം വേണ്ടുന്ന രോഗികള്‍ക്ക് ഇത്തരം സൗകര്യം ലഭ്യമാക്കിക്കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല ഡിസീസ് സര്‍വീലന്‍സ് പ്രോഗ്രാം കുറച്ചുകൂടി കാര്യക്ഷമമായി നടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ആരോഗ്യ വകുപ്പിന്‍റെ ഡിസീസ് സര്‍വീലന്‍സ് പ്രോഗ്രാം (കഉടജ) എന്നൊരു പദ്ധതി ഇപ്പോള്‍ തന്നെ ഉണ്ട്. നിപ്പയും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയണം.
     ലോകാരോഗ്യ സംഘടന മുന്‍ഗണന നല്‍കേണ്ട എട്ടോളം രോഗങ്ങളുടെ ഒരു ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക മരുന്നുകളോ വാക്സിനുകളോ കണ്ടുപിടിക്കപ്പെടാത്തവ. ഇവ ബാധിച്ചാല്‍ മരണ സാധ്യത കൂടുതലുമായവ. ലോകം മുഴുവന്‍ ഭീതി വിതക്കുന്ന വൈറസുകളാണിവ. ഇവയില്‍ ഒന്നാണ് നിപ്പ വൈറസ്. മരുന്നുകളോ പ്രതിരോധ വാക്സിനുകളോ ഇല്ലാത്ത നിപ്പയുടെ മരണസാധ്യത എഴുപതു ശതമാനത്തോളമാണുതാനും. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പരക്കാനുള്ള സാധ്യത കൂടുതലുമാണ്. പട്ടികയിലുള്ള മറ്റു രോഗങ്ങള്‍ ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍, എബോള, ലാസ്സ ഫീവര്‍, കൊറോണ വൈറസ്, റിഫ്ട് വാലി ഫീവര്‍, സിക്ക വൈറസ് എന്നിവയാണ്. ഇനി ഏതെങ്കിലും ഇത്തരം മാരക വൈറസുകളെ കണ്ടെത്തുകയാണെങ്കില്‍ അത് ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഡിസീസ് എക്സ് (ഉശലെമലെ ത) എന്നൊരു വിഭാഗവും ലോകാരോഗ്യ സംഘടന ഈ ബ്ലൂ പ്രിന്‍റില്‍ ഉള്‍പ്പെടുത്തി വച്ചിട്ടുണ്ട്. പട്ടികയിലുള്ള ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍, കൊറോണ വൈറസ്, സിക്ക വൈറസ് എന്നിവ നമ്മുടെ സംസ്ഥാനത്ത് ഏതാനും സ്ഥലങ്ങളില്‍, വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നു വിലയിരുത്തപ്പെടുന്നു. നമ്മുടെ വെല്ലുവിളി എന്നത് ഇത്തരം സാഹചര്യങ്ങള്‍ക്ക് തയ്യാറായി ഇരിക്കുകയും രോഗത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളെയും കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ഇവ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
     പകര്‍ച്ചവ്യാധികള്‍ തടയുന്ന കാര്യത്തില്‍ നമ്മുടെ ആരോഗ്യ സംസ്കാരമാണ് ആദ്യം മാറേണ്ടത്. ഏതു പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത് പൗരനാണ്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ആണ് ഇതില്‍ പ്രധാനം. പുറത്തുപോയി വരുമ്പോഴും, അല്ലാത്തപ്പോഴും ഭക്ഷണത്തിനു മുമ്പ് കൈയ്യും മുഖവും സോപ്പുപയോഗിച്ചു വൃത്തിയാക്കുക എന്ന ലളിതവും, ആവര്‍ത്തിച്ചു പറയുന്നതുമായ കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നതോര്‍ക്കുക. ഭക്ഷണത്തിനു ശേഷം സോപ്പുപയോഗിച്ചു കൈകള്‍ വൃത്തിയാക്കുക എന്നതാണ് മലയാളി ശീലിച്ച സംസ്കാരം. ഭക്ഷണത്തിനു മുമ്പേ കൈകളും, മുഖവും സോപ്പുപയോഗിച്ചു വൃത്തിയാക്കേണ്ട ശീലം നാം ഓരോരുത്തരും പഠിക്കേണ്ടതും, പഠിപ്പിക്കേണ്ടതും ഇത്തരം രോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വളരെ വളരെ അത്യാവശ്യമാണ്. രോഗലക്ഷണങ്ങള്‍ വന്ന ശേഷമാണ് ഇത്തരം രോഗങ്ങള്‍ പരക്കുക. അതുകൊണ്ടുതന്നെ ചുമ, പനി, കഫക്കെട്ട്, ഓര്‍മ വ്യതിയാനം ഇവ കണ്ടാല്‍ ഉടനെ തന്നെ വൈദ്യസഹായം തേടുകയും, മറ്റുള്ളവരുമായി ഇടപെടുന്നതില്‍ നിന്നും അകലം പാലിക്കുകയും ചെയ്താല്‍ ഏതു പകര്‍ച്ചവ്യാധിയും പരക്കുന്നത് തടയാനും സഹായിക്കും. അതുപോലെതന്നെ അസുഖങ്ങള്‍ പരക്കുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയുമാണ്. വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കഴുകി വൃത്തിയാക്കിയ പഴങ്ങള്‍ കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പക്ഷികളും, വവ്വാലുകളും കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക എന്നിവയും വളരെ പ്രധാനമാണ്. ഇത് വ്യക്തിശുചിത്വം. അതേപോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും.
     രോഗം സ്ഥിരീകരിച്ചതിനു ശേഷം എല്ലാ രോഗികളെയും ചികിത്സിക്കാന്‍ ഒറ്റ ഒരു കേന്ദ്രം മതിയെന്ന് തീരുമാനിക്കുകയും അത് കോഴിക്കോട് മെഡിക്കല്‍ കോളെജ് മതി എന്ന് നിശ്ചയിക്കുകയും ചെയ്തു. ആ സമയത്തു മാനസിക സമ്മര്‍ദ്ദം വളരെ അനുഭവിച്ചിരുന്നു. ഞാനും എന്‍റെ കൂടെയുള്ള 76 പേരടങ്ങുന്ന സംഘവും അതിനോടകം തന്നെ നിപ്പ രോഗികളുടെ പരിചരണം മൂലം അപകടകരമായ ഒരു സോണില്‍ എത്തിയിരുന്നു. ഞങ്ങളില്‍ ആര്‍ക്കു വേണമെങ്കിലും നിപ്പ ബാധിക്കാം. ഇതിനു പുറമെ രണ്ടു നഴ്സുമാരും ഒരു പബ്ലിക് റിലേഷന്‍ സ്റ്റാഫും നിപ്പയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. അവര്‍ ഞാന്‍ ജോലി ചെയ്യുന്ന ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു. ഇവരുടെ സാമ്പിള്‍ എല്ലാം പെട്ടെന്ന് അയക്കേണ്ടിവരികയും ചെയ്തു. എന്‍റെ തന്നെ നേതൃത്വത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഞങ്ങള്‍ ഐസിയു സജ്ജമാക്കി. ചികിത്സിക്കാനുള്ള പ്രത്യേക ഏരിയ കണ്ടെത്തുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ നാളെ ആര്‍ക്കാവും നിപ്പ ബാധിക്കുക, ആരാവും ഈ വെന്‍റിലേറ്ററുകളില്‍ കിടക്കുക എന്നെല്ലാം ആലോചിച്ചു ഞങ്ങള്‍ ഓരോരുത്തരും വിഷമിച്ചിരുന്നു എന്നത് നേര്. ഒരു സംഘത്തെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഞാന്‍ ഭയപ്പെടരുതല്ലോ.
     കോഴിക്കോട് നിപ്പ പടര്‍ന്നപ്പോള്‍ ആദ്യത്തെ ഒരു രോഗിയൊഴിച്ചു ബാക്കി പതിനെട്ടു പേര്‍ക്കും രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നാണ്. ഒരു ഷോപ്പിംഗ് മാളില്‍ പോകുന്ന ലാഘവത്തോടെയാണ് മലയാളി എന്നും ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. ആരോഗ്യ സ്ഥാപനങ്ങളില്‍ അനാവശ്യമായി തടിച്ചുകൂടുക, കൂട്ടമായി രോഗിയെ സന്ദര്‍ശിക്കാന്‍ പോകുക എന്നീ ശീലങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. കാരണം ഇനിയും നിപ്പ പോലെയുള്ള ആപത്തുകള്‍ നമ്മളെ പിടികൂടാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നറിയുക.
     നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളാണ് എച്ച്1 എന്‍1, ചിക്കന്‍പോക്സ്, ന്യുമോണിയ തുടങ്ങിയവ. നമ്മുടെ ധാരണ ഇവയ്ക്കെതിരെയുള്ള വാക്സിനുകള്‍ കുട്ടികള്‍ക്ക് മാത്രം നല്‍കാനുള്ളതാണ് എന്നാണ്. മുതിര്‍ന്നവര്‍ക്കായുള്ള മറൗഹേ ്മരരശിമശേീി ുൃീഴൃമാ ഇന്ന് എല്ലാ ആശുപത്രികളിലും ഉണ്ട്. പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖത്തെപ്പറ്റി ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുകയും അത് ഉപയോഗപ്പെടുത്തുകയും വേണ്ടത് നമ്മുടെ മാറിവരേണ്ട ആരോഗ്യ സംസ്കാരമാണ്. രോഗങ്ങളുടെ സ്വഭാവത്തിലും വ്യാപനത്തിലും വ്യത്യാസം വരുന്ന ഈ സാഹചര്യത്തില്‍ അവയെ കുറിച്ചുള്ള നമ്മുടെ നിരീക്ഷണത്തിലും, സമീപനങ്ങളിലും, അറിവിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ഇത് ഒരു പരിധിവരെ ഉള്‍ക്കൊണ്ട ഒരു സമൂഹമാണ് നമ്മുടേത്. നിപ്പയുടെ കാലത്ത് ഇതിന്‍റെ നല്ല വശങ്ങള്‍ നാം കണ്ടതുമാണ്. അതേസമയം ഇതിനെതിരെ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നതും, അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നാം കണ്ടു. അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. ആധികാരികമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും വേണം. എല്ലാത്തിലുമുപരി ഇത്തരം രോഗത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ ഉടലെടുക്കേണ്ടത് അത്യാവശ്യമാണ്.
     മറ്റൊരു പ്രധാനപ്പെട്ട വസ്തുത, പ്രകൃതിയിലെ മറ്റു ജന്തു സസ്യജാലങ്ങളുടെ ആവാസ വ്യവസ്ഥയെ
ക്കുറിച്ചു ബോധ്യമുണ്ടാക്കുകയും, അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. ഇതിന്‍റെ നാശം എന്നത് നമ്മുടെയും നാശമാണ് എന്നറിയുക. ഇത്തരം രോഗങ്ങള്‍ പരക്കാന്‍ ഒരു
പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്.
     ഇത്തരം രോഗങ്ങള്‍ നമ്മിലേക്കെത്താനുള്ള മൂലകാരണം മനസ്സിലാക്കുകയും ആ പരിതഃസ്ഥിതികളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പ്രതിരോധ വാക്സിനുകള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഉപയോഗപ്പെടുത്തുക എന്നതാണ്. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വസ്തുതയായി മാറുന്നത് അപകടകരവുമാണ്.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 220/- 2 Years - 440/- ,3 Years- 660/-

Moolyasruthi Cover

Moolyasruthi Cover
JULY 2019

MOOLYASRUTHI MAGAZINE

Advertisement

Advertisement

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Blog

Recent Posts