അടുത്ത വെള്ളപ്പൊക്കത്തിന് മുന്‍പ് ---- ഡോ.കെ.ജി താര


     കാലാവസ്ഥ മാറുകയാണ്. ഏറ്റവും കൂടുതല്‍ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് തെക്കു-കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ ആണ്. നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മാര്‍, പാക്കിസ്ഥാന്‍, മാലി ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാം വലിയ ദുരന്തങ്ങള്‍ ആണ് ഉണ്ടാകാന്‍ പോകുന്നത്. ഭൂമിയുടെ ശരാശരി ചൂട്, പത്തൊമ്പതാം നൂറ്റാണ്ടിലേതിനേക്കാള്‍ 0.9 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതേയുള്ളൂ. അപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍, ഈ നൂറ്റാണ്ടിന്‍റെ അവസാനം 2.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്ന മുന്നറിയിപ്പിനെ ഭയത്തോടെ മാത്രമേ കാണാന്‍ കഴിയൂ. സൗദി അറേബ്യ പോലെ മുന്‍പ് ചൂട് മാത്രം അനുഭവപ്പെട്ടിരുന്ന സ്ഥലത്ത്, കോരിച്ചൊരിയുന്ന മഴയും, മഴ യഥേഷ്ടം കിട്ടിക്കൊണ്ടിരുന്ന സ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയും അനുഭവപ്പെടുന്നു. മൂന്നാറിലെ കുളിരുള്ള തണുപ്പിന് പകരം പൊഴിയുന്ന മഞ്ഞില്‍, മനുഷ്യരും മരങ്ങളും വിറങ്ങലിച്ചു നില്‍ക്കുകയാണ്. അതെ, കാലാവസ്ഥ മാറുകയാണ്.
പഴയ വീഞ്ഞ്, പുതിയ കുപ്പിയില്‍!
     ദുരന്തനിവാരണ അതോറിറ്റി ദുരന്തങ്ങളെ നേരിടാനായി څപുതിയچ ഒരു ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിച്ചതായി പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുമരാമത്ത്, റവന്യു, പൊലീസ്, അഗ്നിശമനസേന എന്നിങ്ങനെ 19 ലൈന്‍ ഡിപ്പാര്‍ട്മെന്‍റുകള്‍ മഴക്കാലത്തിനു മുന്‍പ് ചെയ്യേണ്ട മുന്നൊരുക്കങ്ങളാണ് ഈ ബുക്കില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ, ഭൂരിഭാഗം നിര്‍ദേശങ്ങളും ഓരോ ഡിപ്പാര്‍ട്മെന്‍റിന്‍റെയും ഇപ്പോള്‍ത്തന്നെ നിലവിലുള്ള ഉത്തരവാദിത്വങ്ങളാണെന്നതാണ് കൗതുകം. ഉദാഹരണമായി, സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങളില്‍ പറയുന്നത്, മഴക്കാലത്തിനു മുന്‍പ് നിലവിലുള്ള എല്ലാ ഡാമുകളുടെയും സുരക്ഷ പരിശോധിക്കണം എന്നാണ്! പൊതുമരാമത്തു വകുപ്പ് (പി.ഡബ്ലിയു.ഡി.) യുടെ ചുമതലയാകട്ടെ, മഴക്കാലത്തിനു മുന്‍പ് എല്ലാ പാലങ്ങളുടെയും ഉറപ്പു പരിശോധിക്കുന്ന ഓഡിറ്റ് നടത്തണമെന്നും! ആരോഗ്യ വകുപ്പ്, മഴക്കാല സാംക്രമിക രോഗങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്നും, അവശ്യം വേണ്ട മരുന്നുകള്‍ എല്ലാ ആശുപത്രികളിലും സൂക്ഷിക്കണമെന്നും ഓറഞ്ചു ബുക്കില്‍ ഉണ്ട്. മൃഗ സംരക്ഷണ വകുപ്പ് ജന്തുക്കളില്‍ കൂടി പടരുന്ന സാംക്രമിക രോഗങ്ങളെ തടയണമെന്നും, റവന്യു വകുപ്പ്, ദുരന്ത ബാധിതരെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ നേരത്തെ നോക്കിവെക്കണമെന്നും څപുതിയچ നിര്‍ദേശങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. വാസ്തവത്തില്‍, പുതുമ അവകാശപ്പെടാവുന്നത് രാവിലെ 6 മണിക്കും, വൈകിട്ട് 6 മണിക്കും ഇടയില്‍ ഒരു കാരണവശാലും ഡാമുകളില്‍ നിന്ന് വെള്ളം തുറന്നു വിടരുതെന്നും, ഒന്നാമത്തെയും, മൂന്നാമത്തെയും മുന്നറിയിപ്പുകള്‍ (അലര്‍ട്ട്) ക്കിടയില്‍ 24 മണിക്കൂര്‍ സമയം ഉണ്ടായിരിക്കണമെന്നുമുള്ള ചുരുക്കം ചില നിര്‍ദേശങ്ങള്‍ക്ക് മാത്രമാണ്.
     ഈ ഓറഞ്ച് ബുക്കിന്‍റെ ഏറ്റവും വലിയ പരിമിതി, വെള്ളപ്പൊക്കത്തിന് മുന്‍പും, ആ സമയത്തും, അതിനു ശേഷവുമൊക്കെ ഓരോ ഡിപ്പാര്‍ട്മെന്‍റും എന്തൊക്കെ ചെയ്യണമെന്ന കര്‍മപരിപാടികള്‍ പറയുമ്പോഴും, അപകട സാധ്യതയുള്ള സ്ഥലത്തു താമസിക്കുന്ന ആളുകള്‍ ഓറഞ്ച്, റെഡ് എന്നിങ്ങനെയുള്ള അലര്‍ട്ടുകളില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിവില്ലാതെ പോകുന്നു എന്നതാണ്. എന്ത് മുന്നറിയിപ്പ് കിട്ടിയാലും, അധികാരികളുടെ നിര്‍ദ്ദേശത്തിനു കാത്തിരിക്കേണ്ടി വരിക എന്നത് അത്ര ആശാസ്യമല്ല. മാത്രവുമല്ല, ശാശ്വതവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരമാര്‍ഗങ്ങള്‍ ഈ ബുക്കില്‍ വളരെ കുറവാണെന്നു തന്നെ പറയാം. സര്‍ക്കാരിന് ചെയ്യാവുന്ന ചില കാര്യങ്ങളെപ്പറ്റി മാത്രം ഇവിടെ പറയാം.
വെള്ളപ്പൊക്ക ഭൂപടങ്ങള്‍ (എഹീീറ കിൗിറമശേീി ങമുെ)
     ഓരോ ജില്ലയിലെയും താഴ്ന്നതും, വെള്ളം കയറാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിവക്കുക എന്നതാണതില്‍ ഏറ്റവും മുഖ്യം. മുന്‍കാലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര കയറി, ഓരോ സ്ഥലത്തും പെയ്യുന്ന ശരാശരി മഴയുടെ കണക്കെത്രയാണ്, അണക്കെട്ടു തുറന്നുവിടേണ്ടി വന്നാല്‍ ഉദ്ദേശം എത്ര വെള്ളം ഒഴുകി എങ്ങോട്ടൊക്കെ പോകും എന്നിങ്ങനെ പല കാര്യങ്ങള്‍ ഈ ഭൂപടത്തില്‍ രേഖപ്പെടുത്തിവയ്ക്കണം. വാര്‍ഡടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ വ്യക്തമായി കാണത്തക്കവിധത്തില്‍ ഉള്ള സ്കെയിലില്‍ വേണം ഇത്തരം മാപ്പുകള്‍ തയ്യാറാക്കാന്‍.
     കേരളത്തില്‍ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ദുരന്തസാധ്യതാ മാപ്പുകള്‍ 1 : 50000 എന്ന സ്കെയിലില്‍ ആണ്. അതായത്, ഭൂമിയിലെ 500 മീറ്റര്‍ സ്ഥലത്തെ വീടുകള്‍, പാലങ്ങള്‍, പാടങ്ങള്‍ എന്നിവ ഭൂപടത്തില്‍ ഒരു സെന്‍റിമീറ്റര്‍ സ്ഥലത്ത് രേഖപ്പെടുത്തണം എന്നര്‍ത്ഥം. അഞ്ഞൂറ് മീറ്റര്‍ സ്ഥലത്തുള്ള എല്ലാ വീടുകളും കടകളും പാലങ്ങളും ഒരു സെന്‍റിമീറ്ററില്‍ ഒതുക്കുക എന്നത് സാദ്ധ്യമല്ലാത്തതുകൊണ്ടു, വളരെ വലിയ കെട്ടിടങ്ങള്‍ മാത്രമെ ഈ സ്കെയിലില്‍ ഉള്ള മാപ്പില്‍ രേഖപ്പെടുത്തുകയുള്ളൂ. ചെറിയ വീടുകള്‍, കൂരകള്‍, പെട്ടിക്കടകള്‍ തുടങ്ങിയവ ഒഴിവാക്കപ്പെടും. വാര്‍ഡടിസ്ഥാനത്തില്‍ എത്ര വീടുകളില്‍ വെള്ളം കയറും, എവിടെയൊക്കെ വെള്ളം കയറും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ മാപ്പുകള്‍ ഒട്ടും തന്നെ പര്യാപ്തമല്ല എന്ന് സാരം. എന്തെങ്കിലും രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെങ്കില്‍ 1:200 അഥവാ, 1:500 എന്ന സ്കെയിലില്‍ ഉള്ള മാപ്പുകള്‍ എങ്കിലും വേണം (ബീഹാറും ഒഡീഷയും മാത്രമാണ് ഇത്തരത്തിലുള്ള വെള്ളപ്പൊക്ക ഭൂപടങ്ങള്‍ തയ്യാറാക്കിയ സംസ്ഥാനങ്ങള്‍). ഇക്കാര്യം ശാസ്ത്രജ്ഞന്മാര്‍ക്ക് അറിവുള്ളതാണെങ്കിലും നിലവിലുള്ള മാപ്പുകള്‍ക്കു പോരായ്മകളില്ല എന്ന് സര്‍ക്കാരിനെ ഏതെങ്കിലും രീതിയില്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രാദേശിക ദുരന്തനിവാരണ പദ്ധതികള്‍
     മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. വാട്ടര്‍ അതോറിറ്റിയും, ഇലക്ട്രിസിറ്റി ബോര്‍ഡും, ജലസേചന വകുപ്പും എത്ര അടിയന്തര കര്‍മപദ്ധതി തയ്യാറാക്കിയാലും, തദ്ദേശവാസികള്‍ക്ക് ഓരോ ദുരന്ത സമയത്തും എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങോട്ട് പോകണം, സുരക്ഷിത സ്ഥാനങ്ങള്‍ എവിടെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയില്ലെങ്കില്‍ മരണസംഖ്യയും, ആഘാതവും കൂടും. ഓരോ സന്ദര്‍ഭത്തിലും, ഉദ്യോഗസ്ഥര്‍ വന്നു നിര്‍ദേശം നല്‍കിയാല്‍ മാത്രമെ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ പറ്റുന്നുള്ളൂ എന്ന സ്ഥിതിവിശേഷം അത്ര നല്ലതല്ല.
     അവനവന്‍ താമസിക്കുന്ന സ്ഥലത്തു എന്തൊക്കെ അപകടം ഉണ്ടാകാമെന്നും, എത്ര തീവ്രത ഉണ്ടാകുമെന്നും മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം, വിദഗ്ധരുടെ സഹായത്തോടെ, നാട്ടുകാര്‍ തന്നെ ദുരന്തനിവാരണ പ്ലാനുകള്‍ തയ്യാറാക്കണം. ഓരോരോ പ്രദേശത്തും താമസിക്കുന്നവര്‍ ദുരന്തത്തിന് മുന്‍പ്, ദുരന്ത സമയത്ത്, ദുരന്തത്തിന് ശേഷം എന്തൊക്കെ ചെയ്യണം എന്നതാണ് ഈ പ്ലാനുകളില്‍ വിവരിക്കേണ്ടത്. പഞ്ചായത്തുകളുടെ അംഗീകാരം കൂടി നേടിക്കഴിഞ്ഞാല്‍ ഈ പ്ലാനുകള്‍ നടപ്പിലാക്കുന്നതിന് അവരുടെ സഹായവും കിട്ടും. വിദഗ്ധരുടെ സഹായത്തോടെ നാട്ടുകാര്‍ തന്നെ തയ്യാറാക്കുന്നതുകൊണ്ട് പ്രത്യേക പരിശീലനവും വേണ്ടിവരുന്നില്ല എന്ന ഗുണവും ഉണ്ട്. ഇത്തരത്തില്‍ തയ്യാറാക്കുന്ന ദുരന്തനിവാരണ പദ്ധതികളെ തദ്ദേശദുരന്തനിവാരണ പദ്ധതികള്‍, അഥവാ കമ്മ്യൂണിറ്റി ഡിസാസ്റ്റര്‍ പ്രിപ്പേര്‍ഡ്നെസ്സ് പ്ലാനുകള്‍ എന്നാണു പറയുന്നത്. ദുരന്തനിവാരണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഇതുതന്നെയാണ്.
വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന കെട്ടിട നിര്‍മാണ ചട്ടങ്ങള്‍
     ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള പുനര്‍നിര്‍മാണ പദ്ധതികളില്‍ ഒന്നും ഈ പ്രകൃതി ദുരന്തത്തെ പ്രതിരോധിക്കുന്ന കെട്ടിടങ്ങള്‍ ഉണ്ടാക്കുന്ന കാര്യം ചര്‍ച്ചാവിഷയമായി കണ്ടില്ല. ഇത്തരത്തില്‍ ഒരു രൂപകല്‍പ്പന ഉണ്ടാക്കുന്നതിന് സംസ്ഥാനത്തെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളോടും, എഞ്ചിനീയറിംഗ് കോളെജുകളോടും സര്‍ക്കാരിന് സഹകരണം ആവശ്യപ്പെടാവുന്നതേയുള്ളൂ.
അവഗണിക്കപ്പെടുന്ന പ്രകൃതിദത്ത ലഘൂകരണ മാര്‍ഗങ്ങള്‍
     ഒന്നുകില്‍ മാറ്റിപ്പാര്‍പ്പിക്കുക അല്ലെങ്കില്‍ കോണ്‍ക്രീറ്റ് തടയണ, കോണ്‍ക്രീറ്റ് മതില്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുക. ഈ രണ്ടു മാര്‍ഗങ്ങള്‍ അല്ലാതെ വെള്ളം കയറിയിറങ്ങിയ സ്ഥലങ്ങളില്‍ പ്രകൃതിദത്ത ലഘൂകരണ മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള സാധ്യത സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നതായി കാണുന്നില്ല. വെള്ളപ്പൊക്ക ലഘൂകരണ മാര്‍ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റിയത് ഹരിത വേലികള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവ വച്ചുപിടിപ്പിക്കലാണ്.
     നാല് പതിറ്റാണ്ടുകളായി മുള, ബ്ലാക് പൈന്‍ എന്ന വൃക്ഷം തുടങ്ങിയവ നട്ടുപിടിപ്പിച്ച് ജപ്പാന്‍ അവിടെ ഒരു ഹരിതശൃംഖല തീര്‍ക്കുകയാണ്. څസെന്‍റായ്چ കടല്‍ത്തീരമുള്‍പ്പെടെ 1640 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് പ്രാദേശിക സഹകരണത്തോടെ ഹരിത വേലികള്‍ തീര്‍ത്തു കഴിഞ്ഞു. ഇങ്ങനെ നടുന്ന മുളയില്‍ നിന്നും, മരങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് കുറെക്കൂടെ മെച്ചപ്പെട്ട ജീവിതത്തിനു സാഹചര്യം ഒരുക്കുന്നതുകൊണ്ട് തീരദേശനിവാസികളും വലിയ പിന്തുണ കൊടുക്കുന്നുണ്ട്. തമിഴ്നാട്ടിലെ പിച്ചാവരം എന്ന പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ 2004 ലെ സുനാമിയില്‍ നിന്ന് പോലും പ്രദേശവാസികളെ രക്ഷപ്പെടുത്തിയ കാര്യവും മറക്കാറായിട്ടില്ല. കേരളത്തില്‍ എഴുപതുകളില്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് 6.63 ചതുരശ്രകിലോമീറ്റര്‍ ആയി എന്നതാണ് നമ്മുടെ നേട്ടം!

കുന്നുകളുടെ സംരക്ഷണം
     കമഴ്ത്തി വച്ച തണ്ണീര്‍ക്കുടങ്ങളാണ് കുന്നുകള്‍. മലയിറങ്ങി വരുന്ന മഴ സമതലത്തില്‍ എത്താന്‍ കുറച്ചു സമയം എടുക്കും. വരുന്ന വഴിയിലെ ചെടികളും, മണ്ണും, മരങ്ങളും കുറെയേറെ വെള്ളം വലിച്ചെടുക്കും. അത്രയും കുറച്ചു വെള്ളമേ മലയുടെ അടിവാരത്തില്‍ എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിനെ പ്രകൃതിദത്തമായി നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം കുന്നുകളെയും മലകളെയും നിലനിര്‍ത്തുക എന്നതാണ്. കുന്നുകള്‍ നിരത്തുമ്പോള്‍ പ്രാദേശിക കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരുമെന്നും, രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും, മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും കാരണമാവുന്നുവെന്നും, അവ സംരക്ഷിക്കേണ്ട ചുമതല ഉണ്ടെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് څപൂനയിലെ 350 ഓളം ഗവണ്‍മെന്‍റേതര സംഘടനകളും വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളും ഐ.ടി മേഖലയിലെയും അല്ലാത്തതുമായ വ്യവസായ കമ്പനികളും ചേര്‍ന്ന് കുന്നുകളെയും പച്ചപ്പുകളെയും സംരക്ഷിക്കാന്‍ څഗ്രീന്‍ പൂനെ മൂവ്മെന്‍റ്چچഎന്ന ഒരു സംരംഭം തുടങ്ങിയത്. 2002 മുതല്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സംരംഭം, പങ്കാളിത്ത പരിസ്ഥിതി സംരക്ഷണത്തിന് നല്ല ഒരു ഉദാഹരണമാണ്. കേരളത്തിലോ, പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന് പറഞ്ഞ മഹാനായ ശാസ്ത്രജ്ഞനെ (ഗാഡ്ഗില്‍) നമ്മള്‍ നിരാകരിച്ചു, പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികള്‍ മാത്രം ആയിരത്തി എഴുന്നൂറോളം (1700) വരുമെന്നാണ് കണക്ക്!
ഫ്ളഡ് പ്ലെയിന്‍ സോണിങ്ങും (എഹീീറ ജഹമശി ദീിശിഴ), നിര്‍മാണ നിരോധനവും
     മഴക്കാലത്തു നദികള്‍ ഇതുവശങ്ങളിലെയും കരഭാഗത്തു കൂടി പരന്നൊഴുകും. ഈ ഭൂവിഭാഗമാണ് څഫ്ളഡ് പ്ലെയിന്‍چ (എഹീീറ ജഹമശി) എന്നറിയപ്പെടുന്നത്. പരന്നൊഴുകുമ്പോള്‍, നദിയുടെ വേഗത കുറയുകയും, മലയുടെ മുകളില്‍ നിന്നും ഒഴുക്കിക്കൊണ്ടുവരുന്ന എക്കലും, മണലും അവിടെ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന സമതലങ്ങളാണ് څഫ്ളഡ് പ്ലെയിനുകള്‍چ. ഈ പ്രദേശം നദിക്കു അവകാശപ്പെട്ടതാണ്. ഏറ്റവും ഫലഭൂയിഷ്ഠമായതും ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിക്കുന്ന പ്രദേശവും ഇതുതന്നെ.
     ഈ സമതലങ്ങള്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ വെള്ളം കയറുന്നവ, 25 വര്‍ഷത്തില്‍ വെള്ളം കയറുന്നവ, അമ്പതു വര്‍ഷത്തിലും, 100 വര്‍ഷത്തിലും വെള്ളപ്പൊക്കം അനുഭവപ്പെടുന്നവ എന്നിങ്ങനെ വേര്‍തിരിച്ചു മേഖലകളായി തരംതിരിക്കേണ്ടതുണ്ട്. ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ വെള്ളം കയറുന്ന മേഖലകളില്‍ ഒരു കാരണവശാലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്.
     പക്ഷെ, നമ്മുടെ നദികളുടെ തീരങ്ങളെല്ലാം സ്വകാര്യ വ്യക്തികളും ഭൂമാഫിയകളും കൈയ്യേറിയിരിക്കുകയാണ്. കോടതി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്‍റെ പല ഔദ്യോഗിക കെട്ടിടങ്ങളും ഇത്തരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ തന്നെയാണ് എന്നതും ഗുരുതരമായ നിയമലംഘനമാണ്. ഫ്ളഡ് പ്ലെയിന്‍ റെഗുലേഷന്‍ ആക്ട് എന്ന 1975 ലെ ഈ കേന്ദ്ര വിജ്ഞാപനമനുസരിച്ചു വെള്ളപ്പൊക്ക സമതലങ്ങള്‍ മേഖലകളായി തരംതിരിച്ചത്  ബീഹാര്‍ എന്ന സംസ്ഥാനം മാത്രമാണ്. പക്ഷെ, നിര്‍മാണത്തിന് അവര്‍ നിരോധനം ഏര്‍പ്പെടുത്തിയില്ല! കേരളത്തില്‍, മേഖലകളായി തരംതിരിക്കുകയോ, നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.
മഴവെള്ള സംഭരണികളും, മഴക്കുഴികളും നിര്‍ബന്ധമാക്കണം
     ഓരോ വീട്ടിലും സ്കൂളിലും ഓഫീസിലും പെയ്യുന്ന മഴയെ സംഭരിച്ചു വയ്ക്കാന്‍ മഴക്കുഴികളും മേല്‍ക്കൂര സംഭരണികളും നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണം. പെയ്യുന്ന മഴയുടെ മൂന്നിലൊന്നു ഇങ്ങനെ ഭൂമിക്കടിയില്‍ സംഭരിക്കാനാകും. ഈ ഭൂഗര്‍ഭജലം നദികളിലേക്കും കിണറുകളിലേക്കും ഒഴുകി നിറഞ്ഞു നമുക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടും. ബാംഗ്ലൂര്‍ നഗരത്തില്‍, എല്ലാ വീടുകള്‍ക്കും മേല്‍ക്കൂരയിലെ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കിക്കഴിഞ്ഞു. ഇങ്ങനെ ചെയ്യാത്ത വീടുകള്‍ക്ക് വെള്ളത്തിന്‍റെ ബില്ലിന്‍റെ കൂടെ 25% പിഴയും ചുമത്തി! കേരളത്തില്‍, പുതിയ വീടുകള്‍ക്ക് മാത്രമെ ഈ നിയമം ബാധകമാക്കിയിട്ടുള്ളൂ.
ചൈനയിലെ സ്പോഞ്ച് സിറ്റികള്‍
     ചൈനയില്‍ 2050 ഓടെ 30 സിറ്റികള്‍ പെയ്യുന്ന മഴ മുഴുവനും വലിച്ചെടുത്തു സംഭരിക്കാന്‍ പറ്റുന്ന രീതിയില്‍ സജ്ജമാകും. മേല്‍ക്കൂരയില്‍ ചെടികള്‍ വച്ചുപിടിപ്പിച്ചും, റോഡുകളും പാലങ്ങളും സ്പോഞ്ച് പോല മഴ വലിച്ചെടുക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്തും വെള്ളപ്പൊക്കത്തെ വരുതിയിലാക്കാന്‍ ചൈന തയ്യാറാവുകയാണ്. നമ്മുടെ നഗര കാര്യാലയങ്ങള്‍ക്കും, പഞ്ചായത്തുകള്‍ക്കും ഈ മാതൃക പിന്തുടരാവുന്നതേ ഉള്ളൂ.

പകരം ഉപജീവന മാര്‍ഗം (അഹലേൃിമശ്ലേ ഘശ്ലഹശവീീറ)
     മഴയും കാറ്റും വരുമ്പോള്‍, കടലില്‍ മത്സ്യ ബന്ധനത്തിനു പോകരുത് എന്ന ഒരു സ്ഥിരം മുന്നറിയിപ്പ് നല്‍കി ഉത്തരവാദിത്വം അവസാനിപ്പിക്കുന്നതാണ് പതിവ് ശൈലി. 8 ലക്ഷത്തോളം ആളുകള്‍ കടലിനെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. ഒരു ദിവസം കടലില്‍ പോയില്ലെങ്കില്‍ അവരുടെ അന്നമാണ് മുട്ടുന്നത്. അതുപോലെ തന്നെയാണ് കര്‍ഷകരും. കൂണ്‍ കൃഷി, മത്സ്യവും കാര്‍ഷിക വിഭവങ്ങളും കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവ പരീക്ഷിക്കാവുന്ന മാതൃകകളാണ്. തീരദേശവാസികള്‍ക്കും, കൃഷിക്കാര്‍ക്കും പകരം അതിജീവന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാനും, അതില്‍ പരിശീലനം നല്‍കാനും ഇനിയും താമസിച്ചുകൂടാ.
സമഗ്ര ദുരന്തനിവാരണ പോളിസി
     ഇരുപതില്‍പ്പരം ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കടല്‍ത്തീരത്തു താമസിക്കുന്നവരും, കൃഷിക്കാരും, സ്വന്തമായി പാര്‍പ്പിടമില്ലാത്തവരും, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണ് ദുരന്തങ്ങളില്‍ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത്. ദുരന്തസാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ക്കു ഒരു ഇന്‍ഷുറന്‍സ് പോളിസി ഏര്‍പ്പെടുത്തിയാല്‍, വലിയൊരളവു വരെ സഹായകമാകും. കുറഞ്ഞ വരുമാനമുള്ളവര്‍ക്കു കുറഞ്ഞ പ്രീമിയവും, പണക്കാര്‍ക്ക് ഉയര്‍ന്ന പ്രീമിയവും നിശ്ചയിച്ചുകൊണ്ടുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസിയുടെ കരട് രൂപം വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യു ഡിപ്പാര്‍ട്മെന്‍റിന് സമര്‍പ്പിച്ചിരുന്നു. അത് പിന്നീട് വെളിച്ചം കണ്ടിട്ടില്ല.
തദ്ദേശീയ കര്‍മ സേനകള്‍
     ഒരു ദുരന്തം ഉണ്ടാകുമ്പോള്‍, പൊലീസും അഗ്നിശമന സേനയും എത്തുന്നതിനു മുന്‍പ് അവിടെ എത്തുന്നത് അന്നാട്ടിലെ ജനങ്ങളാണ്. ഒരു ശാസ്ത്രീയ പരിശീലനവും ഇല്ലാതെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുത്ത ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം, പ്രഥമശുശ്രൂഷ എന്നിവയില്‍ ശാസ്ത്രീയ പരിശീലനം കൊടുത്തു സജ്ജമാക്കി നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുത്താല്‍, ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ പറ്റും.
ഹോങ്കോങ്ങിലെ പ്രളയ ജലവാഹിനികള്‍
     ഹോങ്കോങ്ങ് നഗരത്തില്‍, പ്രളയജലം വഹിച്ചുകൊണ്ട് പോകാന്‍ പ്രത്യേകം ജലവാഹിനികള്‍ ഉണ്ട്. ഈ ഓടകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം, ഭൂമിക്കടിയിലെ വലിയ സംഭരണികളില്‍ ശേഖരിച്ചുവയ്ക്കും. മൊത്തം ജല ആവശ്യങ്ങളുടെ 18% ഈ ജലം പുനഃചംക്രമണം നടത്തിയാണ് എടുക്കുന്നത്. നമ്മുടെ നാട്ടില്‍, പ്രത്യേകം ഓടകള്‍ കെട്ടുന്നതിന് സ്ഥല പരിമിതി ഉണ്ട്. നിലവിലുള്ള ഓടകളുടെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പൊളിച്ചു കളഞ്ഞു വെള്ളം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ വെള്ളപ്പൊക്കത്തിന്‍റെ കാഠിന്യം വലിയൊരളവുവരെ കുറയ്ക്കാനാകും.
ദുരന്തനിവാരണം പാഠപുസ്തകങ്ങളിലൂടെ
     ഓരോ പ്രദേശത്തെയും ജനങ്ങളെ പരിശീലിപ്പിക്കുന്നതിലും എത്രയോ ഭേദമാണ് സ്കൂള്‍ തലത്തില്‍ കുട്ടികളെ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നത്. ഇപ്പോള്‍, സി.ബി.എസ്.ഇ ക്ലാസ്സുകളില്‍ ദുരന്തനിവാരണം ഒരു പാഠ്യവിഷയമായുണ്ട്. ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിങ്ങനെ ഓരോ ദുരന്തസമയത്തും എന്ത് ചെയ്യാം, എന്ത് ചെയ്തുകൂടാ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സ്റ്റേറ്റ് സിലബസിലും കൂടി ഉള്‍പ്പെടുത്തിയാല്‍ അടുത്ത തലമുറ ദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ളവരായി വളരും.
വലിയ വീടുകളും ടൈല്‍സിട്ട മുറ്റങ്ങളും നിരോധിക്കാന്‍ നിയമം വേണം
     ഒന്നില്‍ കൂടുതല്‍ വീടുകള്‍ വയ്ക്കുന്ന സംസ്കാരം കേരളത്തില്‍ ഒരു രോഗം പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. അതും, മുറ്റം നിറഞ്ഞുനില്‍ക്കുന്ന വലിയ വീടുകള്‍! കോണ്‍ക്രീറ്റ് അടിത്തറ പാകിയ സ്ഥലത്തു കൂടി മഴവെള്ളം ഭൂമിക്കടിയിലേക്ക് ഇറങ്ങില്ല. ടൈല്‍സിനിടയില്‍ കൂടിയും വെള്ളം താഴേക്ക് പോകില്ല. ഈ മഴവെള്ളം മുഴുവന്‍ റോഡിലേക്കും, താഴ്ന്ന പ്രദേശങ്ങളിലേക്കും, വെള്ളപ്പൊക്കത്തിന്‍റെ രൂപത്തില്‍ കയറിവരും. 2016 ലെ സംസ്ഥാന ദുരന്തനിവാരണ പ്ലാനില്‍ പറയുന്നത് കേരളത്തിലെ 14.8 ശതമാനം ഭൂവിഭാഗവും വെള്ളപ്പൊക്ക ഭീഷണിയില്‍ ആണെന്നാണ്.
     മലയും, പാറകളും ഇല്ലാതാകുന്നത് വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതില്‍ എത്ര പങ്കുവഹിക്കുന്നുണ്ടെന്ന് അറിയാത്ത പൊതുജനങ്ങളും, മുതലാളിമാരും, ഭരണാധികാരികളും ഉള്ളിടത്തോളം കാലം, വെള്ളപ്പൊക്കങ്ങള്‍ വന്നുകൊണ്ടേയിരിക്കും.
Share:

ശ്രാദ്ധം ------- ഗ്രേസി


     ആദ്യം നാണംകുണുങ്ങി ഉമ്മറത്ത് വന്ന് എന്തോ പിറുപിറുത്തും പിന്നെ രൗദ്രഭാവം പൂണ്ട് ഇരമ്പിയാര്‍ത്ത് അകത്തേയ്ക്ക് കയറിയും വെള്ളം ഞങ്ങളെ പരിഭ്രാന്തരാക്കി. അടുത്ത വീട്ടിലെ മുകള്‍നിലയില്‍ കുടുങ്ങി വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുമ്പോള്‍ സഹായത്തിനു ഞാന്‍ പലരേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവരൊക്കെയും സൗമനസ്യത്തോടെ ചങ്ങലക്കണ്ണികള്‍ പോലെ പെരുകിയ ഫോണ്‍ നമ്പറുകള്‍ കണ്ട് ഞാന്‍ അന്ധാളിച്ചു. ഭൂമി മാത്രമല്ല, നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉരുണ്ടതാണെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. ചുറ്റിത്തിരിഞ്ഞ് ഞാന്‍ തുടങ്ങിയിടത്തു തന്നെ എത്തിച്ചേര്‍ന്നു.
     സഹായസംവിധാനവുമായി ബന്ധപ്പെടുന്നവരൊക്കെ ഒരു കാര്യം മറന്നു, പ്രളയത്തില്‍ മുങ്ങിപ്പോയ ഒരു നാട്ടില്‍ വൈദ്യുതി വിതരണം ഉണ്ടാവുകയില്ലെന്ന്. സുരക്ഷിതരായ അവര്‍ക്ക് അത് ഓര്‍ക്കേണ്ട കാര്യവുമില്ല. വൈദ്യുതിയില്ലാഞ്ഞ്, കൂട്ടത്തിലുണ്ടായിരുന്നവരുടെ സ്മാര്‍ട് ഫോണുകള്‍ ആദ്യം നിശ്ശബ്ദമായി. ബൈബിളില്‍ മണവാളനെ കാത്തിരുന്ന എട്ട് കന്യകമാരുടെ കഥ പൊടുന്നനെ എനിക്ക് ഓര്‍മകിട്ടി. ക്ഷേമാന്വേഷകരെ ഞാന്‍ നിഷ്ക്കരുണം തള്ളിപ്പുറത്താക്കി. എങ്കിലും എന്‍റെ ഫോണും വൈകാതെ നിശ്ശബ്ദമായി. രക്ഷപ്പെട്ട് അനുജത്തിയുടെ വീട്ടിലെത്തിച്ചേര്‍ന്നപ്പോഴും എന്‍റെ തലയ്ക്കകത്ത് ഫോണിന്‍റെ റിംഗ്ടോണ്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നു. അതെന്‍റെ സമനില തെറ്റിക്കുമെന്നായപ്പോള്‍ ഞാന്‍ റിംഗ്ടോണ്‍ മാറ്റി. കൂനിന്മേല്‍ കുരുപോലെ, മഞ്ഞുകട്ടയോളം തണുത്ത പ്രളയജലം എന്‍റെ ആരോഗ്യം തകര്‍ത്തു. എനിക്ക് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവന്നു.
     പ്രളയം കനക്കവെ ബന്ധപ്പെട്ട മന്ത്രി ചാനലുകളുടെ മൈക്കിന് മുന്നില്‍ നിന്ന് പലതും പറഞ്ഞു; അസുഖകരമായതുപോലും. ഈ ജനത ഇതൊക്കെ അര്‍ഹിക്കുന്നുണ്ടോയെന്ന് ഞാന്‍ അമര്‍ഷം കൊണ്ടു. എങ്കിലും മഴ കനത്തപ്പോള്‍, പ്രകൃതിയുടെ നാഡിമിടിപ്പ് മറ്റാരെക്കാളും ഗ്രാമീണനായ മന്ത്രിക്ക് മനസ്സിലാവും എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. എട്ടു കോടിക്ക് വൈദ്യുതി വില്‍ക്കാനാവുമെന്ന്. അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് മേല്‍ പ്രളയം നൂറിരട്ടി നാശനഷ്ടങ്ങളുമാണ് വിതച്ചത്. കേരളം ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടു എന്നൊക്കെ നമ്മള്‍ മേനി നടിച്ചെങ്കിലും വൈകാതെ എല്ലാം പഴയ ചാലില്‍ത്തന്നെ വന്നുവീണു എന്നതാണ് സത്യം.
     പ്രളയത്തിന്‍റെ കെടുതി അനുഭവിച്ചവരില്‍ നിന്ന് പോലും സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളവും പെന്‍ഷനും പിടിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചതുപോലെയായി. എതിര്‍പ്പ് മൂലം സര്‍ക്കാര്‍ അതില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും അധികാരം എപ്പോഴും ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കാനുള്ളതാണെന്നും അതിന് ഇടത് - വലത് ഭേദമില്ലെന്നുമുള്ള പാഠം ഉറച്ച് കിട്ടി. സര്‍ക്കാര്‍ തന്ന പതിനായിരം രൂപ വീട് കഴുകി വൃത്തിയാക്കാന്‍ പോലും തികഞ്ഞിരുന്നില്ല. ജനം ഇപ്പോഴും പ്രളയക്കെടുതിയില്‍ തന്നെയാണ്. പൊടിഞ്ഞുപോവുന്ന മരയുരുപ്പടികള്‍, തുരുമ്പിച്ച് തകരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍...
     കണ്ണും മൂക്കുമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ മൂലം പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കും. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ ജനദ്രോഹ നടപടികള്‍ തുടരുകയും ചെയ്യും.
Share:

ഷീല - സിനിമയുടെ കാലഭേദങ്ങള്‍ കടന്ന് --ഹര്‍ഷ സരസ്വതി


     കറുത്തമ്മയെന്നും ചട്ടമ്പിക്കല്ല്യാണിയെന്നും കള്ളിച്ചെല്ലമ്മയെന്നും കൊച്ചുത്രേസ്യയെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് ഒരേയൊരു മുഖമാണ് - ഷീല, മലയാളികളുടെ നിത്യഹരിത നായിക. ആദ്യം കറുപ്പും വെളുപ്പും കലര്‍ന്ന തിരശ്ശീലയിലും പിന്നെ വര്‍ണങ്ങള്‍ വിരിയുന്ന സ്ക്രീനിലും മലയാളികളുടെ ഷീലാമ്മയ്ക്ക് ഒരേ സൗന്ദര്യം, ഒരേ സൗകുമാര്യം. സിനിമ എന്ന വലിയ ലോകത്തേക്ക് സ്ത്രീകള്‍ എത്തിനോക്കുന്നതു പോലും തെറ്റായി കരുതിയിരുന്ന കാലത്താണ് തൃശ്ശൂര്‍ കണിമംഗലം സ്വദേശി ആന്‍റണിയുടേയും ഗ്രേസിയുടേയും മകള്‍ ഷീല സെലിന്‍ സിനിമയിലേക്ക് ചുവടുവയ്ക്കുന്നതും മറ്റാര്‍ക്കും സ്വപ്നം പോലും കാണാനാകാത്ത ഉയരങ്ങള്‍ എത്തിപ്പിടിക്കുന്നതും. പതിമൂന്നാം വയസില്‍ വീട്ടുകാരുടെ എതിര്‍പ്പുകളെ പോലും അതിജീവിച്ച് അവര്‍ നാടകരംഗത്തെത്തി. റെയില്‍വേ തൊഴിലാളികള്‍ ഒരുക്കിയ നാടകത്തില്‍ മറ്റൊരാള്‍ക്കു പകരക്കാരിയായിട്ടായിരുന്നു അരങ്ങേറ്റം. സ്റ്റേഷന്‍ മാസ്റ്ററായിരുന്ന അച്ഛന്‍റെ മരണശേഷം അമ്മയും പന്ത്രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റുക എന്ന ഉത്തരവാദിത്വം ഷീലയെ സിനിമയിലേക്ക് എത്തിച്ചു.
    അവിടെ നിന്നു ഷീല നടന്നും ഓടിയും കയറിയത് ചരിത്രത്തിലേക്കായിരുന്നു. ചുണ്ടില്‍ നിറഞ്ഞ ചിരിയോടെ സിനിമാ പ്രേമികളുടെ മനം നിറച്ചുകൊണ്ട് മുന്നേറി. നായികമാര്‍ നിരവധി വന്നുപോയപ്പോഴും ഷീലയ്ക്കു പകരംവയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അരനൂറ്റാണ്ട് എത്തിനില്‍ക്കുന്ന അഭിനയ യാത്രയ്ക്കിടയില്‍ ഷീല ജീവന്‍ നല്‍കിയത് മലയാള സാഹിത്യത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്കായിരുന്നു. മലയാളത്തിലും തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും ഉര്‍ദുവിലുമായി അഞ്ഞൂറോളം ചിത്രങ്ങള്‍. പുരുഷന്മാര്‍ സിനിമാ ലോകം കൈയടക്കി വച്ചിരുന്നകാലത്ത് മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍ സാറ്റായി മാറിയ ഷീലയുടെ യാത്ര ഇന്ന് എത്തിനില്‍ക്കുന്നത് മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന്‍റെ നിറവിലാണ്.
     മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ സിനിമയ്ക്കൊപ്പം നടന്ന ഷീല സിനിമാസ്വാദകര്‍ക്കു സമ്മാനിച്ചത് ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ നിറഞ്ഞാടിയ ഒരു യുഗമാണ് - ഷീലായുഗം.
വേഷപ്പകര്‍ച്ചകളുടെ റാണി
     താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ വൈവിധ്യം നിറഞ്ഞതാകണമെന്നു ഷീലയ്ക്കു നിര്‍ബന്ധമായിരുന്നു. ഓരോ കഥാപാത്രവും ആവശ്യപ്പെടുന്ന സംസാര-ശാരീരിക ഭാഷകള്‍ നിലനിര്‍ത്താന്‍ ഷീല പ്രത്യേകം ശ്രദ്ധിച്ചു. കടപ്പുറത്തു ജീവിക്കുന്ന അരയപ്പെണ്ണായും ബംഗ്ലാവില്‍ ജീവിക്കുന്ന കൊച്ചമ്മയായുമൊക്കെ ഞൊടിയിടയില്‍ മാറാന്‍ നിഷ്പ്രയാസം സാധിച്ചു എന്നത് അവരിലെ കലാകാരിയുടെ മികവായിരുന്നു. ഷീലയെ മാത്രം ആശ്രയിച്ച്, അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍. ഒപ്പം നില്‍ക്കുന്ന നായകന്മാരെപ്പോലും പ്രേക്ഷകന്‍റെ കണ്ണില്‍ നിന്ന് മറയ്ക്കാന്‍ ഷീലയ്ക്കായി. അത്രയേറെ ശക്തമായിരുന്നു അവരുടെ സ്ക്രീന്‍ പ്രസന്‍സ്. വേഷപ്പകര്‍ച്ചകള്‍ ഇത്രയേറെ അനായാസം കൈകാര്യം ചെയ്യുന്ന മറ്റൊരു നടിയെ കണ്ടെത്തുക ഇന്നു അസാധ്യമാകും. വടക്കന്‍പാട്ട് സിനിമകളിലെ ഷീലയെ ഒരിക്കലും കുട്ടിക്കുപ്പായത്തിലോ കള്ളിച്ചെല്ലമ്മയിലോ കാണാന്‍ സാധിക്കില്ല. ഓരോ കഥാപാത്രത്തോടും കലാകാരിക്കുള്ള അര്‍പ്പണമാണ് ഇതിനു പിന്നില്‍ എന്നു തീര്‍ച്ച.
     ഷീല ചെയ്യുന്ന കഥാപാത്രങ്ങളില്‍ എവിടേയും ഷീലയെ കാണാന്‍ പറ്റില്ലെന്ന് ആരാധകര്‍ പറയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അഭിനയത്തിനു സ്വന്തമായൊരു ശൈലിയുള്ള നടിയാണ് ഷീല എന്നത് അവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്.
     നല്ല കഥാപാത്രങ്ങളാണ് നല്ല കലാകാരനെ സൃഷ്ടിക്കുന്നത് എന്നാണ് ഷീലയുടെ അഭിപ്രായം. രണ്ടോ മൂന്നോ സീന്‍ മാത്രം സ്ക്രീനില്‍ വന്നുപോകുന്ന കഥാപാത്രമാണെങ്കില്‍ പോലും അതിനു ശക്തമായ എന്തെങ്കിലും പറയാനോ ചെയ്യാനോ ഉണ്ടാകണം. അതുകൊണ്ടു തന്നെ ഷീല അഭിനയിച്ചതിനേക്കാള്‍ ഏറെ സിനിമകള്‍ ഒഴിവാക്കിയിട്ടുമുണ്ട്.
     പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തികച്ചും സാധാരണക്കാരിയായി ജീവിക്കുകയും പെരുമാറുകയും ചെയ്തു. താരജീവിതത്തിന്‍റെ പകിട്ടോ കൗതുകമോ ഒന്നും ഷീലയെ ബാധിച്ചതേയില്ല. സിനിമയില്‍ നില്‍ക്കുന്ന കാലത്തും സിനിമയില്‍ നിന്ന് മാറി നിന്ന കാലത്തും തന്‍റെ സൗഹൃദങ്ങളെ ഒരുപോലെ കാത്തുസൂക്ഷിക്കാന്‍ ഷീലയ്ക്കു സാധിച്ചിരുന്നു. അതോടൊപ്പം തന്നെ തന്‍റെ വ്യക്തിത്വവും കാത്തുസൂക്ഷിക്കാന്‍ ഷീലയ്ക്കു കഴിഞ്ഞിരുന്നുവെന്നു സുഹൃത്തുക്കളില്‍ പലരും പറയുന്നു. ഷീല മലയാള സിനിമയെ പിടിച്ചടക്കിയ കാലത്തുപോലും ഞാനൊരു സാധാരണ പെണ്ണാണ് എന്ന ഭാവത്തിലാണ് പെരുമാറിയിരുന്നതെന്ന് കവിയും ഗാനരചയ്താവുമായ ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു.
ഒരു നായകന്‍; നിരവധി ചിത്രങ്ങള്‍
     മലയാളികളുടെ മനം കവര്‍ന്ന പ്രണയജോടിയാണ് പ്രേംനസീറും ഷീലയും. ഷീല എന്ന പേരിനൊപ്പം പ്രേംനസീറെന്നു തിരിച്ചും വായിച്ചും പറഞ്ഞുമാണ് മലയാളിക്കു ശീലം. 130 ഓളം ചിത്രങ്ങളിലാണ് ഷീലയും പ്രേംനസീറും ഒന്നിച്ചത്. ഒരു നായകനടനോടൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികാ വേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റിക്കോര്‍ടിന് ഉടമയാണ് ഷീല. ഇത്രയേറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടും പ്രേക്ഷകര്‍ക്ക് ഇവരെ കണ്ടു മതിവന്നില്ല എന്നതിനു കാരണം ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്ന രസതന്ത്രമാണ്. 1963 ല്‍ എന്‍.എന്‍. പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകളിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം ഒരു വര്‍ഷം രണ്ടു സിനിമ എന്നതില്‍ നിന്ന് നാലും ആറും പതിനഞ്ചും ഒക്കെയായി. 1970 ല്‍ ഈ ജോടി 17 സിനിമകള്‍ ചെയ്തു എന്നതും റിക്കോര്‍ഡാണ്. പ്രേംനസീര്‍-ഷീല താരജോടികളുടെ കണ്ണപ്പനുണ്ണി, തുമ്പോളോര്‍ച്ച, ഒതേനെന്‍റെ മകന്‍ തുടങ്ങിയ വടക്കന്‍പാട്ടു ചിത്രങ്ങള്‍ അന്നത്തെ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചു. ഉദയായുടെ കടത്തനാട്ട് മാക്കമാണ് ഇരുവരും ഒന്നിച്ച നൂറാമത്തെ ചിത്രം. ഗാനരംഗങ്ങളില്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന കെമിസ്ട്രിയും ഇണക്കവും ഒന്നും മറ്റൊരു താരജോടിയിലും കണ്ടിട്ടില്ല എന്ന് നിരൂപകര്‍ പോലും വിലയിരുത്തുന്നു. ഇന്നും മറ്റാര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡായി പ്രേംനസീര്‍-ഷീല താരജോടി പ്രേക്ഷക മനസ്സില്‍ നിറയുന്നു.
കാലത്തെ അതിജീവിച്ച നടി
     കാലത്തെ അതിജീവിച്ച നടി എന്ന് ഷീലാമ്മയെ നിസ്സംശയം പറയാം. 1980 ല്‍ സ്ഫോടനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തു നിന്ന് താല്‍ക്കാലികമായി വിടവാങ്ങിയ ഷീല ചലച്ചിത്ര ലോകത്തേക്കു മടങ്ങിയെത്തിയത് 2003 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്. ഇരുപത്തിരണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷീല തിരികെ എത്തിയപ്പോഴും ആരും അവരെ മറന്നിരുന്നില്ല. മാത്രമല്ല, ചട്ടയും മുണ്ടും ഉടുത്ത് കൊച്ചുത്രേസ്യയായി ഷീല നിറഞ്ഞാടിയപ്പോള്‍ പുതുതലമുറയും ആ അമ്മാമ്മയെ നെഞ്ചോടുചേര്‍ക്കുകയായിരുന്നു.
     ഷീലയെ മനസ്സില്‍ കണ്ടുകൊണ്ടാണ് കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തിനു രൂപം നല്‍കിയതെന്ന് സിനിമയുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. മലയാളത്തിനൊപ്പം, അതേ വര്‍ഷം തന്നെ പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയിലൂടെ തമിഴിലേക്കും ഷീല തിരികെയെത്തി.
സംവിധായികയായ നായിക
      ഒരു നടിയെന്ന നിലയില്‍ മലയാള സിനിമയുടെ ജീവശ്വാസമായി മാറിയ കാലത്താണ് ഷീല സംവിധാനം രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഒരു സ്ത്രീ സംവിധായികയാകുന്നു എന്നത് വിദൂരസ്വപ്നങ്ങളില്‍പ്പോലും ഇല്ലാത്ത കാലത്താണിതെന്ന് പ്രത്യേകം ഓര്‍ക്കണം. ഒരു പെണ്ണിനെക്കൊണ്ട് ഇതിനൊക്കെ സാധിക്കുമോ? മറ്റാരെങ്കിലും സംവിധാനം തുടങ്ങിയ വര്‍ത്തമാനങ്ങള്‍ കേട്ടില്ലെന്നും നടിച്ച് ഷീല അത്തരം അടക്കം പറച്ചിലുകളില്‍ നിന്ന് മാറി നിന്നു.
     ഈ സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു 1976 ല്‍ ഷീലയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ യക്ഷഗാനം. മെല്ലി ഇറാനി ക്യാമറ ചെയ്ത ചിത്രത്തില്‍ മധുവായിരുന്നു നായകന്‍.
     അതിനുശേഷമാണ് ജയനെ നായകനാക്കി ശിഖരങ്ങള്‍ എന്ന ചിത്രം ഷീല ഒരുക്കുന്നത്. മലയാളത്തിലെ വിജയത്തിനു ശേഷം ജയഭാരതിയെ കേന്ദ്ര കഥാപാത്രമാക്കി തമിഴില്‍ നിനയ്വുകളെ നീങ്കിവിട് എന്ന ടെലിഫിലിമും ഷീല സംവിധാനം ചെയ്തു. പിന്നീട് അഭിനയവും സംവിധാനവും ഒരുമിച്ചു മുന്നോട്ടു കൊണ്ടു പോവുക ബുദ്ധിമുട്ടായതോടെ ഷീല അഭിനയരംഗത്തേക്ക് മടങ്ങി വന്നു.
പുരസ്കാര നിറവില്‍
     മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ പുരസ്കാരം നേടിയ നടിയാണ് ഷീല. 1969 ല്‍ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ അഭിനയമാണ് ഷീലയ്ക്ക് ഈ പുരസ്കാരം നേടികൊടുത്തത്.1971ല്‍ ശരശയ്യ, ഒരു പെണ്ണിന്‍റെ കഥ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു രണ്ടാം തവണയും 1976 ല്‍ അനുഭവം എന്ന ചിത്രത്തിലെ അഭിനയത്തിനു മൂന്നാം തവണയും ഷീല മികച്ച നടിയായി. പിന്നീട് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2004 ല്‍ അകലെ എന്ന ചിത്രത്തിലെ മാര്‍ഗരറ്റ് എന്ന കഥാപാത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഷീലയെ തേടിയെത്തി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്ക്കാരവും ഷീല കരസ്ഥമാക്കി.
     ഇപ്പോള്‍ ഒടുവിലായി കിട്ടിയ ജെ.സി ഡാനിയേല്‍ പുരസ്ക്കാരമാണ് പട്ടികയില്‍ ഏറ്റവും പുതിയത്. പുരസ്ക്കാരമെത്താന്‍ അല്പം വൈകിയില്ലേയെന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നെത്തിയെങ്കിലും ഷീലയ്ക്ക് പറയാനുണ്ടായിരുന്നത് ഒരേയൊരു ഉത്തരമാണ് - ഒന്നും വൈകിയിട്ടില്ല, എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട്. മറുപടിക്കു ഭംഗികൂട്ടാനെന്നോണം ഷീലാമ്മ ഒരു ചിരിയും ചിരിക്കും. കഴിഞ്ഞ 57 വര്‍ഷമായി മലയാളികള്‍ ആരാധിക്കുന്ന അതേ ചിരി.
     അഭിനയത്തിന്‍റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ക്യാമറയുടെ മുന്നില്‍ നിന്ന് വീണ്ടും പിന്നിലേക്കു നടക്കുകയാണ് മലയാളികളുടെ സ്വന്തം ഷീലാമ്മ. വര്‍ഷങ്ങള്‍ക്കു മുന്‍പ് അഴിച്ചു വച്ച സംവിധായികയുടെ കുപ്പായം വീണ്ടും അണിയാന്‍. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും ഷീലയാണ്. അതേ സമയം ഇനി മുന്നോട്ടും അഭിനയിച്ചുകൊണ്ടേ ഇരിക്കണം എന്നതു തന്നെയാണ് തന്‍റെ ആഗ്രഹമെന്നും മനസ്സുകൊണ്ട് എന്നും താന്‍ ചലച്ചിത്ര രംഗത്തു സജീവമായി തുടരും എന്നും ഷീല പറയുന്നു.
Share:

പറന്നുപോയ നീലക്കുയില്‍ -- മിസ് കുമാരി


      അപ്പിച്ചേച്ചി ഞങ്ങളെ വിട്ടുപോയിട്ട് അമ്പതുവര്‍ഷമായിരിക്കുന്നു. ഏകദേശം പതിനാറ് കൊല്ലക്കാലം ഞാന്‍ ആ സ്നേഹവും കരുതലും ആവോളം അനുഭവിച്ചു. ഒരു പക്ഷെ എന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അപ്പിച്ചേച്ചിയുടെ സ്നേഹം എനിയ്ക്ക് ഓരോ രീതിയില്‍ തണല്‍ തന്നെയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. അത് കുറെക്കാലം എന്നോടൊപ്പം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിച്ചു.
     അപ്പിച്ചേച്ചിയുടെ അകാല വിയോഗം എനിക്കും കുടുംബത്തിനും ഒരു ഷോക്ക് തന്നെ ആയിരുന്നു. അപ്പിച്ചേച്ചി ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാനാവാത്ത അവസ്ഥ. അപ്പിച്ചേച്ചിയുടെ മരണം ഇന്നും എനിക്കൊരു സമസ്യയാണ്. ദുരൂഹമാണ്.
     അന്നൊക്കെ മിസ് കുമാരി എന്ന നടി, അവരുടെ അഭിനയം, സൗന്ദര്യം എല്ലാം വീടിനു പുറത്തുള്ള കാര്യമായിരുന്നു. വീട്ടില്‍ എല്ലാ വേഷഭൂഷാദികളും അപ്പിച്ചേച്ചി അഴിച്ചുവച്ചു. അതുകൊണ്ട് തന്നെ മിസ്കുമാരി എന്ന നടിയുടെ സാമൂഹിക അസ്തിത്വം എന്നത് എനിക്ക് അജ്ഞാതമാണ്. എന്നെ ആവോളം സ്നേഹിക്കുകയും ലാളിച്ചു വളര്‍ത്തുകയും ചെയ്ത അപ്പിച്ചേച്ചിയെ മാത്രമാണ് എനിക്കേറെ പരിചയം.
     സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് രാത്രിയില്‍ ഇച്ചാച്ചന് ഒപ്പം വരുന്ന അപ്പിച്ചേച്ചിയെയാണ് പെട്ടെന്ന് ഓര്‍മയില്‍ വരുന്നത്. ഭരണങ്ങാനത്തെ വീട്ടിലെ അടുക്കളയിലാണ് എല്ലാവരും കൂടെ കൂടുന്നത്. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ സംസാരിക്കുന്നതിനായിരുന്നു എല്ലാവര്‍ക്കും താല്പര്യം. ഞങ്ങള്‍ കുട്ടികള്‍ കേള്‍വിക്കാരും കാഴ്ചക്കാരുമായി നില്ക്കും. അത്തരം ഒത്തുചേരലിന് സമയപരിധിയൊന്നും ഇല്ലായിരുന്നു.
     അപ്പിച്ചേച്ചി ഒരിക്കലും ആരോടും മുഷിഞ്ഞു സംസാരിച്ചു കണ്ടിട്ടില്ല. ആരെപ്പറ്റിയും ഒരു പരാതിയും പറഞ്ഞുകേട്ടിട്ടില്ല. വിഷമങ്ങളൊക്കെ ഉള്ളില്‍ ഒതുക്കുന്ന പ്രകൃതം. ചോദിച്ചാല്‍ ഒഴിഞ്ഞുമാറും. അല്ലെങ്കില്‍ വിഷയം മാറ്റും.
     ചേച്ചിയുടെ മക്കള്‍ എന്നതിനേക്കാള്‍ സ്വന്തം മക്കള്‍ എന്ന രീതിയിലാണ് എന്നോടും എന്‍റെ നാലു സഹോദരങ്ങളോടും അപ്പിച്ചേച്ചി പെരുമാറിയിരുന്നത്. എന്‍റെ ഇളയ സഹോദരന്‍ ബെന്നിയും അപ്പിച്ചേച്ചിയുടെ മൂത്തമകന്‍ ജോണിയും ഒരേ പ്രായക്കാരാണ്. ഷൂട്ടിംഗ് ഇടവേളയില്‍ വരുമ്പോള്‍ ഞങ്ങള്‍ക്കുള്ള ഴശളേ കൈയ്യില്‍ കാണും. ഞാനും എന്‍റെ ചേട്ടന്‍ ബാബുവുമാണ് അപ്പിച്ചേച്ചിയുമായി കൂടുതല്‍ അടുത്തിടപഴകിയിട്ടുള്ളത്. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പേരിട്ടതും അപ്പിച്ചേച്ചിയാണ്. എന്‍റെ പേരിന് അപ്പിച്ചേച്ചിയുമായി ബന്ധമുണ്ട്. എന്‍റെ ജനന സമയത്ത് അപ്പിച്ചേച്ചി അഭിനയിച്ചിരുന്ന സിനിമയിലെ കഥാപാത്രത്തിന്‍റെ പേരാണ് ഗീത. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഗീതയുടെ കൂടെ കുമാരി ചേര്‍ത്ത് എന്നെ ഗീതാകുമാരിയാക്കി. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച എനിക്ക് ഈ പേര് എങ്ങനെ വന്നു എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഞങ്ങള്‍ വിദ്യാഭ്യാസം ആരംഭിച്ചതും ഭരണങ്ങാനത്തെ കോണ്‍വെന്‍റ് സ്കൂളില്‍ ആണ്.
     എന്‍റെ ഇളയ സഹോദരന്‍ പാപ്പച്ചന്‍റെ അസുഖവുമായി ബന്ധപ്പെട്ട് പലപ്പോഴും എന്‍റെ അമ്മച്ചി തിരുവനന്തപുരത്തിന് പോകാറുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്ന എന്നെയും അപ്പോള്‍ കൂടെ കൊണ്ടുപോകും. താമസം അപ്പിച്ചേച്ചിയുടെ കൂടെയായിരിക്കും. അവിടെ വച്ച് ശ്രീ സത്യന്‍, നസീര്‍, മുത്തയ്യ സര്‍, ബഹദൂര്‍ എന്നിവരെ കണ്ടിട്ടുള്ളതും അവരുടെ സ്നേഹപൂര്‍വമായ പെരുമാറ്റവും ഓര്‍മയുണ്ട്. ശ്രീമതി ആറന്മുള പൊന്നമ്മ, ശാന്തി എന്നിവര്‍ വീട്ടില്‍ വന്നു താമസിച്ചിട്ടുണ്ട്.
     കല്യാണം എറണാകുളത്തു വച്ചായിരുന്നു. പള്ളിമുറ്റം നിറയെ ആള്‍ക്കാര്‍. പള്ളിക്കകത്തു കടക്കാന്‍ ബുദ്ധിമുട്ടി. പള്ളിയുടെ ഉള്ളിലും അതേ അനുഭവം. അവസാനം അള്‍ത്താരയില്‍ ആണ് ഞങ്ങളൊക്കെ നിന്നതും ചടങ്ങുകള്‍ നടത്തിയതും. ആ സമയത്ത് ശ്രീ നസീര്‍ പള്ളിക്കുള്ളില്‍ വന്നു നിന്നത് ഓര്‍ക്കുന്നു. മറ്റു ചടങ്ങുകള്‍ ടൗണ്‍ഹാളില്‍ വച്ചായിരുന്നു. രാത്രിയില്‍ ബോള്‍ഗാട്ടി പാലസില്‍ വച്ച് റിസപ്ഷന്‍ നടന്നു. അവധിക്കാലങ്ങളില്‍ എന്നെയും ബാബുവിനെയും അമ്മാവന്‍ ചാണ്ടിക്കുഞ്ഞിന്‍റെ മകള്‍ സൂസിയെയുമൊക്കെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. സ്കൂള്‍ തുറക്കാറാകുമ്പോഴാണ് തിരികെ കൊണ്ടുവിടുന്നത്.
     ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ എന്നെ കാണാന്‍ അല്‍ഫോന്‍സാ കോളെജില്‍ എല്ലാവരും കൂടെ വന്നിട്ടുണ്ട്. പരീക്ഷ കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് തയ്യല്‍ പഠിക്കുന്ന എന്‍റെയടുത്ത് വന്നു. അവിടെ വച്ചാണ് അപ്പിച്ചേച്ചിയെ അവസാനമായി ഞാന്‍ കാണുന്നത്. അന്നൊരു ശനിയാഴ്ചയായിരുന്നു. څഎശൃെേ ഇഹമൈ കിട്ടില്ലേ. ഞാന്‍ പ്രാര്‍ത്ഥിക്കാംچچഎന്നു പറഞ്ഞുപോയ ആളിനെ പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച കാണുന്നത് ജീവനില്ലാതെയാണ്. അപ്പിച്ചേച്ചിയുടെ പ്രാര്‍ത്ഥന കൊണ്ടാകാം പിന്നീടുള്ള എല്ലാ പരീക്ഷകള്‍ക്കും എനിക്ക് ളശൃെേ രഹമൈ കിട്ടി.
     ഞങ്ങളുടെ കുടുംബത്തില്‍ ഞാന്‍ കാണുന്ന ആദ്യത്തെ മരണമായിരുന്നു അത്. അത് താങ്ങാന്‍ പറ്റിയില്ല. ഇപ്പോഴും അപ്പിച്ചേച്ചിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ തളര്‍ച്ചയും വേദനയുമാണ്.
     എന്‍റെ ഏറ്റവും പ്രിയപ്പെട്ട മാതൃസഹോദരിയായിരുന്നു അപ്പിച്ചേച്ചി എന്ന് ഞാന്‍ വിളിക്കുന്ന മിസ് കുമാരി. അമ്മച്ചിയെന്നും, അപ്പിച്ചേച്ചി എന്നും എനിക്ക് വ്യത്യാസവുമില്ലായിരുന്നു. കുടുംബത്തെ അത്രമേല്‍ സ്നേഹിച്ചും ബന്ധുക്കളെയും അടുപ്പമുള്ളവരെയും കനിവിന്‍റെ കരങ്ങളാല്‍ ചേര്‍ത്ത് നിര്‍ത്തിയും അപ്പിച്ചേച്ചി ഞങ്ങളുടെയെല്ലാം അതുല്യ സ്നേഹഭാജനമായി മാറി. എന്നും അപ്പിച്ചേച്ചി ഓര്‍മയിലെത്തുന്നതും, മരണമില്ലാതെ മനസ്സില്‍ തങ്ങുന്നതും അതുകൊണ്ടു കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
    
Share:

തകരുമോ? ഇന്ത്യന്‍ ജനാധിപത്യം -- കെ. വേണു


     രാജ്യം സ്വതന്ത്രമായിട്ട് എഴുപതു വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ വര്‍ണ, ജാതി ഘടനക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വന്തം അനുഭവത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ വര്‍ണ, ജാതി വ്യവസ്ഥ എത്ര ആഴത്തിലാണ് ഇന്ത്യന്‍ സമൂഹത്തില്‍ വേരൂന്നിയിട്ടുള്ളതെന്നു തിരിച്ചറിഞ്ഞ ഡോ. അംബേദ്കര്‍ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ പ്രവചിച്ചിരുന്നു. സാമൂഹ്യ സംവരണം പോലുള്ള പ്രായോഗിക നടപടികളിലൂടെ ഈ സാമൂഹ്യ വിഭജിതാവസ്ഥയുടെ രൂക്ഷത കുറക്കാനുള്ള സംവിധാനം അദ്ദേഹം ഭരണഘടനയിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ജനാധിപത്യ ഭരണഘടനകളിലൊന്നു ഇന്ത്യയില്‍ നിലവില്‍ വന്നതോടെ അതിന്‍റെ പ്രവര്‍ത്തനത്തിലൂടെ സാമൂഹ്യ അസമത്വങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുമെന്നും കണക്കാക്കപ്പെട്ടിരുന്നു.
     ഭരണഘടന നിലവില്‍ വന്നിട്ട് ദശകങ്ങള്‍ പിന്നിട്ടിട്ടും ഈ ദിശയിലുള്ള മാറ്റങ്ങളൊന്നും ഇവിടെ ഉണ്ടായില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വങ്ങളില്‍ സവര്‍ണ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തന്നെയാണ് മേധാവിത്തം ഉണ്ടായിരുന്നതെന്നത് ഈ അവസ്ഥക്കു ഒരു കാരണമാണ്. രാഷ്ട്രീയ രംഗത്ത് സവര്‍ണ മേധാവിത്ത ശക്തികളെ ചോദ്യം ചെയ്യാവുന്ന വിധം അവര്‍ണ വിഭാഗങ്ങള്‍ മുന്നോട്ടു വന്നിരുന്നില്ല. چ80 കളുടെ അവസാനം ബാബറി മസ്ജിദ് പ്രശ്നത്തെ തുടര്‍ന്നു സവര്‍ണ/അവര്‍ണ ധ്രുവീകരണത്തിന് രാഷ്ട്രീയരൂപം ലഭിക്കുകയും അവര്‍ണ വിഭാഗങ്ങളുടെ സമ്മര്‍ദ്ദഫലമായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കപ്പെടുകയും ചെയ്തതോടെയാണ് അവര്‍ണ ശക്തികള്‍ രാഷ്ട്രീയാധികാരത്തിലെത്തുന്നത്. യു.പി യിലും ബീഹാറിലും ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി അധികാരം പിടിച്ചെടുത്തത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സംഭവിച്ച ശ്രദ്ധേയമായ രാഷ്ട്രീയപരിണാമമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സവര്‍ണ ശക്തികള്‍ അധികാരത്തില്‍ നിന്നു പിന്തള്ളപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ഇത്തരം പ്രകടമായ അവര്‍ണ/സവര്‍ണ രാഷ്ട്രീയ ധ്രുവീകരണം യു.പി യിലും ബീഹാറിലും മാത്രമേ സംഭവിച്ചിട്ടുള്ളൂ എങ്കിലും ഈ രണ്ട് സംസ്ഥാനങ്ങള്‍ ആണ് സവര്‍ണ ശക്തികളുടെ കോട്ട കൊത്തളങ്ങള്‍ എന്നതുകൊണ്ട് ഈ സംഭവ വികാസങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം ശ്രദ്ധേയം തന്നെയാണ്.
     അന്ന് ആരംഭിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവര്‍ണ/സവര്‍ണ രാഷ്ട്രീയ ധ്രുവീകരണം ഏറിയും കുറഞ്ഞും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 1998-2004 കാലത്തെ വാജ്പേയി സര്‍ക്കാരിനു നേതൃത്വം നല്‍കിയത് ബി.ജെ.പി ആയിരുന്നെങ്കിലും അവര്‍ക്ക് കുത്തകാധികാരം ഉണ്ടായിരുന്നില്ല. പിന്നീട് യു.പി.എ സര്‍ക്കാര്‍ പത്തു കൊല്ലം തുടര്‍ച്ചയായി ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം പക്വത നേടുന്നു എന്ന അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ തുടര്‍ന്നു അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന് തുടര്‍ച്ച നിലനിര്‍ത്താനായിരിക്കുന്നു എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ദൗര്‍ബല്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്‍.ഡി.എ യുടെ വോട്ടു ശതമാനം 38 ല്‍ നിന്ന് 45 ആയി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു.
     മതേതര ജനാധിപത്യത്തെ അടിസ്ഥാനപരമായി അംഗീകരിക്കാത്ത മതാധിഷ്ഠിത ഭരണമാണ് ഉണ്ടാവേണ്ടതെന്ന് ലക്ഷ്യംവയ്ക്കുന്ന അധികാരികള്‍ അധികാരത്തില്‍ വരുന്നതിന്‍റെ അപകടം തിരിച്ചറിയാത്ത അഥവ അത് അപകടമാണെന്ന് അംഗീകരിക്കാത്ത ഗണ്യമായ വിഭാഗം വോട്ടര്‍മാരാണ് അവര്‍ക്ക് വോട്ടു ചെയ്തതെന്ന് വ്യക്തമാണല്ലോ. ഇന്ത്യന്‍ ജനാധിപത്യം പക്വത നേടിയിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് ഹിന്ദുത്വവാദികളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടാതെ തുടരുമെന്ന് കരുതേണ്ടതുണ്ടോ?
     ഏതൊരു ജനാധിപത്യ സമൂഹത്തിലുമെന്നപോലെ ഇന്ത്യന്‍ സമൂഹത്തിലും താരതമ്യേന പകുതിയോളം പേരൊക്കെയേ സ്ഥായിയായ രാഷ്ട്രീയ നിലപാടോ പാര്‍ട്ടികൂറോ പുലര്‍ത്തുന്നവരുണ്ടാകൂ. ഇന്ത്യയില്‍ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇത്തവണ വോട്ടു ചെയ്തത് 67 ശതമാനം അഥവ ഏതാണ്ട് 60 കോടി പേരാണ്. ഇതില്‍ 30 കോടി രാഷ്ട്രീയ നിലപാടനുസരിച്ചു വോട്ടു ചെയ്തിട്ടുണ്ടാവാമെങ്കില്‍ ബാക്കി മുപ്പതു കോടി താല്‍ക്കാലിക സാഹചര്യങ്ങള്‍ക്കനുസരിച്ച് വോട്ടു ചെയ്തവരാകാം. അവരാണ് എല്ലായ്പ്പോഴും ഫലത്തെ നിര്‍ണയിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും അവരുടെ തിരഞ്ഞെടുപ്പ്, അഥവാ ആര്‍ക്കു വോട്ടു ചെയ്യണമെന്ന അവരുടെ തീരുമാനം മാറിക്കൊണ്ടിരിക്കും. യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ ചലനാന്‍മകമാക്കുന്നത് ഈ വിഭാഗമാണ്. കേരളത്തില്‍ ഈ വിഭാഗം ചെറുതാണെങ്കിലും അഖിലേന്ത്യാ തലത്തില്‍ അത് വലുതാണ്. പകുതിയോ അതിലധികമോ വരാം.
     ഇന്ത്യന്‍ ജനാധിപത്യത്തെ ലോകശ്രദ്ധയില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ഈ ചലനാത്മകത വലിയ പങ്ക് വഹിക്കുന്നുണ്ട്. അനവധി ഭാഷകള്‍, മതങ്ങള്‍, ജാതികള്‍, മറ്റു സാമൂഹ്യ വിഭാഗങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന അതിബൃഹത്തായ ഒരു സമൂഹം ലോകനിലവാരത്തില്‍ തന്നെ മെച്ചപ്പെട്ട ചിട്ടയായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ഫെഡറല്‍ ജനാധിപത്യ സമൂഹമായി കെട്ടുറപ്പോടെ നിലനില്‍ക്കുന്നത് ലോകത്തിനു അത്ഭുതമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്തും അതുതന്നെയാണ്. ഈ സങ്കീര്‍ണതകളെ മുഴുവന്‍ ഉള്‍ക്കൊള്ളാനും നിരപ്പാക്കാനും മതവാദത്തിന് കഴിയില്ല.
     അനവധി ഭാഷാസമൂഹങ്ങളായി ഇന്ത്യന്‍ സമൂഹം വിഭജിച്ചു നില്‍ക്കുന്നതും അതിനനുസൃതമായി ഒരു ഫെഡറല്‍ രാഷ്ട്രീയഘടന ശക്തമായ രീതിയില്‍ ഇവിടെ നിലനില്‍ക്കുന്നതും മതത്തിലധിഷ്ഠിതമായ രാജ്യം എന്ന ആശയത്തെ പിന്തുണക്കുന്നവര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനെ മറികടന്നുകൊണ്ടു മുന്നോട്ടു പോവാനുള്ള മാര്‍ഗങ്ങളാണ് അവര്‍ തേടുന്നത്. വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോകസഭാ തിരഞ്ഞെടുപ്പുകളും എല്ലാം ഒരുമിച്ചു ഒറ്റ തവണയായി നടത്തണം എന്ന നിര്‍ദേശം ഇലക്ഷന്‍ കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുള്ളത് മേല്‍പറഞ്ഞ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ്. ഇനിയും അതുപോലുള്ള പല നിര്‍ദേശങ്ങളും വരാനിരിക്കുന്നതേയുള്ളൂ. ഇത്തരം ഏകീകരണ പദ്ധതികള്‍ കൊണ്ട് പരിഹരിക്കാനാവാത്ത രാഷ്ട്രീയ ഘടനയാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളത്. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്തവിധം ജനാധിപത്യ വിരുദ്ധമായ ഒരു ആന്തരിക സാമൂഹ്യഘടനയാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളത്. ഇവിടെ നിലനില്‍ക്കുന്ന വര്‍ണ, ജാതി ഘടനയാണ് ഉദ്ദേശിച്ചത്. വെള്ളം ചോരാത്ത അറകളിലെന്ന പോലെ അനവധി വര്‍ണ, ജാതി ഉപസമൂഹങ്ങളായി ഇന്ത്യന്‍ സമൂഹം വിഭജിക്കപ്പെട്ടു നില്‍ക്കുന്നു. നൂറ്റാണ്ടുകളല്ല സഹസ്രാബ്ധങ്ങളായി നിലനിന്നുപോരുന്ന ഈ വിഭജിതാവസ്ഥയെ എളുപ്പത്തില്‍ മറികടക്കാനാവുകയില്ല.
     മതേതര ജനാധിപത്യ രാഷ്ട്രീയഘടന മനുഷ്യസമൂഹത്തിന്‍റെ സ്വാഭാവിക പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. അതില്‍ നിന്നു പിന്തിരിഞ്ഞു പോവാന്‍ ഒരു സമൂഹത്തിനും കഴിയില്ല. മതേതര ജനാധിപത്യത്തെ നിഷേധിക്കുന്ന ഹിന്ദുത്വവാദത്തിനു ഫലപ്രദമായ ഒരു ബദല്‍ വയ്ക്കാനില്ലെന്നതാണ് വസ്തുത. ആര്‍ഷഭാരത പാരമ്പര്യത്തില്‍ അത്തരം രാഷ്ട്രീയ ബദലുകള്‍ ഇല്ല. ബുദ്ധനു മുമ്പും പിമ്പുമായിട്ടുള്ള പൗരാണിക ഭാരതത്തില്‍ ജനപഥങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പ്രാദേശിക ജനാധിപത്യ സമൂഹങ്ങള്‍ വ്യാപകമായി നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രീക്ക് ജനാധിപത്യത്തെക്കാള്‍ വിപുലവും സങ്കീര്‍ണവുമായിരുന്നു ഈ ജനപഥങ്ങളുടെ ജനാധിപത്യമെന്നു ആധുനിക ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷെ ഈ ജനാധിപത്യ പ്രക്രിയ പിന്നീടുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും കാണാന്‍ കഴിയില്ല. വര്‍ണ, ജാതി വ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തില്‍ പിടിമുറക്കിയതോടെ ഈ ജനാധിപത്യ പ്രക്രിയയ്ക്ക് പിന്നീട് തലപൊക്കാനായില്ല എന്നു കരുതേണ്ടിയിരിക്കുന്നു.
     ആര്‍ഷഭാരത പാരമ്പര്യത്തിന്‍റെ പിന്നാലെ പോകുന്നവര്‍ക്ക് ആധുനിക മതേതര ജനാധിപത്യത്തെ നേരിടാനാവുകയില്ലെന്നു ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. താല്‍ക്കാലികമായ തിരിച്ചടികളാണ് ഇപ്പോഴത്തേത് പോലുള്ള അവസ്ഥകള്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇത്തരം തിരിച്ചടികളെ അതിജീവിക്കാനാകും എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

Share:

പരിസ്ഥിതിയുടെ രാഷ്ട്രീയവും ജീവന്‍റെ നിലനില്‍പ്പും ---- ജോണ്‍ പെരുവന്താനം


ഒരു രാഷ്ട്രത്തിന്‍റെ വികസനം പൂര്‍ണവും പരിഷ്കൃതവുമാകണമെങ്കില്‍ പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുമാത്രമെ സാധ്യമാകൂ എന്ന ബോധ്യത്തിലേക്ക് ലോകജനതയെ കൊണ്ടെത്തിക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരു പരിധിവരെ സാധിച്ചുവെന്നതാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളുടെ പ്രത്യേകത. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അനേകം കൂട്ടായ്മകളുടെയും വ്യക്തികളുടെയും അക്ഷീണ പരിശ്രമമാണ് ആഗോളതലത്തില്‍ ഈ അവബോധം നിര്‍മിക്കുന്നതിന് കാരണമായി ഇരിക്കുന്നത്. ദേശരാഷ്ട്ര-ഭാഷ-സാംസ്കാരിക വൈരുദ്ധ്യങ്ങളെ ഭേദിച്ചുകൊണ്ടാണ് ജീവന്‍റേയും അതിജീവനത്തിന്‍റേയും നിലനില്‍പ്പിന്‍റേയും അനിവാര്യതകളെ ഒരു പ്രത്യയശാസ്ത്ര മണ്ഡലമായി വികസിപ്പിച്ചെടുക്കുകയും ആഗോള രാഷ്ട്രീയ സമൂഹത്തിന് മുമ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അത് ചര്‍ച്ചയ്ക്ക് വെയ്ക്കുകയും ചെയ്തത്. വിവിധ രാഷ്ട്രങ്ങളിലെ പ്രബല സമൂഹങ്ങളെ പ്രതിനിധാനം ചെയ്ത് ഉയര്‍ന്നുവന്ന വ്യത്യസ്ത രാഷ്ട്രീയാധികാര സമൂഹങ്ങളുടെ നേതൃത്വത്തില്‍ വികസനത്തെ മുന്‍നിര്‍ത്തി വിവിധങ്ങളായ നടപടികളാണ് സ്വീകരിച്ചുവന്നത്. ഇത് രാഷ്ട്രീയ സമൂഹത്തിന്‍റെ പ്രത്യയശാസ്ത്ര ബോധ്യങ്ങളെ മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ വികസന നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ നിര്‍വഹിച്ചിരുന്നത്. ഈ ഇടപെടലുകള്‍ അനിയന്ത്രിതമായ വിഭവ ചൂഷണത്തിനും മലിനീകരണത്തിനും ജൈവവൈവിദ്ധ്യ തകര്‍ച്ചക്കും സാധാരണ ജനങ്ങളുടെ ജീവിത പ്രതിസന്ധിക്കും കാരണമായി.
ആഗോളതലത്തില്‍ നടന്ന ഈ പ്രക്രിയകളെയും അതിന്‍റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തേയും പ്രശ്നവല്‍ക്കരിച്ചുകൊണ്ടാണ് ലോകപരിസ്ഥിതി ജനത വികസനത്തിന്‍റേയും വിഭവ കര്‍ത്വത്തിന്‍റേയും ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്‍റേയും ജനങ്ങളുടെ അതിജീവനാവകാശത്തിന്‍റേയും പുത്തന്‍ മൂല്യമണ്ഡലം തുറന്നുവച്ചത്. പരിസ്ഥിതിയെ കേന്ദ്രമാക്കി വിവിധ സമൂഹങ്ങള്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ജൈവവൈവിദ്ധ്യത്തിന്‍റെ സംരക്ഷണവും ആവാസ വ്യവസ്ഥകളുടെ തനിമയെ പുനഃസ്ഥാപിക്കലും മാത്രമായി പരിമിതപ്പെടുത്തിയുള്ളതല്ല എന്ന് വ്യക്തമാണ്. വിഭവ ഉപഭോഗത്തിന്മേലുള്ള ശക്തമായ നിയന്ത്രണവും വിഭവാധികാരത്തിന്മേലുള്ള ജനാധിപത്യവത്കരണവും ചൂഷണോന്മുഖമായ വികസന പ്രത്യയശാസ്ത്രങ്ങളുടെ നിരാസവും അത് ആവശ്യപ്പെടുന്നു. അധികാരത്തിന് പുറത്തുനില്‍ക്കുന്ന ജനസമൂഹങ്ങളുടെ അവകാശങ്ങളെ സ്ഥാപിച്ചെടുക്കുക എന്നതും കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് പരിസ്ഥിതിയുടെ രാഷ്ട്രീയ വ്യവഹാര മണ്ഡലത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസിപ്പിച്ചത്. ഇതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട അവഗണിത ജനവിഭാഗങ്ങളില്‍ മുഖ്യപങ്കും പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുകയും പോരാട്ടങ്ങളില്‍ ഐക്യപ്പെടുകയും ചെയ്യുന്നത്. അതായത് പരിസ്ഥിതി സംരക്ഷണം മുഴുവന്‍ അധികാര കേന്ദ്രത്തേയും ചൂഷണത്തേയും അത്യാര്‍ത്തിയേയും റദ്ദ് ചെയ്തുകൊണ്ടുള്ള ഒരു ജീവിത വ്യവസ്ഥയെ മുമ്പോട്ട് വെയ്ക്കുന്നു. അത് വ്യക്തികള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ട ഒരു മൂല്യമണ്ഡലം കൂടിയാണ്.
മാനവരാശിയുടെ ജീവന്‍റെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ഘടകങ്ങളെ നിര്‍ണയിക്കുന്ന ധര്‍മമാണ് വിശാല അര്‍ത്ഥത്തില്‍ വനങ്ങള്‍ നിര്‍വഹിക്കുന്നത്. നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും കാലാവസ്ഥ സുരക്ഷയ്ക്കും വേണ്ടി വനസുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. ആഗോളതാപനം ദുരന്ത ഭീഷണി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും മരുവത്കരണത്തില്‍ നിന്നും ഭക്ഷ്യക്ഷാമത്തില്‍ നിന്നും ജലക്ഷാമത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുവാന്‍ വനവിസ്തൃതി വര്‍ദ്ധിപ്പിക്കുക മാത്രമേ മാര്‍ഗമുള്ളൂ. ഇന്ന് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക വിളകളുടെ വിത്തിനങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ടുപോയാല്‍ നമുക്ക് വീണ്ടും ആശ്രയിക്കാവുന്നത് അവയുടെയൊക്കെ പൂര്‍വ ജനുസ്സുകള്‍ സ്ഥിതിചെയ്യുന്ന വനങ്ങളെ മാത്രമാണ്. ജീവസാന്ദ്രമായ ഭൂമുഖത്ത് കരകളിലെ കാട് എന്ന് നാം വിളിക്കുന്ന സസ്യ സമൂഹങ്ങള്‍ക്ക് മനുഷ്യനെക്കാളും വളരെ പഴക്കമുള്ള പരിണാമ പാരമ്പര്യമുണ്ട്. നിബിഡതയും വൈവിദ്ധ്യവും സസ്യങ്ങള്‍ക്ക് മുന്‍തൂക്കവുമുള്ള ജീവസമൂഹങ്ങളെയാണ് പൊതുവെ കാട് എന്ന വാക്കുകൊണ്ട് നാം വര്‍ണിക്കുന്നതെങ്കില്‍ 3500 - 4000 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമുഖത്ത് അതീവ വിസ്തൃതിയില്‍ കാടുകള്‍ ഉണ്ടായിരുന്നു. ഈ കാടുകളില്‍ ഉള്‍ക്കൊണ്ട ഊര്‍ജ്ജവും ജൈവകാര്‍ബണും നൈട്രജനും കാരണമാണ് ഭൂമിയില്‍ സംഭവിച്ച ജൈവമണ്ഡലത്തിലെ മാറ്റങ്ങള്‍ ഒക്കെയും. ജീവികളുടെ ലോകത്ത് സംഭവിച്ച എല്ലാ പരിണാമ വികാസങ്ങളും കാടുകളുടെ വളര്‍ച്ച മൂലമുണ്ടായതാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ ഉത്ഭവത്തോടെ സസ്യവൈവിദ്ധ്യം വളരെയേറെ വര്‍ദ്ധിക്കുകയും ജീവിവംശങ്ങളുടെ പരിണാമ മാറ്റങ്ങള്‍ക്ക് ഏറെ വേഗത കൂടുകയും ചെയ്തു. പുല്ലുകള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടതും സസ്യഭുക്കുകളായ സസ്തനികളുടെ വിസ്ഫോടനകരമായ പരിണാമ വളര്‍ച്ചയും പരസ്പരം ആശ്രിതമാണ്. ജീവശാസ്ത്രമോ, പരിസ്ഥിതി ശാസ്ത്രമോ ജന്മം കൊടുത്തൊരു വാക്കല്ല കാട്. കാടിനെ തിരിച്ചറിയാന്‍ മനുഷ്യന്‍റെ കാഴ്ചപ്പാട് പ്രധാനമാണ്. കാടെന്ന നിര്‍വചനത്തില്‍പെടാന്‍ സസ്യസമൂഹത്തില്‍ നിബിഡത വളരെ പ്രധാനപ്പെട്ട ഘടകമാണ്. പെരുപ്പമാണ് നിബിഡത സൃഷ്ടിക്കുന്നത്. പെരുപ്പമാണ് പ്രകൃതിയുടെ രീതി. ഇതാണ് കാടിന്‍റെ ആവിര്‍ഭാവം. സസ്യങ്ങളുടെ നിബിഡത കൊണ്ട് ആ സമൂഹത്തിലെ എണ്ണിയാല്‍ തീരാത്ത ജീവഘടകങ്ങളുടെ പരസ്പര പൂരക ബന്ധങ്ങളുടെ ശക്തികൊണ്ട് ജൈവമണ്ഡലത്തിലെ മിക്കവാറും എല്ലാ രാസപ്രവര്‍ത്തനങ്ങളേയും സ്വാധീനിച്ച് നിയന്ത്രിച്ചിരുന്ന ആയിരക്കണക്കിന് ലക്ഷം വര്‍ഷങ്ങളുടെ പരിണാമ ചരിത്രമുള്ള കാടുകളെയാണ് മനുഷ്യന്‍ ചുരുങ്ങിയ കാലംകൊണ്ട് ഭൂമുഖത്ത് നിന്ന് ഏതാണ്ട് തുടച്ചുനീക്കിയത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതി രൂപപ്പെടുത്തിയ പ്രകൃതിയുടെ തിരുശേഷിപ്പുകളായ പര്‍വതങ്ങളും മലനിരകളും വനങ്ങളും നീരുറവുകളും ജല ശ്രോതസ്സുകളും നശിപ്പിക്കുന്ന പ്രകൃതിയെ കൊള്ളയടിക്കല്‍ എന്ന വികസന വീഷണം ഭൂമിയിലെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരെ മാത്രം സഹായിക്കാനാണ്.
സ്ഥലത്തിന്‍റെയും കാലത്തിന്‍റെയും അനന്തതിയില്‍ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി 455 കോടി വര്‍ഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുകയാണ് ഭൂമിയെന്ന അത്ഭുത ഗ്രഹം; പ്രപഞ്ചത്തിലെ ജീവന്‍റെ അറിയപ്പെടുന്ന ഏകഗോളം. മഞ്ഞുപാടങ്ങളെന്നറിയപ്പെടുന്ന ഗ്ളേസിയറുകള്‍, ചൂടുനീരുറവകളായ ഗെയ്സറുകള്‍, മേഘങ്ങള്‍, വേലിയേറ്റങ്ങള്‍, ഗ്രഹണം, ജലമണ്ഡലം, ഭൂഖണ്ഡങ്ങള്‍ തുടങ്ങിയ ഭൂമിയിലെ വൈവിദ്ധ്യങ്ങളാല്‍ അനന്തമല്ലെങ്കിലും അജ്ഞാതമായ ഭൂമി മനുഷ്യന്‍റെ തീരാത്ത അത്ഭുതങ്ങളില്‍ ഒന്നാണ്.
കോടി കോടി ജീവജാലങ്ങള്‍, കൂറ്റന്‍ പര്‍വതങ്ങള്‍, എണ്ണമറ്റ പുഴകള്‍, കരകാണാകടലുകള്‍, ഇരുണ്ട വനങ്ങള്‍, മേഘങ്ങളും മഴയും ഇടിമിന്നലും നക്ഷത്രങ്ങളും നിലാവും, എല്ലാമെല്ലാം അവനെ ആലോചിപ്പിച്ചുകൊണ്ടേയിരുന്നു. അനാദികാലം മുതല്‍ അവയുടെ രഹസ്യങ്ങളിലേക്ക് മനുഷ്യന്‍ തുടങ്ങിയ അന്വേഷണ സഞ്ചാരം ഇപ്പോഴും തുടരുന്നു.
ഈ അന്വേഷണയാത്രയില്‍ വെളിപ്പെട്ട കാര്യങ്ങളെക്കാളേറെ ഇരുളിലാണ് എന്നത് നമ്മുടെ കാല്‍ക്കീഴില്‍ കറങ്ങുന്ന ഈ ഗോളത്തെക്കുറിച്ചുള്ള അത്ഭുതത്തിന്‍റെ തരംഗദൈര്‍ഘ്യം കൂട്ടുന്നു. ഭൂമിയുടെ പല പ്രതിഭാസങ്ങള്‍ക്കും ഇന്നും പൂര്‍ണമായ ഉത്തരമില്ല. ഒരു സുനാമി വരുമ്പോള്‍, ഭൂകമ്പം വരുമ്പോള്‍, അഗ്നിപര്‍വതം പൊട്ടിയൊലിക്കുമ്പോള്‍, അമ്ലമഴ പെയ്യുമ്പോള്‍, അതിവര്‍ഷവും അല്‍പ്പവര്‍ഷവും വരുമ്പോള്‍, കൊടും വരള്‍ച്ചയ്ക്കു പുറമെ വന്‍ വെള്ളപ്പൊക്കം വന്നു കയറുമ്പോള്‍ നാം അഹങ്കരിച്ചിരുന്ന അറിവുകള്‍ പലപ്പോഴും മതിയാവുന്നില്ല. അപൂര്‍ണതയുടെ ആനന്ദം ആസ്വദിച്ചുകൊണ്ട് മനുഷ്യപ്രതിഭ അന്വേഷണം തുടരുന്നു. ജലഗ്രഹമായ ഭൂമിയില്‍ 70 ശതമാനവും ജലമാണെങ്കിലും മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്ന ശുദ്ധജലം മൂന്നു ശതമാനം മാത്രമാണ്. ഇതില്‍ രണ്ടു ശതമാനം ധ്രുവ പ്രദേശങ്ങളില്‍ മഞ്ഞുപാളികളായി സ്ഥിതിചെയ്യുകയാണ്. മനുഷ്യന്‍ ഉപയോഗിക്കുന്ന ഒരു ശതമാനം ശുദ്ധജലം കാടുകളുടെ സംഭാവനയാണ്. കാടുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളാണ് അത് നമുക്ക് നല്‍കുന്നത്.
ആഗോള താപനം സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായുണ്ടാകുന്ന പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടാണ് മണ്‍സൂണിന്‍റെ സ്വഭാവത്തിലുണ്ടായിരിക്കുന്ന ഇപ്പോഴത്തെ മാറ്റം. പസഫിക് സമുദ്രത്തിലെ പെറു തീരങ്ങളില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രവാഹമാണ് മണ്‍സൂണിന്‍റെ മാറ്റത്തിന് ഒരു കാരണമായി കരുതുന്നത്. മഴയുടെ സ്വഭാവമാറ്റം നേരിട്ടുള്ള നമ്മുടെ നിയന്ത്രണങ്ങള്‍ക്കും എത്രയോ അകലെയാണ്. കേരളം പൂര്‍ണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണെന്ന് നമ്മള്‍ അറിയണം. നമ്മുടെ മഴയും പുഴകളും അന്നവും സ്വാസ്ഥ്യവും ഔഷധവുമെല്ലാം ഈ മലനിരകളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. നാം ഓരോരുത്തരുടേയും തൃഷ്ണകള്‍ പൂര്‍ത്തീകരിക്കുന്ന അതിവേഗ വികസനത്തിന്‍റെ പല ഘടകങ്ങളും ഈ കാലാവസ്ഥ മാറ്റത്തിന് കാരണമായിതീരുന്നു. അത്തരം ആസക്തികളെ എങ്ങനെ വിവേകബുദ്ധിയോടെ പിടിച്ചുകെട്ടാമെന്ന് നാമെല്ലാവരും ചിന്തിക്കേണ്ട കാലമാണിത്. കേരളത്തിലെ ഭരണചക്രം തിരിക്കുന്നവര്‍ ഈവിധമുള്ള ആലോചനകള്‍ക്ക് പ്രാപ്തി കാണിക്കുന്നില്ല എന്നതാണ് ദുരന്തങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. വികസനാന്ധതയ്ക്ക് രാഷ്ട്രീയഭേദങ്ങളില്ല.
പ്രകൃതിയെ ശത്രുതാപരമായി കൈകാര്യം ചെയ്ത് സമ്പത്തു സമാഹരിക്കുന്നതിന്‍റെ ഫലമായി സംജാതമായിട്ടുള്ള ആഗോള താപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആഗോളതാപനം പോലുള്ള കെടുതികള്‍ മനുഷ്യര്‍ക്ക് സുവ്യക്തമാക്കുന്ന ചില വസ്തുതകള്‍ ഉണ്ട്. ഒരു മനുഷ്യജീവിയുടെ പ്രവൃത്തി പോലും മുഴുവന്‍ പ്രകൃതിയേയും ബാധിക്കുന്നു എന്നതാണ് അതില്‍ ഒന്ന്. മറ്റൊന്ന്, പ്രകൃതിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ക്കുപോലും മുഴുവന്‍ മനുഷ്യരാശിയിലുള്ള സ്വാധീനശേഷിയാണ്. ഇവ രണ്ടും മനുഷ്യന്‍റെ പ്രകൃതിയുമായുള്ള നാഭീനാള ബന്ധമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രകൃതിയെ മുടിക്കുന്ന, അപരനെ ചൂഷണം ചെയ്യുന്ന മാര്‍ഗമാണ് മനുഷ്യന്‍ പിന്തുടരുന്നത്. ജീവനെ സംബന്ധിച്ചുള്ള ഈ അകലമാണ് വ്യക്തിപരമായും സാമൂഹികമായും പാരിസ്ഥിതികമായും എല്ലാം നാം അനുഭവിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഉറവിടം. കേരളം ഇന്ന് നേരിടുന്ന അതീവ ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമഘട്ട പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥയ്ക്കുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളാണ്. കേരളത്തില്‍ ഉണ്ടായ പ്രളയ ദുരന്തം അണക്കെട്ടുകള്‍ തുറന്നുവിട്ടപ്പോള്‍ സംഭവിച്ചതാണ്. ഉറങ്ങിക്കിടന്ന ജനങ്ങളുടെ മീതെ അണക്കെട്ട് തുറന്ന് ദുരന്തമുണ്ടാക്കിയത് അജ്ഞതയുടേയും അഹങ്കാരത്തിന്‍റേയും ആര്‍ത്തിയുടേയും ഫലമായാണ്.
മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും അന്നദാതാക്കള്‍ സസ്യങ്ങളാണ്. എല്ലാ ജീവജാലങ്ങളുടെയും ഊര്‍ജ്ജസ്രോതസ്സായിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് പ്രകൃത്യാ നിര്‍മിക്കാന്‍ കഴിയുന്നത് സസ്യങ്ങള്‍ക്ക് മാത്രമാണ്. ജീവവളര്‍ച്ച സാധ്യമാക്കുന്ന പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ എന്നീ പോഷക ഘടകങ്ങള്‍ ഉല്പാദിപ്പിക്കുന്നതും സസ്യങ്ങളാണ്. സസ്യവേരുകളുമായുള്ള സഹജീവനത്തിലൂടെ മണ്ണിന്‍റെ ഘടനയും, സസ്യപോഷകമൂലകങ്ങളുടെയും വെള്ളത്തിന്‍റെയും സ്വഭാവികമായ ലഭ്യതയും മെച്ചപ്പെടുത്തി ആത്യന്തികമായി വിള ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യമുള്ള മണ്ണ് കാലാവസ്ഥാവ്യതിയാനത്തെ തടസ്സപ്പെടുത്തുകയും കാര്‍ബണികാംശത്തിനെ നിലനിര്‍ത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.
ഒരു ജീവിക്ക് വംശനാശ ഭീഷണി കൂടാതെ ഭൂമുഖത്ത് നിലനില്‍ക്കുവാന്‍ ഏതാണ്ട് അമ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ഹോം റേഞ്ച് ആവാസവ്യവസ്ഥ ഉണ്ടായിരിക്കണമെന്നാണ് അന്തര്‍ദ്ദേശീയ ശാസ്ത്ര മാനദണ്ഡം. 33 ദശലക്ഷത്തിലധികം വരുന്ന ജൈവരാശിയുടെ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍. മനുഷ്യന് മുമ്പ് ജന്മം കൊണ്ടവയാണ് ഈ ഭൂമിയിലെ മുഴുവന്‍ ജന്തുജീവജാതികളും സസ്യലതാദികളും. ആഹാരം തേടുന്നതില്‍ തുടങ്ങി നാഗരിക സംസ്കാരത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ ഓരോ ഘട്ടത്തിലും കാടുകളെ നശിപ്പിക്കുകയായിരുന്നു നാം. ആധുനിക ലോകത്തെ മുഴുവന്‍ പ്രതികൂലമായി ബാധിക്കുന്ന പരിസ്ഥിതി മലിനീകരണവും ചുറ്റുപാടുകളെ മാറ്റിമറിക്കാന്‍ നാം ശ്രമിക്കുന്നതിന്‍റെ ഒഴിവാക്കാനാവാത്ത ദുരന്തഭീഷണിയുമാണ് ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും.
ഓരോ പ്രദേശത്തും ലഭ്യമായ സൗരോര്‍ജ്ജം, ആര്‍ദ്രത, ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിന്‍റെ ധാതുലവണസ്വഭാവം ഇവയാണ് മുഖ്യമായും അവിടത്തെ ജീവസമൂഹങ്ങള്‍ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്ന നിര്‍ജീവഘടകങ്ങള്‍. ഭൂമിയുടെ ഉപരിതലത്തിലെ സസ്യനിബിഡമായ സ്ഥലത്ത് മണ്ണിലെത്തുന്ന സൗരോര്‍ജ്ജത്തെയും അവിടെ അന്തരീക്ഷത്തില്‍ വാതകരൂപത്തിലും മണ്ണില്‍ ഖരരൂപത്തിലും എത്ര ആര്‍ദ്രത നിലനില്‍ക്കുന്നുവെന്നും വെള്ളവും,  ഊര്‍ജ്ജവും എത്രവേഗം ചലിച്ചുകൊണ്ടിരിക്കണമെന്നും തീരുമാനിക്കുന്നത് കാടാണ്. ഊര്‍ജ്ജത്തിന്‍റെ അളവും ജല ലഭ്യതയുമാണ് ഭൂമുഖത്തെ എല്ലാ ചാക്രിക പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം. ഈ ചാക്രികതകളുടെ സന്തുലിതാവസ്ഥയിലേ ജീവപരിണാമ തുടര്‍ച്ച നിലനില്‍ക്കുകയുള്ളൂ. കേരളം ഭൂമദ്ധ്യരേഖയില്‍ നിന്നും 10 ഡിഗ്രിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ട് ഇവിടെ ഊര്‍ജ്ജ ലഭ്യത വളരെ കൂടുതലാണ്. അത് ഏറ്റുവാങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് കാലാവസ്ഥയെ നിയന്ത്രിക്കുവാന്‍ മഴക്കാടുകള്‍ക്കേ കഴിയൂ. ഒരു ജീവിക്കുപോലും വംശനാശഭീഷണി കൂടാതെ നിലനില്‍ക്കുവാനുള്ള ഭൂവിസ്തൃതിയില്ലാത്ത കേരളത്തില്‍ നാലായിരത്തിലധികം ജന്തു സസ്യ ജീവജാതികള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന അത്യപൂര്‍വമായ ജൈവവൈവിദ്ധ്യസമൃദ്ധിയുള്ള ഒരു ജീന്‍ പൂളാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടം കേവലം കുറെ മലനിരകളുടെ കൂട്ടമല്ല. ഭൂമദ്ധ്യരേഖയോട് അടുത്തു കിടക്കുന്ന മേഖലയായതുകൊണ്ട്, മണ്‍സൂണ്‍ വാതങ്ങളുടെ ഗതിമാര്‍ഗത്തില്‍ നിലകൊള്ളുന്നതുകൊണ്ടും, അനന്തമായ സസ്യജാലവൈവിധ്യം കൊണ്ടും, അവയില്‍ നിന്നുരുത്തിരിഞ്ഞ സൂക്ഷ്മ കാലാവസ്ഥ വൈവിദ്ധ്യം കൊണ്ടും, ആവാസ വ്യവസ്ഥയുടെ സങ്കീര്‍ണതകള്‍കൊണ്ടും ആഗോള കാലാവസ്ഥ സന്തുലനത്തില്‍ത്തന്നെ അദ്വിതീയസ്ഥാനമാണ് പശ്ചിമഘട്ടത്തിനും നമ്മുടെ സഹ്യപര്‍വത നിരകള്‍ക്കുള്ളത്. കേരളീയരെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തില്‍ നിന്നുല്‍ഭവിക്കുന്ന നൂറുകണക്കിന് ചെറുപ്രവാഹങ്ങളാണ് നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്നതും അതു വഴി നമ്മെ നിലനിര്‍ത്തുന്നതും. ഈ സത്യം വിസ്മരിച്ചുകൊണ്ട് നമുക്ക് ഇനി അധികദൂരം പോകാനാവില്ല. ഇവിടെ തര്‍ക്കമില്ലാത്ത ഒരു വസ്തുതയുണ്ട്. മനുഷ്യനിര്‍മിതമായ പലകാരണങ്ങളാല്‍ പശ്ചിമഘട്ടം ഇന്ന് നാശത്തിന്‍റെ വക്കിലാണ്. കാലങ്ങളായി നടക്കുന്ന ആക്രമണോത്സുകമായ വനംകയ്യേറ്റങ്ങളും, വനനശീകരണവും ഈ മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്നു. കാട്ടുതീ, വന്‍കിട ഏകവിളത്തോട്ടങ്ങള്‍, ടൂറിസം അധിനിവേശങ്ങള്‍, അണക്കെട്ടുകള്‍, പാറമടകള്‍, ഇതരഖനനങ്ങള്‍, തലങ്ങുംവിലങ്ങുമുള്ള റോഡുകള്‍, രാസകേന്ദ്രീകൃതമായ കൃഷിരീതികള്‍... ഇങ്ങനെ പോകുന്നു പശ്ചിമഘട്ടത്തിന്‍റെ നാശത്തിന് കളമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഈ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുന്നയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
കാടുകളുടെ നാശം ഊര്‍ജ്ജപ്രവാഹത്തിന്‍റെ താളം തെറ്റിക്കും. ഈ താളം തെറ്റലുകള്‍ നാം ഏറ്റവും വ്യക്തമായി അറിയുന്നത് ജലചംക്രമണത്തില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ്. പശ്ചിമഘട്ടത്തിലെ അന്തരീക്ഷ ആര്‍ദ്രത വളരെ വേഗം കുറയുകയാണ്. ഉണങ്ങിയ വായു മണ്ണിനെ ഉണക്കുന്നു. സസ്യസമൂഹങ്ങളില്‍ നിന്ന് വെള്ളം ബാഷ്പീകരിച്ച്  നഷ്ടപ്പെടുന്നതിന് വേഗത കൂടുന്നു. പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ മുമ്പ് ആറായിരം മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. ഇന്ന് മഴയുടെ അളവ് കുറഞ്ഞ് ഈ പ്രദേശങ്ങള്‍ മരുഭൂമിയായിക്കൊണ്ടിരിക്കുന്നു.
വന്‍കരകളുടെ കടലിനോട് ചേരുന്ന പടിഞ്ഞാറന്‍ അതിരുകള്‍ കൂടുതല്‍ ചൂടുപിടിക്കുന്ന പ്രദേശങ്ങള്‍ ആയതുകൊണ്ട് ഏറ്റവും നിശിതമായ മരുവത്കരണം അവിടെയായിരിക്കും അനുഭവപ്പെടുക. ആഫ്രിക്കയിലെ നമീബിയന്‍ മരുഭൂമി ഭാവിയില്‍ കേരളം എന്താകുമെന്നതിന്‍റെ ഒരു ചൂണ്ടുപലകയാണ്. മണ്‍സൂണ്‍ വായുപ്രവാഹം കാരണം മഴകിട്ടുന്നതുകൊണ്ടാണ് കേരളം പച്ചപിടിച്ചു നില്‍ക്കുന്നത്. ഭൗമാന്തരീക്ഷത്തിലെ മാറുന്ന വായുപ്രവാഹങ്ങളും കടല്‍ ഒഴുക്കുകളും മണ്‍സൂണ്‍ കാലവര്‍ഷത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായി പറയാന്‍ ആവില്ല.
കാലത്തിന്‍റെ അങ്ങേത്തലയ്ക്കലെന്നോ ഉരുത്തിരിഞ്ഞ ഇതിന്‍റെ പൂര്‍ണതയില്‍ നിന്ന് നമുക്ക് കൂടുതലൊന്നും എടുത്തുമാറ്റാനോ കൂട്ടിച്ചേര്‍ക്കാനോ ആവില്ല. അതിന് ശ്രമിച്ചാല്‍ കാട് കാടല്ലാതാകും. ഇന്ന് മനുഷ്യ പ്രവൃത്തികള്‍ കാരണം മരുവത്കരണവും അതിവൃഷ്ടിയും ധ്രുവങ്ങളിലെ മഞ്ഞുരുകലും എല്ലാം വലിയ പാരിസ്ഥിതിക തകര്‍ച്ചയുടെ തെളിവുകളാണ്.  വനനശീകരണം ഈ തകര്‍ച്ചയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം ഇവയുടെ അടിസ്ഥാനകാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. ഫോസില്‍ ഇന്ധനജ്വലനം, വനനശീകരണം, ആധുനികവല്‍ക്കരണം എന്നിവയിലൂടെ ടണ്‍ കണക്കിന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തുന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നും 600 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ കലരുന്നു. വനനശീകരണം വഴിയുള്ള സംഭാവന 150 കോടി ടണ്‍ ആണ്. വ്യവസായവല്‍ക്കരണവും വാഹനങ്ങള്‍ പെരുകിയതുമൂലവും അന്തരീക്ഷത്തില്‍ കാല്‍നൂറ്റാണ്ടിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് കാര്‍ബണ്‍ മലിനീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതില്‍ അവികസിത രാജ്യമായ ഇന്ത്യയ്ക്കും ചെറുതല്ലാതെ പങ്കുണ്ട്. ആഗോള താപനത്തിന്‍റെ തോത് കുറയ്ക്കുന്നതില്‍ വൃക്ഷങ്ങള്‍ക്കുള്ള പങ്ക് വിലമതിക്കാവുന്നതിനുമപ്പുറത്താണ്. ഈ സാഹചര്യത്തില്‍ എന്തിന്‍റെ പേരിലുള്ള വനനശീകരണമാണെങ്കിലും പ്രോത്സാഹിപ്പിക്കുവാന്‍ കഴിയുകയില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൂമിയില്‍ 5000 കോടി ഹെക്ടര്‍ വനമുണ്ടായിരുന്നത് ഇപ്പോള്‍ 2000 കോടിയാണ്.
നാം അധിവസിക്കുന്ന ഭൂമിയുടെ ആയുസ് ഏറിയാല്‍ മുപ്പത് മുപ്പത്തഞ്ച് വര്‍ഷത്തേക്കു കൂടിയേ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളൂ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷം കഴിയുമ്പോള്‍ നാം ജീവിച്ചിരിക്കുന്ന ഭൂമി മനുഷ്യനും ജന്തു ജീവജാതികള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്ത ഒരു ആവാസ വ്യവസ്ഥയായി രൂപാന്തരപ്പെട്ടേക്കാം. ജീവന്‍റെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായ പ്രാണവായു എന്ന ഓക്സിജന്‍ നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ജീവന്‍റെ നിലനില്‍പ്പിന് കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഓരോ നിമിഷം ചെല്ലുന്തോറും ക്രമാതീതമായി വര്‍ദ്ധിച്ച് വരുകയാണ്. മുപ്പത് - മുപ്പത്തഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും മനുഷ്യനും ജന്തു ജീവജാതികള്‍ക്കും ശ്വസിക്കാന്‍ പ്രാണവായു കിട്ടാതെ ആസ്ത്മ വലിച്ച് പിടഞ്ഞു വീണു മരിക്കുന്ന ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് 250 ജജങ ആയിരുന്നെങ്കില്‍ ഇന്നത് 390 ജജങ ആയി വര്‍ദ്ധിച്ചിരിക്കുന്നു. നമ്മുടെ അന്തരീക്ഷ വായുവില്‍ പത്ത് ലക്ഷം പാര്‍ട്ടിക്കിള്‍ എടുത്താല്‍ അതില്‍ 390 പാര്‍ട്ടിക്കിള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. ഓരോ വര്‍ഷം ചെല്ലുന്തോറും 400, 450, 500, 550, 600 ഇങ്ങനെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഭാവിയില്‍ വര്‍ദ്ധിച്ച് വന്നേക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് 600 കടക്കുമ്പോഴേക്കും മനുഷ്യനും ജന്തുജീവജാതികള്‍ക്കും ഓക്സിജന്‍ കിട്ടാതെ ആസ്ത്മ വലിച്ച് തുടങ്ങും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ വര്‍ദ്ധനവ് മൂലം ഇന്നു തന്നെ ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഇതുമൂലമുള്ള നൂറുകണക്കിന് പാരിസ്ഥിതിക പ്രത്യാഘാതങ്ങളും നാം അനുഭവിച്ച് തുടങ്ങിക്കഴിഞ്ഞു. മഴയുടെ അളവിലെ കുറവ്, മഴയിലെ വിതരണ ക്രമത്തിലെ അസന്തുലിതാവസ്ഥ, അതിവൃഷ്ടിയും അനാവൃഷ്ടിയും, വര്‍ദ്ധിച്ചുവരുന്ന ചുഴലിക്കൊടുങ്കാറ്റുകളും മേഘസ്ഫോടനങ്ങളും മനുഷ്യനും ജന്തു ജീവജാതികള്‍ക്കും അതിജീവനത്തിനുള്ള അവസരം പോലും ഇല്ലാത്ത കനത്ത നാശം ഏല്‍പ്പിക്കുന്നു. കടല്‍ ജലത്തിലും ശുദ്ധജല ശ്രോതസുകളായ പുഴകളിലെ ജലത്തിലും മലിനീകരണം മൂലം ഓക്സിജന്‍റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് മത്സ്യമുള്‍പ്പെടെയുള്ള ജലജീവികളുടെ വംശനാശം അപരിഹാര്യമായ നഷ്ടമാണ് മാനവരാശിക്ക് ഉണ്ടാക്കുക. നമ്മുടെ തന്നെ വംശനാശത്തിന്‍റെ തുടക്കം കൂടിയാണ് ഇത്. എന്തുകൊണ്ടാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടെ വികസന വീക്ഷണവുമായി ബന്ധപ്പെട്ട്, ജീവിത ശൈലിയുമായി ബന്ധപ്പെട്ട്, ആഢംബരവും ആര്‍ഭാടവും ധൂര്‍ത്തും ധാരാളിത്തവും ആര്‍ത്തിയും അധികാരത്വരയും, എല്ലാത്തിനേയും വെട്ടിപ്പിടിക്കുവാനും കീഴ്പ്പെടുത്തുവാനും നമ്മെ പ്രേരിപ്പിക്കുന്നു.
സൂര്യപ്രകാശം ജീവനുവേണ്ട ഊര്‍ജ്ജമാക്കി മാറ്റാന്‍ കഴിവുള്ള സസ്യങ്ങള്‍ തൊട്ട് അവയെ ഭക്ഷിക്കുന്ന ജീവികളും ഈ ജീവികളെ വേട്ടയാടുന്ന പരഭോജികളും ഭക്ഷ്യയോഗ്യമായ എല്ലാം ആഹരിക്കുന്ന മനുഷ്യനെ പോലുള്ള സര്‍വഭുക്കുകളും ഒരു പരസ്പര ശൃംഖലയിലാണ് നിലനില്‍ക്കുന്നത്. പ്രകൃതി നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും തെറ്റിക്കുന്ന മനുഷ്യന്‍ എന്ന ജീവജാതിയുടെ ആവിര്‍ഭാവത്തോടെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിത്തുടങ്ങിയത്. നൈസര്‍ഗിക ചുറ്റുപാടുകളില്‍ ഒരൊറ്റ ജീവിയും ക്രമാതീതമായി പെരുകി മറ്റു ജീവികള്‍ക്കും ആവാസവ്യവസ്ഥയ്ക്കും ദോഷം വരുത്തില്ല. ഒരൊറ്റ ജീവിയും അവയുടെ ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ജീവാഭയ വിഭവങ്ങളെ ഉന്മൂലനാശം ചെയ്യില്ല. ഒരു വന്യസസ്യഭുക്ക് അതിന്‍റെ ആഹാരം തിന്നുതീര്‍ത്ത് മരുഭൂമികള്‍ ഉണ്ടാക്കില്ല. ഒരു പരഭോജിയും തന്‍റെ വിശപ്പ് ശമിപ്പിക്കാനല്ലാതെ കൊല്ലില്ല. അതാണ് പ്രകൃതി നിയമം. മനുഷ്യന്‍ മാത്രം ഇത് അനുസരിക്കാന്‍ തയ്യാറല്ല. ജനസംഖ്യാ പെരുപ്പമാണ് വനവും ലോകവും നേരിടുന്ന മുഖ്യ ഭീഷണി. നാളെ ശുദ്ധജലവും പ്രാണവായുവും ഒരു കിട്ടാക്കനിയായിരിക്കും; ഇതായിരിക്കും നമ്മെ അലട്ടുന്ന മുഖ്യ ആശങ്ക. ഒരു ദിവസം ഒരു മനുഷ്യന് കഴിക്കാന്‍ കഴിയുന്ന പരമാവധി ഭക്ഷണം ഏകദേശം 3 കിലോഗ്രാമാണ്. എന്നാല്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ ഏകദേശം 18 കിലോഗ്രാം പ്രാണവായുവെങ്കിലും വേണ്ടിവരും. ഇത്രയും ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ 14 മരങ്ങള്‍ എങ്കിലും വേണ്ടിവരും. നമ്മുടെ ജീവന്‍റെ നിലനില്‍പ്പ് പ്രകൃതിയിലെ ഓരോ സസ്യങ്ങളുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മുഴുവന്‍ സസ്യജാലങ്ങളെയും കാത്തുസൂക്ഷിക്കുന്നതിനുള്ള ഹരിതബോധത്തിലേക്ക് ഓരോ മനുഷ്യനും ചുവട് വെക്കേണ്ടതാണ്.    
Share:

എന്‍റെ നിളേ -- ദേശമംഗലം രാമകൃഷ്ണന്‍അലറുന്നുണ്ടാരോ
എവിടുന്നോ
നിണമൊഴുകി വരുന്നുണ്ടല്ലോ.
ഒടിഞ്ഞ പാലത്തിന്നടിയില്‍
പച്ച മറഞ്ഞൊരു ജീവന്‍
അനാഥമായൊരു കളിയാട്ടം.

കാണുന്നൂ കവിഗേഹം മുമ്പില്‍
നോക്കുകുത്തിച്ചിരി പോലെ,
ഈ നടയ്ക്കലാരേ കുത്തിവരച്ചൂ
കാട്ടാളക്കോലങ്ങള്‍.
തുള വീണൊരിടയ്ക്കയില്‍
മൗനം നിന്നു കലമ്പുന്നു
അരങ്ങു നിറഞ്ഞു പടര്‍ന്നൂ
മുള്ളുകള്‍ കാട്ടപ്പകളും.
പൊന്നാനിക്കരിക്കുകളില്‍
മൂളി മൂളിയുറുഞ്ചുന്നാരോ,
ഇല്ല ശിങ്കിടികള്‍ക്കിന്നും പെരുമ
ഇല്ല കല്‍പിത ബിരുദങ്ങള്‍.

ശങ്കിച്ചാണാള്‍ക്കാരന്തിയില്‍
ഇവിടെ പടികേറുന്നൂ
കേള്‍ക്കാനേയില്ലൊരു കേളി.
നിളയോരപ്പകലുകള്‍ പോയോ
നിളയോര സ്സന്ധ്യകള്‍ പോയോ
കഥകളിരാവുകളേ
തിരികെ വരിന്‍
എന്‍ കണ്ണു മിഴിപ്പിക്കിന്‍.

ആരാരുടെ ക്രൗര്യത്താല്‍
മുറ്റി വളര്‍ന്നൊരു
മുള്‍ക്കാടായിന്നെന്‍റെ നിളേ
എന്‍റെ നിളേ

ഞാറ്റുവേലപ്പദ-
മേളം കൊണ്ടൊരു കവിഹൃദയം
മേളപ്പദമാടുകകൊണ്ടേ
നീയൊഴുകിയതന്നെന്‍റെ നിളേ
എന്‍റെ നിളേ.

കണ്ണില്ലാത്താകാശം
ഇരുളാഴികള്‍ ചൊരിയുന്നൂ
ചുട്ടി പൊടിഞ്ഞുതിരുന്നൂ.
ആളുകള്‍ ശങ്കിച്ചല്ലോ
പടിവാതിലില്‍ മുട്ടുന്നൂ
ഇല്ല വിളക്കിന്‍വെട്ടം
പടുതിരി കത്തിയണഞ്ഞൂ
കള്ളിമുള്ളു ചവയ്ക്കുന്നൂ നീ
എന്‍റെ നിളേയെന്‍റെ നിളേ...

Share:

ഷെരീഫ് ഈസ: ദ ലവര്‍ ഓഫ് സിനിമ അഭിമുഖം -- സുധി സി.ജെ.

ഷെരീഫ് ഈസ: ദ ലവര്‍ ഓഫ് സിനിമ
അഭിമുഖം സുധി സി.ജെ.

     സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ څകാന്തന്‍: ദ ലവര്‍ ഓഫ് കളേഴ്സ്' എന്ന ചിത്രം സമ്മാനിതമാകുമ്പോള്‍ സിനിമയെ പ്രണയിച്ച ഷെരീഫ് ഈസ എന്ന യുവാവിന്‍റെ സമാനതകളില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരം കൂടിയായി അത് മാറുന്നു. പ്രളയാനന്തര കേരളത്തില്‍ പരിസ്ഥിതി സംബന്ധിയായ തന്‍റെ ചിത്രത്തിന് പുരസ്കാരം ലഭിച്ചതിന്‍റെ ആഹ്ലാദം പങ്കിടുമ്പോഴും കണ്ണൂര്‍ കൂവേരി സ്വദേശിയായ യുവാവിന് അമിത ആവേശമോ ആഘോഷങ്ങളോ ഇല്ല. ജീവിക്കാന്‍ വേണ്ടി റബ്ബര്‍ ടാപ്പിങ് തൊഴിലാളി, മിമിക്സ് കലാകാരന്‍, നാടക പ്രവര്‍ത്തകന്‍, വെഡ്ഡിങ് വീഡിയോഗ്രാഫര്‍ തുടങ്ങി പല വേഷങ്ങള്‍ കെട്ടിയാടുമ്പോഴും ഷെരീഫിന് എന്നും പ്രണയം സിനിമയോടായിരുന്നു. ജീവിതവും സിനിമയും സമാന്തരമായി കൊണ്ടുപോകുന്ന ഈ കലാകാരന്‍  മുഴുവന്‍ സമയ ചലച്ചിത്ര പ്രവര്‍ത്തകന്‍ അല്ല. അവാര്‍ഡ് നേട്ടമൊന്നും അതുകൊണ്ടു തന്നെ ഷെരീഫിന്‍റെ ജീവിതചര്യകളെ മാറ്റി മറിച്ചിട്ടുമില്ല. 
തളിപ്പറമ്പിലുള്ള സുഹൃത്തിന്‍റെ തയ്യല്‍ കടയിലിരുന്നാണ് ഷെരീഫ് സംസാരിച്ചു തുടങ്ങിയത്. പുലര്‍ച്ചെ ടാപ്പിങ്ങിനിടെ മുറിവേറ്റ തള്ളവിരലില്‍ രക്തം ഉണങ്ങി തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഉണങ്ങാത്ത ഒട്ടേറെ മുറിവുകളുടെ ഓര്‍മകളുണ്ട് സംസ്ഥാന പുരസ്കാര വേദി കീഴടക്കിയ ഷെരീഫിന്‍റെ ചലച്ചിത്ര പ്രയാണത്തില്‍. സിനിമയെക്കുറിച്ചും സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചും ഷെരീഫ് വാചാലനായി തുടങ്ങിയപ്പോള്‍ ആ കുടുസുമുറിക്കപ്പുറത്തേക്ക് ലോകം വലുതായി വലുതായി വന്നു...                                   

കാഴ്ചയുടെ ലോകം തുറന്ന ഉത്സവങ്ങളും നാടകങ്ങളും
   
     സിനിമ കുട്ടിക്കാലം മുതലുള്ളൊരു സ്വപ്നമാണ്. തൊണ്ണൂറ് ശതമാനം ആളുകളും സിനിമ സ്വപ്നം കാണുന്നവരല്ലേ. സിനിമയെക്കുറിച്ച് അക്കാദമികമായ പരിജ്ഞാനം ഒന്നും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. നാടക പരിശീലനം നടത്തിയിട്ടോ നാടകത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ പഠിച്ചിട്ടോ വായിച്ചിട്ടോ അല്ല നാടകവും സിനിമയുമൊക്കെ ചെയ്തത്. കുട്ടിയായിരിക്കുമ്പോള്‍ അച്ഛനൊപ്പം ഉത്സവത്തിന് നാടകം കാണാന്‍ പോകുമായിരുന്നു. നാടകങ്ങള്‍ കാഴ്ചയുടെ ഒരു ലോകം തുറന്നു തന്നു. ആ ഉത്സവകാല ഓര്‍മകളും കാഴ്ചകളുമൊക്കെയാണ് പിന്നീട് നാടകവും സിനിമയുമൊക്കെ ചെയ്യാന്‍ പ്രചോദനമായതും.
     സ്കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുന്ന പതിവുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് സ്കൂള്‍ കലോത്സവങ്ങളിലെ മത്സരങ്ങള്‍ക്കു വേണ്ടി കുട്ടികള്‍ക്കു വേണ്ടിയും വായനശാല വാര്‍ഷികത്തിനു വേണ്ടിയുമൊക്ക നാടകങ്ങള്‍ എഴുതി. സ്കൂള്‍ കലോത്സവത്തിനു വേണ്ടി എഴുതിയ നാടകങ്ങള്‍ക്കൊക്കെ തുടര്‍ച്ചയായി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും നാടകവേദിയില്‍ സജീവമാണ്. പ്ലസ്ടു കഴിഞ്ഞിറങ്ങിയ കാലത്ത് കൂട്ടുകാരുമായി ചേര്‍ന്ന് മിമിക്സ് ട്രൂപ്പൊക്കെ ഉണ്ടാക്കി പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അന്ന് മിമിക്രി ക്ലിക്കായി നില്‍ക്കുന്ന സമയമാണ്. ഡിഗ്രിക്കു ചേര്‍ന്നെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടയില്‍ ഞാനൊരു മൂന്നു മാസത്തെ വീഡിയോഗ്രാഫി ആന്‍ഡ് എഡിറ്റിങ് കോഴ്സിനു ചേര്‍ന്നു. സിനിമയോടുള്ള പ്രണയം കൊണ്ടല്ല മറിച്ച് ഉപജീവനത്തിനു വേണ്ടിയാണ് അങ്ങനെയൊരു കോഴ്സ് ചെയ്തത്. അങ്ങനെയാണ് വിവാഹ വീഡിയോഗ്രാഫിയിലേക്ക് തിരിയുന്നത്.

സിനിമകള്‍ രാഷ്ട്രീയബോധം ഉയര്‍ത്തിപ്പിടിക്കണമെന്ന് നിര്‍ബന്ധം
   
     ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് സിനിമാ സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നത്. 2013ല്‍ 
ഡല്‍ഹി നിര്‍ഭയ വിഷയത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച څസെക്ഷന്‍ 376چ ആയിരുന്നു ആദ്യത്തെ ഹ്രസ്വചിത്രം. څബീഫ്' ആയിരുന്നു രണ്ടാമത്തെ ചിത്രം. 2015ല്‍ നിര്‍മിച്ച ചിത്രം ബീഫിന്‍റെ രാഷ്ട്രീയത്തെയാണ് പ്രശ്നവത്ക്കരിച്ചത്. റോഡ് സുരക്ഷാ ബോധവത്ക്കരണ സന്ദേശവുമായി പുറത്തിറങ്ങിയ څറിയര്‍ വ്യൂچ ആയിരുന്നു മൂന്നാമത്തെ ചിത്രം. څറിയര്‍ വ്യൂچ നൂറോളം സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്‍റെ സിനിമ കാണാന്‍ ചിലപ്പോള്‍ വളരെ കുറച്ച് പ്രേക്ഷകരെ ഉണ്ടാവു. എന്നിരുന്നാലും ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ സാമൂഹിക-രാഷ്ട്രീയ ബോധം ഉയര്‍ത്തി പ്പിടിക്കണമെന്നു നിര്‍ബന്ധമുണ്ട്.

രോഹിത് വെമുലയില്‍ തുടങ്ങി കാന്തനില്‍ എത്തിച്ചേര്‍ന്ന സിനിമ
   
     രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ ദളിത് പശ്ചാത്തലത്തിലൊരു പത്തു മിനിറ്റ് ഹ്രസ്വചിത്രം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ചര്‍ച്ചകള്‍ നടക്കുകയും എന്‍റെ നാട്ടുകാരന്‍ കൂടിയായ പ്രമോദ് കൂവേരി 10 മിനിറ്റ് ഷൂട്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ തിരക്കഥ എഴുതി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. അന്ന് څനന്മമരംچ എന്നായിരുന്നു സിനിമയ്ക്കു പേരിട്ടിരുന്നത്.  അത് പിന്നീട് വിപുലീകരിക്കുകയും ദൈര്‍ഘ്യം 20 മിനിറ്റായി വര്‍ദ്ധിക്കുകയും ചെയ്തു.
     അടുത്ത ഘട്ടമെന്ന നിലയില്‍ സിനിമ ചിത്രീകരിക്കേണ്ട സ്ഥലങ്ങള്‍ തേടി യാത്ര ആരംഭിച്ചു. അങ്ങനെ ലൊക്കേഷന്‍ അന്വേഷിച്ച് വയനാട്ടില്‍ എത്തിയപ്പോള്‍ അവിടുത്തെ ആദിവാസി കോളനികളിലെ ജീവിതങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ ഇടയായി. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വിവേചനങ്ങളുമൊക്കെ മനസ്സിലാക്കി. ആ യാത്ര ആദിവാസി സമൂഹങ്ങള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നതും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമായ ഭാഷകളെകുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള പുത്തന്‍ അറിവുകളും സമ്മാനിച്ചു. അവരുടെ ഭാഷയും ആചാരങ്ങളുമൊക്കെ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് തോന്നി. അങ്ങനെ തിരക്കഥ പൊളിച്ചെഴുതി. 20 മിനിറ്റില്‍ പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ച സിനിമയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറും നാല്‍പത് മിനിറ്റുമായി വര്‍ദ്ധിച്ചു.

നിറങ്ങളെ പ്രണയിക്കുന്ന കാന്തന്‍
   
     ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് നിറത്തിന്‍റെ പേരിലുള്ള വിവേചനം. സ്വന്തം നിറത്തോട് അപകര്‍ഷതാ ബോധം തോന്നുന്ന ഒരു ആദിവാസി ബാലന്‍റെ കഥയാണിത്. മുത്തശ്ശിയുടെ സാന്നിധ്യം അവനെ അത്തരം അപകര്‍ഷതകളെ മറികടക്കാന്‍ സഹായിക്കുന്നു.  പതിയെ അവന്‍ മറ്റു നിറങ്ങളെ പ്രണയിക്കാനും തുടങ്ങുന്നു. മലയാളം കൂടാതെ കേരളത്തില്‍ അറുപതോളം ഭാഷകളുണ്ട്. ഇവയില്‍ പലതിനും ലിപികളില്ല, സംസാര ഭാഷയായി മാത്രം നിലനിന്നു പോകുന്നവയാണ്. ഇതില്‍ പല ഭാഷകളും അന്യം നിന്നുകൊണ്ടിരിക്കുകയാണ്. ആദിവാസി ഭാഷയായ റാവുളയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റാവുള ഭാഷയില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അടിയ വിഭാഗത്തെക്കുറിച്ചാണ് സിനിമ, അവര്‍ റാവുളര്‍ എന്നും അറിയപ്പെടാറുണ്ട്.

ദയാബായി, അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ വേഷം
   
     സിനിമയുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചതോടെയാണ് സ്ത്രീ കഥാപാത്രം രൂപപ്പെടുന്നത്. അതുവരെ ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതി. സ്ത്രീ കഥാപാത്രം രൂപപ്പെട്ടപ്പോള്‍ ആ വേഷം വര്‍ഷങ്ങളായി ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായി തന്നെ ചെയ്താല്‍ നന്നാകുമെന്ന് തോന്നി. അഭിനയിക്കണമെന്ന ആവശ്യവുമായി ദയാബായിയെ സമീപിച്ചപ്പോള്‍ അവര്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. നിരന്തരം അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ കഥ കേള്‍ക്കാന്‍ തയ്യാറായി. ഒരു വര്‍ക്കുമായി ബന്ധപ്പെട്ടു
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടെന്നും തിരക്കഥയുമായി അങ്ങോട്ട് വരാനും ആവശ്യപ്പെട്ടു. അങ്ങനെ ഞാനും തിരക്കഥാകൃത്ത് പ്രമോദും പൂനെയിലെത്തി അവര്‍ക്കു തിരക്കഥ കൈമാറി. സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ദയാബായി കരഞ്ഞു. അവര്‍ക്കു കഥ ഒരുപാട് ഇഷ്ടപ്പെടുകയും അങ്ങനെ അവര്‍ ഈ സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു.

പ്രളയാനന്തരം നടന്ന ഐഎഫ്എഫ്കെയില്‍
നിന്ന് പിന്തള്ളിയപ്പോള്‍ നിരാശ തോന്നി
   
     ഇരുപത്തിനാലാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അതേ സമയം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. പ്രളയം കഴിഞ്ഞ് കേരളത്തില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന സിനിമയ്ക്ക് ഇടം പിടിക്കാന്‍ കഴിയാതെ പോയതില്‍ ഏറെ നിരാശ തോന്നിയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അയക്കുമ്പോള്‍ സിനിമ പിന്തള്ളപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ടായിരുന്നു.

അവാര്‍ഡ് നിര്‍ണയത്തിലും ചലച്ചിത്രമേളകളിലും
വീതംവെപ്പുകള്‍ നടക്കുന്നുണ്ട്
   
     കേരളത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള തിരഞ്ഞെടുപ്പിലും അവാര്‍ഡ് നിര്‍ണയത്തിലും എല്ലാം വീതംവെപ്പുകള്‍ നടക്കാറുണ്ട്. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും അതിലൊരു മാറ്റം വരുന്നതായി തോന്നാറില്ല. സിനിമാ ആസ്വാദകര്‍ക്ക് വിപണിയില്‍ ലഭ്യമല്ലാത്ത നല്ല സിനിമകള്‍ കാണിച്ചു കൊടുക്കാനാണ് ചലച്ചിത്രമേളകളില്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. പലപ്പോഴും ഡിവിഡിയായി വിപണിയിലോ ഓണ്‍ലൈനിലോ എളുപ്പത്തില്‍ ലഭിക്കാവുന്ന സിനിമകളാണ് മേളയില്‍ ഇടം പിടിക്കുന്നത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ മുന്‍ഗണന നല്‍കുന്നത് റിലീസാകാത്ത സിനിമകള്‍ക്കും സമാന്തര സ്വതന്ത്ര സിനിമകള്‍ക്കുമാണ്. മറ്റു സിനിമകള്‍ കാണാന്‍ നമുക്ക് ഒരുപാട് മാര്‍ഗങ്ങളുണ്ട്. 

ബോളിവുഡിലേക്ക് ക്ഷണിച്ച് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി
   
     സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ കമ്മിറ്റിയുടെ ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഷെരീഫില്‍ കാലത്തിന്‍റെ പള്‍സ് അറിയുന്നൊരു സംവിധായകനെ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് ബോളിവുഡില്‍ നന്നായി തിളങ്ങാന്‍ കഴിയും. മലയാളത്തിന്‍റെ പരിമിതികള്‍ വിട്ട് അങ്ങോട്ടു വരൂ. താങ്കളെ ഞാന്‍ അങ്ങോട്ട് ക്ഷണിക്കുന്നു. ഇതാണ് ഹ്രസ്വ സംഭാഷണത്തിനിടെ അദ്ദേഹം  എന്നോട് പറഞ്ഞത്. അത് തന്നെ ഏറ്റവും വലിയൊരു അവാര്‍ഡായിട്ടാണ് ഞാന്‍ കാണുന്നത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണെങ്കില്‍ മികച്ച ചിത്രം ഉള്‍പ്പടെ അഞ്ച്  അവാര്‍ഡുകള്‍ څകാന്തന്‍: ദ ലവര്‍ ഓഫ് കളേഴ്സ്چ  നു നല്‍കണമെന്നു ജൂറി ചെയര്‍മാന്‍ നിലപാട് എടുത്തിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, മികച്ച സഹനടി, മികച്ച ബാലതാരം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കണമെന്ന് ജൂറി ചെയര്‍മാന്‍ വാദിച്ചതായും അത് മറ്റ് അംഗങ്ങള്‍ എതിര്‍ത്തുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അദ്ദേഹം വിയോജിച്ചു കൊണ്ട് പുറത്തു പോകുകയും ഒടുവില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കാന്തന് നല്‍കാന്‍ ജൂറിയിലെ മറ്റ് അംഗങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്‍റെ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തില്ല

     നികുതിയൊക്കെ പൂര്‍ണമായി ഒഴിവാക്കി കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ കീഴിലുള്ള തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. എന്‍റെ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയല്ല. അത് വളരെ കുറച്ച് പ്രേക്ഷകരെ മാത്രം തൃപ്തരാക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സിനിമ തിയറ്ററിലേക്ക് കൊണ്ടുവരേണ്ടതില്ല എന്നതാണ് എന്‍റെ അഭിപ്രായം.
സിനിമ ചെയ്യുന്നവര്‍ക്ക് മാത്രം സാമൂഹിക-രാഷ്ട്രീയബോധം ഉണ്ടായിട്ട് കാര്യമില്ല. സിനിമ കാണുന്നവര്‍ക്കും കൃത്യമായ രാഷ്ട്രീയ-സാമൂഹിക ബോധം ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ കൃത്യമായ രാഷ്ട്രീയവും നിലപാടുമുള്ള ആളുകളിലേക്കാണ് സിനിമ എത്തേണ്ടത്. അതിനു തിയറ്റര്‍ റിലീസിങ്ങിനെക്കാള്‍ നല്ലത് ഫിലിം സൊസൈറ്റികളുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനമാകും.

കടം മേടിച്ചും ക്യാമറയും സ്വര്‍ണവും വിറ്റും
ലോണെടുത്തും പൂര്‍ത്തിയാക്കിയ സിനിമ

     ഒരു ലക്ഷത്തിതൊണ്ണൂറായിരം രൂപ ബജറ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ഷൂട്ടിങ്ങിന്‍റെ ഒരു 30 ശതമാനം പൂര്‍ത്തിയായപ്പോള്‍ തന്നെ കൈയ്യിലുള്ള പൈസയൊക്കെ തീര്‍ന്നിരുന്നു. ഷൂട്ടിങ് പലപ്പോഴും മുടങ്ങി. സിനിമ പൂര്‍ത്തീകരിക്കാന്‍ രണ്ടു വര്‍ഷ കാലത്തോളമെടുത്തു. പലരോടും കടം വാങ്ങിയും ബാങ്കില്‍ നിന്ന് ലോണെടുത്തും എന്‍റെ ക്യാമറ വിറ്റും ഭാര്യയുടെ സ്വര്‍ണം വിറ്റുമൊക്കെയാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

    ഫണ്ടില്ലാത്തിടത്തോളം കാലം നമുക്ക് പല കാര്യങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് പോസ്റ്റ് പ്രൊഡക്ഷനിലാണ്. സൗണ്ട് മിക്സിങ്, സൗണ്ട് ഡിസൈനിങ്, എഡിറ്റിങ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം തുടങ്ങിയ മേഖലകളിലാണ് നമുക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിക്കേണ്ടി വരുന്നത്. ഫണ്ട് കുറയുമ്പോള്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരും. അത് സിനിമയുടെ മൊത്തത്തിലുള്ള ഫലത്തെയും ബാധിക്കും.

ചലച്ചിത്ര അവാര്‍ഡിന് സിനിമ സമര്‍പ്പിക്കാന്‍
പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു

     ജനുവരി 31 ആയിരുന്നു സിനിമ സംസ്ഥാന അവാര്‍ഡിന് സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി. അവാര്‍ഡിന് സമര്‍പ്പിക്കാനുള്ള പണമില്ലായിരുന്നു. അവസാന നിമിഷം വരെ സിനിമ അവാര്‍ഡിന് അയയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലായിരുന്നു. 30-ാം തീയതിയാണ് സിനിമ സമര്‍പ്പിക്കുന്നത്. പതിനായിരം രൂപ കടം വാങ്ങിയിട്ടാണ് വിധി നിര്‍ണയത്തിന് സിനിമ സമര്‍പ്പിക്കുന്നത്.

കലാമൂല്യമുള്ള സിനിമകള്‍ കാലത്തെ അതിജീവിക്കും

    കോടികള്‍ മുടക്കി ചെയ്യുന്ന ബിഗ് ബജറ്റ് സിനിമകള്‍ വിപണി മാത്രം ലക്ഷ്യം വെച്ചുള്ളവയാണ്.
സമാന്തര സിനിമകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോട് പിടിച്ചു നില്‍ക്കാന്‍ ഒരിക്കലും അത്തരം സിനിമകള്‍ക്കു കഴിയില്ല. കലാമൂല്യമുള്ള സിനിമകള്‍ തന്നെയാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. ഒരു കൊമേഴ്സ്യല്‍ സിനിമ പുറത്തിറങ്ങി രണ്ടാഴ്ചയോ രണ്ടു മാസമോ തിയറ്ററില്‍ ഓടുന്ന കാലയളവില്‍ മാത്രമാണ് അത് ചര്‍ച്ച ചെയ്യപ്പെടുന്നത്. അതേ സമയം എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ലോക ക്ലാസിക്കുകള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രേക്ഷകരുടെ മനസ്സില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നത് കലാമൂല്യമുള്ള സിനിമകളാണ്.

    അതിന്‍റെ മറുവശത്ത് ആളുകള്‍ തിയറ്ററില്‍ എത്തുന്നത് സിനിമ ആസ്വദിക്കാന്‍ വേണ്ടി തന്നെയാണ്. ഞാന്‍ എല്ലാത്തരം സിനിമകളും കാണുന്ന വ്യക്തിയാണ്. മറ്റെല്ലാ പ്രേക്ഷകരെയും പോലെ ഞാനും 100 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് തിയറ്ററില്‍ കയറുന്നത് രണ്ടു മണിക്കൂര്‍ ഉല്ലസിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് തന്നെ സമാന്തര സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഒരുപാട് ലോകോത്തര സിനിമകളൊന്നും കണ്ടിട്ടുള്ള വ്യക്തിയല്ല ഞാന്‍. 1948 ല്‍ പുറത്തിറങ്ങിയ വിറ്റോറിയോ ഡി സിക്കയുടെ ബൈസിക്കിള്‍ തീവ്സാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള സിനിമ. മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ഇഷ്ടമാണ്. 

കലാപ്രവര്‍ത്തനം ത്യാഗപൂര്‍ണമായൊരു
കര്‍മ്മമണ്ഡലമാണ്...

     എന്‍റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കലാപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ത്യാഗപൂര്‍ണമായൊരു കര്‍മ്മ മേഖലയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സാമൂഹിക അസമത്വങ്ങളും അനീതികളും അനാചാരങ്ങളും നിലനിന്നിരുന്ന കാലഘഘട്ടത്തില്‍ നിന്ന് ഇന്ന് നമ്മള്‍ ഈ കാണുന്ന സമൂഹത്തെ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് എത്തിക്കാന്‍ ഇവിടത്തെ നാടകങ്ങളും സിനിമകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. എല്ലാ അനീതികളും അസമത്വങ്ങളും അനാചാരങ്ങളും മാറിയെന്നല്ല, എന്നിരുന്നാലും കലയ്ക്കും കലാകാരനും എല്ലാ കാലത്തും സമൂഹത്തിനു മേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ടൂളായി പ്രവര്‍ത്തിക്കാന്‍ കഴിയും.

Share:

പെണ്ണടയാളം നാടകം -- അജിത്രി കെ.കെ


     സാമൂഹിക ജനാധിപത്യത്തിന്‍റെ ഇടപെടല്‍ സമൂഹത്തില്‍ അത്യാവശ്യമായ ഒരു ഘട്ടത്തിലാണ് മലപ്പുറം പുരോഗമന കലാസാഹിത്യ സംഘം വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ ഒരു നാടക കളരി സംഘടിപ്പിച്ചത്. അതിന് څപെണ്ണടയാളംچ എന്ന് നാമകരണം ചെയ്തത്.
     ഇന്ത്യന്‍ ഭരണഘടനയില്‍ 15, 16 തുടങ്ങിയ ആര്‍ട്ടിക്കിളുകളിലൊക്കെ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായിട്ടുള്ള പ്രാതിനിധ്യ ജനാധിപത്യം ഉറപ്പുനല്‍കുന്നുണ്ട്. മൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ട ഘട്ടം വന്നപ്പോള്‍ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാര്‍ ഒരുതരം രാഷ്ട്രീയ നേതാക്കളാണെന്ന തെറ്റിദ്ധാരണ പരത്താന്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. څപെണ്‍കനല്‍چ എന്ന പേരില്‍ ഏകദിന ശില്പശാല ശ്രീജ ആറങ്ങോട്ടുകരയുടെ നേതൃത്വത്തില്‍ നടത്തിയപ്പോഴും കാടാമ്പുഴ  നാടക ക്യാമ്പിലും സ്ത്രീകള്‍ എഴുതി സ്ത്രീകള്‍ സംവിധാനം ചെയ്യുന്ന ഒരു നാടകം തന്നെയായിരുന്നു വനിതാ സാഹിതിയുടെ മികച്ച സ്വപ്നം. എന്നാല്‍ ഒരു തുടക്കമെന്ന നിലയില്‍ കരിവള്ളൂര്‍ മുരളി രചനയും കോട്ടക്കല്‍ മുരളി സംവിധാനവും നിര്‍വഹിച്ച ഒരു നാടകത്തിലൂടെ ഇതിലഭിനയിച്ച പത്തു നാരിമാരും തങ്ങളുടെ പ്രതിഭാവിലാസം കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കുകയാണ് ചെയ്തത്. ഇവരാരും തന്നെ മുന്‍കാല നാടക പാരമ്പര്യം ഉള്ളവരല്ല. സത്യഭാമ, ജിഷ എന്നിവര്‍ ഏകപാത്ര നാടക പരിചയം ഉള്ളവരാണ്.
     നാടകത്തിന്‍റെ ഓരോ അടരിലും സ്വതന്ത്രമായ ആശാകിരണങ്ങളുണ്ട്. സ്വാതന്ത്ര്യനിഷേധങ്ങള്‍ക്കെതിരെ ചിലരെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്‍റെ സൂചനകളുണ്ട്. സുപ്രീം കോടതി വിധിയുടെ തണലില്‍ ശബരിമലയില്‍ കാലുകുത്തിയ കനകദുര്‍ഗയെ സാക്ഷിയാക്കിയാണ് പ്രസ്തുത നാടകം അരങ്ങേറിയത്. - യുദ്ധം പോലും നമുക്കെതിരെ പെട്ടെന്ന് കടന്നുവരുകയായിരുന്നു.
     നവകേരള സൃഷ്ടിയുടെ ഭാഗമായി നമുക്ക് വലിയ പ്രക്ഷോഭത്തിന് തുടക്കമിടാം. അതുകൊണ്ട് സാധാരണ വീട്ടമ്മമാരും ഉദ്യോഗസ്ഥകളും ധാരാളമായി ഈ രംഗത്തേക്ക് കടന്നുവരട്ടെ... നാം ജീവിക്കുന്ന ലോകത്തിന്‍റെ ആചാര - അനാചാര ഭീകരതയെ ലഘൂകരിച്ചു കാണുന്ന വിഡ്ഢിത്തമാണ് നാം സ്ഥിരം ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷേ എന്നിട്ടും നാം പ്രതികരിക്കുന്നു. എഴുതുന്നു. അഭിനയിക്കുന്നു. ജീവിക്കുന്നു.
     നങ്ങേലിയുടെയും പഞ്ചമിയുടെയും റോള്‍ ഇവിടെ തീരുന്നില്ല. ڇവ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി സര്‍വാത്മനാ ശ്രമിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ പറയാനാകുന്നത് പറയുകയും ചെയ്യാനാകുന്നത് വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ ചെയ്യുകയും ചെയ്യുന്നു.ڈ
     കുനിയാന്‍ പറയുമ്പോള്‍ ഇഴഞ്ഞു തുടങ്ങുന്ന കലാകാരന്മാര്‍ ഉള്ള നാട്ടില്‍ പ്രതിരോധം എന്നത് വലിയ വാക്കാണ്. നിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ലുള്ളവരാണ് എന്ന് നാടക മണ്ഡലത്തില്‍ നിന്ന് ഏതാനും സ്ത്രീകള്‍ തെളിയിച്ചിരിക്കുന്നു. നവോത്ഥാന സന്ദേശമുള്ള ഒരു കഥാബീജം പുതിയ കേരള രാഷ്ട്രീയ പരിസ്ഥിതിയില്‍ ഉരുവം കൊള്ളാനുള്ള ഊര്‍ജം തന്നത് ഇവിടത്തെ പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളാണ്. ജാതി ശക്തികളൊക്കെ വലിയ അപകടമാണ് ഈ നാടിന് വരുത്തിവയ്ക്കുന്നത് എന്ന് സ്ഥാപിക്കാന്‍ ഈ നാടകത്തിന് കഴിഞ്ഞിട്ടുണ്ട്.
     രണ്ടായിരം രൂപ വീതം സഹൃദയരില്‍ നിന്ന് ബോണ്ടു സ്വീകരിച്ച് ഫണ്ട് കണ്ടെത്തിയാണ് നാടകം തട്ടില്‍ കയറിയത്. വേദികള്‍ കിട്ടുന്ന മുറയ്ക്ക് അത് തിരികെ നല്‍കാനാണ് ധാരണ. വേദികള്‍ ഉണ്ടാവണം. നാടകം ഒരു തിയേറ്റര്‍ വര്‍ക്ഷോപ്പ് എന്ന നിലയില്‍ ഒതുക്കി നിര്‍ത്താതെ ഇതിന്‍റെ പുറകില്‍ അക്ഷീണം പ്രയത്നിച്ച വലിയൊരു കൂട്ടായ്മയുണ്ട്. 
Share:

വിശുദ്ധ നാദബ്രഹ്മം മിഴാവ് --ഈശ്വരന്‍ ഉണ്ണി


     വിവിധ ഭാഷകള്‍ കൊണ്ടും വിവിധ സംസ്കാരങ്ങള്‍ കൊണ്ടും, വിവിധ കലകള്‍ കൊണ്ടും വൈവിദ്ധ്യമായ വാദ്യവിശേഷങ്ങള്‍ കൊണ്ടും വിവിധ മതങ്ങളെ കൊണ്ടും മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഭാരതത്തില്‍ കേരളം എല്ലാം കൊണ്ടും സമൃദ്ധമാണ്. വിവിധ ജാതിക്കാര്‍ക്കും, മതസ്ഥര്‍ക്കും അവരവരുടെ പുരാണങ്ങള്‍ക്കനുസൃതമായി വിവിധയിനം കലകളില്‍ വിവിധ വാദ്യഘോഷങ്ങളും കാണാം.
     എന്നാല്‍ څമിഴാവ്چ പോലെ ലോകത്തില്‍വെച്ച് ഏറ്റവും പഴക്കമുള്ളതും, പ്രത്യക്ഷപ്പെട്ടുകണ്ടതുമായ ഒരു വാദ്യവിശേഷം വേറെ ഇല്ലെന്ന് നിസ്തര്‍ക്കം പറയാം.
     വടക്കേ മലബാറില്‍ പ്രസിദ്ധമായ കോട്ടയത്തു തമ്പ്രാക്കന്‍മാരുടെ അധീനതയിലുള്ള څമുഴക്കുന്ന്چ എന്ന സ്ഥലത്ത് മൃണ്‍മയ സ്വരൂപത്തില്‍ ഈ വാദ്യവിശേഷം പ്രത്യക്ഷപ്പെട്ടു. തമ്പുരാന്‍ ഈ സ്ഥലത്ത് ഭഗവതിക്ഷേത്രം പണിയിച്ച് ഭഗവതിയോടൊപ്പം തന്നെ പ്രത്യക്ഷപ്പെട്ട വാദ്യവിശേഷമായ മിഴാവിനെയും ആരാധിച്ചുപോന്നു. അന്നു മുതല്‍ ആ പ്രദേശം څമൃദംഗശൈലംچ څമിഴാക്കുന്ന്چ എന്ന പേരില്‍ അറിയപ്പെട്ടു. ഇന്ന് ആ സ്ഥലം څമൊഴക്കുന്ന്چ എന്ന പേരില്‍ അറിയുന്നു.
     കഥകളിയുടെ പ്രണേതാവായ കോട്ടയത്തുതമ്പുരാന്‍ താന്‍ രചിച്ച കഥകളിയുടെ വന്ദനശ്ലോകത്തില്‍ തന്‍റെ പരദേവതയായ മുഴക്കുന്ന് ഭഗവതിയെ - പോര്‍ക്കലീ - ഭഗവതിയെ വന്ദിക്കുന്നതായി കാണുന്നു. ڇമൃദംഗശൈലനിലയം ശ്രീപോര്‍ക്കലീ മിഷനാംڈ എന്ന കഥകളി പുറപ്പാട് വന്ദന ശ്ലോകത്തിന്‍റെ  മൃദംഗശൈലത്തെ പ്രതിപാദിക്കുന്നു.
     ഉത്തമനായ ഒരു ബ്രാഹ്മണനു ചെയ്യുന്ന ഷോഡശ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന ഏകവാദ്യമാണ് മിഴാവ്. څമൃണ്‍മയ ത്വാല്‍മൃദംഗസ്തുچ എന്ന് ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതനുസരിച്ച് മിഴാവ് മണ്ണുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. മൃത്തുകൊണ്ടുണ്ടാക്കിയ അംഗം څമൃദംഗംچ.
     കാലക്രമത്തില്‍ സൗകര്യത്തിനുവേണ്ടി ചെമ്പുകൊണ്ട് ഉണ്ടാക്കാന്‍ തുടങ്ങി. څമാടായിക്കാവിچല്‍ വടക്കേ മലബാറില്‍ മണ്ണുകൊണ്ടുള്ള മിഴാവ് ഇപ്പോഴും ഉപയോഗിച്ചുവരുന്നു. തൃശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ (യാഗം നടന്ന സ്ഥലം) മണ്ണുകൊണ്ട് മിഴാവുണ്ടായിരുന്നു. അഗ്നിബാധയില്‍ അത് നശിച്ചു.
ആകൃതി
     ആകൃതിയില്‍ രണ്ടുതരം മിഴാവുകള്‍ കാണുന്നു. അണ്ഡാകൃതിയും ഗോളാകൃതിയും. വലുപ്പത്തില്‍ മൂന്നുതരം കാണുന്നു. വലുത്, ഇടത്തരം, ചെറുത്. ഭരതമുനിയുടെ ശാസ്ത്രമനുസരിച്ചും, വാസ്തുനിയമം നോക്കിയും പണിത നാട്യപ്രാസാദങ്ങളിലാണ് സാധാരണ നാടകാവതരണങ്ങള്‍ നടത്തിവന്നിരുന്നത്. ഈ നാട്യപ്രാസാദങ്ങ (ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പഞ്ചപ്രാസാദങ്ങളിലൊന്ന് ആയ കൂത്തമ്പലം)ങ്ങളെ ഭരതമുനിയുടെ ശാസ്ത്രോക്തി ഹേതുവായി മൂന്നായി തരം തിരിച്ചിരിക്കുന്നു. വികൃഷ്ടം, ചതുരശ്ര, ത്ര്യശ്രം - ഈ വ്യത്യാസത്തിനനുസരിച്ചായിരിക്കണം മിഴാവിന്‍റെ വലുപ്പത്തിനും വ്യത്യാസം വന്നിട്ടുണ്ടാകുക.
     വികൃഷ്ടമായ കൂത്തമ്പലത്തില്‍ വലുതും, ചതുരശ്രത്തില്‍ ഇടത്തരവും, ത്ര്യശ്രത്തില്‍ ചെറുതും ആയ മിഴാവുകള്‍ ഉപയോഗിക്കണം. അല്ലാത്തപക്ഷം ശബ്ദസുഖം ലഭിക്കുകയില്ല.
     മണ്ണുകൊണ്ടോ, ചെമ്പുകൊണ്ടോ കണക്കനുസരിച്ച് മിഴാവ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ താന്ത്രിക കര്‍മങ്ങള്‍കൊണ്ട് അതിനെ സജീവമാക്കുന്നു. ജാതകര്‍മം, നാമകരണം, അന്നപ്രാശനം, കര്‍ണവേധം ഈവക ക്രിയകള്‍ കഴിഞ്ഞ് ഉപനയനം (പൂണൂലിടല്‍) കഴിക്കുന്നു. ഉപനയനവിധി ഇങ്ങനെ വിവരിക്കുന്നു:
പീഠേന്യസ്യ മൃദംഗമിഷ്ടഗണപോ നന്ദ്യാദിപുണ്യാ ഹകൃല്‍
തല്‍ഭൂതാനിവിശോധ്യ നന്ദിചീതിമല്‍ സ്നാനാന്തവസ്ത്രാവൃതം!
ഹോ മോഷ്ടധ്രുവ സംസ്ക്രിയോയദി തദാ ദത്തോ പവീതാദികം
പ്രാര്‍ച്ച്യാതോഷ്യചരാജയേല്‍ ഗുരുരഥപ്രാവാരകോ വാദയേല്‍!!
     അര്‍ത്ഥം ഇങ്ങനെ വിവരിയ്ക്കുന്നു - സ്നാത്വാനവവസ്ത്രം പരിധായ ഉത്തരീയം കൃത്വാരംഗേ സ്വസ്തികം കൃത്വാവ്രീഹ്യാനിദിഃപീഠം വിരചയ്യ വിഷ്ടരം ന്യസ്യതത്ര മൃദംഗം ന്യസ്യ തല്‍ പശ്ചിമേ സമാ സീനഃ ഗുരു ഗണപതീ സംപൂജ്യ ശൈവംപീഠം സംപൂജ്യ മൃദംഗം സപുണ്യാഹം കൃത്വാശോഷണാനി സുഷിരീകരണാന്ത കൃത്വാ സ്നാനാന്തമുപഹാരാന്‍ ദത്വാ വസ്ത്രേണാ വേഷ്ട്യ പ്രായശ്ചിത്തം നാന്ദീമുഖം ദാനം മുഹൂര്‍ത്തം ച കൃത്വാ നീരാജ്യ ഉപനീതം കൃഷ്ണാജിനം ച നിക്ഷിപ്യ ശേഷമുപഹാരം ദത്വാ ഗന്ധാദ്യൈരലം കൃത്യസംപൂജ്യ നിവേദ്യ പ്രസന്നപൂജാം കൃത്വാ നീരാജ്യ രക്ഷാം കുര്യാല്‍ ഗണപതീം വിസൃജേല്‍ - തദാ നീ മേവ മാര്‍ദ്ദംഗിക - മൃദംഗം പ്രാവൃത്യ താഡയേല്‍!! (ഷോഡശക്രിയയില്‍ ഉപനിഷ്ക്രമണം ഇല്ല).
അര്‍ത്ഥം
     കുളിച്ച് ശുദ്ധനായി കോടിവസ്ത്രം ഉടുത്ത് ഉത്തരീയമിട്ട് രംഗത്തില്‍ സ്വസ്തികം വെച്ച് നെല്ല് മുതലായ ധാന്യങ്ങളെക്കൊണ്ട് പീഠം ഉണ്ടാക്കി വിഷ്ടരം വച്ച് അതില്‍ മൃദംഗം വച്ച് അതിന്‍റെ പടിഞ്ഞാറുവശത്ത് ഇരുന്ന് ഗുരുക്കന്മാര്‍ക്കും, ഗണപതിക്കും പൂജ ചെയ്ത്, ശൈവമായി പീഠം പൂജിച്ച് മിഴാവ് പുണ്യാഹം ചെയ്ത് ശോഷണാദി സുഷിരീകരണം വരെയുള്ള ക്രിയകള്‍ അനുഷ്ഠിച്ച് സ്നാനാന്തമുപഹാരങ്ങളെ കൊടുത്ത് വസ്ത്രം ചുറ്റി പ്രായശ്ചിത്തം, നാന്ദീമുഖം, ദാനം, മുഹൂര്‍ത്തം ഇവ ചെയ്ത് നീരാജനം ചെയ്ത് പൂണുനൂലും കൃഷ്ണാജിനവും ഇട്ട് മറ്റ് ഉപഹാരവും ചെയ്ത് ചന്ദനം മുതലായവ കൊണ്ട് അലങ്കരിച്ച് പൂജിച്ച് നിവേദ്യം കഴിച്ച് പ്രസന്നപൂജ ചെയ്ത് നീരാജനം ഉഴിഞ്ഞ് രക്ഷിക്കുകയും ചെയ്യുന്നു. പിന്നെ ഗണപതി വിസര്‍ജ്ജനം ചെയ്യുന്നു. അപ്പോള്‍ തന്നെ നമ്പ്യാര്‍ മിഴാവില്‍ തോല്‍ കെട്ടി കൊട്ടുകയും ചെയ്യുന്നു.
മിഴാവിന്‍റെ അരങ്ങേറ്റം
     തന്ത്രിയുടെ അരങ്ങേറ്റം കൊണ്ട് (തന്ത്രി ആദ്യം കൊട്ടും; പിന്നീട് നമ്പ്യാര്‍) സജീവ ബ്രഹ്മചാരിയായ മിഴാവ് തന്ത്രിയുടെ കൈയ്യില്‍ നിന്ന് നമ്പ്യാര്‍ ഏറ്റുവാങ്ങി അരങ്ങേറ്റം നടത്തുന്നു.
മിഴാവിന്‍റെ സ്ഥാനം
      യേ നേപ ത്ഥ്യ ഗൃഹദ്വാരേ
ദയാ പൂര്‍വ്വം പ്രകീര്‍ത്തിതേ
തയോര്‍ഭാണ്ഡസ്യ വിന്യാസഃ
മദ്ധ്യേ കാര്യഃപ്രയോക്തിഭിഃ
(നാട്യശാസ്ത്രം 14-2)
     കൂത്തമ്പലത്തിലെ അണിയറയില്‍ നിന്ന് രംഗത്തേക്ക് പ്രവേശിക്കാനും നിഷ്ക്രമിക്കാനും രണ്ട് ദ്വാരങ്ങള്‍ (വാതില്‍) ഉണ്ട്. അവയുടെ മദ്ധ്യഭാഗത്ത് മിഴാവണയില്‍ (മിഴാവിന്‍റെ കൂട് = സ്റ്റാന്‍റ്) മിഴാവ് വയ്ക്കുന്നു. കുലവാഴകള്‍, കുരുത്തോലകള്‍, ഇളനീര്‍ക്കുലകള്‍, അടയ്ക്കാക്കുലകള്‍ ഇവകൊണ്ട് ഭംഗിയായി അലങ്കരിച്ച രംഗത്ത് നിറപറ, അഷ്ടമംഗല്യം തുടങ്ങിയ മംഗളവസ്തുക്കള്‍ വച്ച് കോടിവസ്ത്രം കൊണ്ട് രംഗത്തിലെ തൂണുകള്‍ പൊതിഞ്ഞ്, വിളക്ക്, പീഠം ഇവ പൊതിഞ്ഞ് സമലംകൃതമായ രംഗത്ത്, ചാക്യാരും നമ്പ്യാരും കുളിച്ച് ശുദ്ധരായി ഇണവസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിലെ ദേവസന്നിധിയില്‍ നിന്ന് മേല്‍ശാന്തിയെക്കൊണ്ടോ, തന്ത്രിയെക്കൊണ്ടോ കൂത്തുവിളക്ക് കൊളുത്തി വാങ്ങിയ ശേഷം രംഗത്തിലെ വിളക്ക് പ്രോജ്വലിപ്പിച്ച് അണിയറയില്‍ ചെന്ന് വിളക്ക് വച്ച് ഗണപതിപൂജ കഴിഞ്ഞ് ഗുരുവന്ദന ചെയ്ത് നമ്പ്യാര്‍ ക്ഷേത്രത്തില്‍ നിന്ന് ഹവിസ്സ് മേടിച്ച് (ദേവന് നിവേദിക്കുന്നതിന് മുമ്പുള്ള ചോറ്) മിഴാവില്‍ നാലുഭാഗങ്ങളിലും മുക്കുകളിലും പശയാക്കി തേച്ച് പശുക്കുട്ടിയുടെ തോല്‍ കുതര്‍ത്തിയത് മിഴാവില്‍ വച്ച് വാറുകൊണ്ട് (കെട്ടാനുള്ള കയര്‍) വരിഞ്ഞ് (പ്രദക്ഷിണാകൃതിയില്‍) കെട്ടി കാറ്റ് കൊണ്ട് ഉണക്കിയ മിഴാവില്‍ മധുരമന്ത്രധ്വനിയായ څഓംچ എന്ന മന്ത്രം പുറപ്പെടുവിക്കുന്ന څനൃത്തുംچ എന്ന് തുടങ്ങുന്ന ആദ്യത്തെ കൈയ്യ് മിഴാവില്‍ വീഴുന്നതോടെ അരങ്ങേറ്റം നടക്കുന്നു.
     നമ്പ്യാര്‍ നാന്ദീസൂത്രധാരനും, ചാക്യാര്‍ സ്ഥാപനാ സൂത്രധാരനുമാകുന്നു. രംഗത്ത് നമ്പ്യാര്‍ വന്ന് (ചാക്യാരുടെ അനുവാദത്തോടെ) നിലവിളക്ക് മൂന്നുതിരി കത്തിക്കുന്നു. (ബ്രഹ്മാ-വിഷ്ണു-മഹേശ്വരി സങ്കല്‍പം). കോടിവസ്ത്രം വിരിച്ച് രംഗത്ത് വലതുവശത്ത് അടിസ്ഥാനം സങ്കല്‍പിക്കുന്നു. താളക്കൂട്ടം വയ്ക്കുന്നു. ഇടതുവശം പീഠം വയ്ക്കുന്നു. ശേഷം മിഴാവണയില്‍ കയറി ഇരുന്ന് ഗണപതി, സരസ്വതി, ഗുരു, നന്ദികേശ്വരന്‍ ഇവരെ സങ്കല്‍പിച്ച് അഭിവാദ്യം ചെയ്ത് മിഴാവൊച്ചപ്പെടുത്തല്‍ ആരംഭിക്കുന്നതോടെ കൂത്തോ, കൂടിയാട്ടമോ, നമ്പ്യാര്‍കൂത്തോ തുടങ്ങിയ അനുബന്ധകലകള്‍ ആരംഭിക്കുന്നു.
څമിഴാവിന്‍റെ ധ്യാനവും ശബ്ദങ്ങളുംچ
     ദേവാലയങ്ങളിലെ പഞ്ചപ്രാസാദങ്ങളിലൊന്നായ നാട്യപ്രാസാദത്തില്‍ കുതപസ്ഥാനത്ത് (വാദ്യസ്ഥാനം) മിഴാവണയില്‍ ഇരുന്ന് ബ്രഹ്മചര്യം അനുഷ്ഠിച്ച് څഓംچകാര മന്ത്രം കൊണ്ട് നാദബ്രഹ്മത്തെ ആരാധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ധ്യാനം. പ്രധാനമായി څതچകാരവും څതുچകാരവും ആണ്. ഇവ څതാംچ, څതുംچ എന്നും നീണ്ട ഓംകാരത്തില്‍ പര്യവസാനിക്കുന്നു. സന്ദര്‍ഭാനുസാരേണ വാദകന്‍റെ കഴിവനുസരിച്ച് മറ്റു ശബ്ദങ്ങളും ഉണ്ടാക്കാവുന്നതാണ്.
നിബന്ധന
     അശുദ്ധനായോ ഉത്സാഹമില്ലാതെയോ, ഭക്തി ഇല്ലാതെയോ മിഴാവ് തൊടരുത്. തൊട്ടാല്‍ പുണ്യാഹം വേണം. ക്ഷേത്രത്തിലോ, കൂത്തമ്പലത്തിലോ, വലിയമ്പലത്തിലോ മാത്രമേ മിഴാവ് സൂക്ഷിക്കുവാന്‍ പാടുള്ളൂ. ക്ഷേത്രം അശുദ്ധമായാല്‍ കൂത്തമ്പലവും മിഴാവും ക്ഷേത്രത്തിനോടൊപ്പം പുണ്യാഹം ചെയ്യണം. പശക്ക് ഉപയോഗിക്കുന്ന ഹവിസ്സ് (ചോറ്) ബാക്കി വന്നാല്‍ കാക്കയ്ക്ക് കൊടുക്കണം. അല്ലെങ്കില്‍ വെള്ളത്തില്‍ ഇടണം. ഉപയോഗിക്കാന്‍ പറ്റാതെ വന്ന മിഴാവ് വീണ്ടും ഉപയോഗിക്കരുത്. ഉപയോഗശൂന്യമായാല്‍ (പൊട്ടുകയോ, ഉടയുകയോ ചെയ്താല്‍) അതിനെ സംസ്ക്കരിക്കണം എന്ന് നിയമമുണ്ട്. മിഴാവിന്‍റെ സംസ്ക്കാരവിധികള്‍ തന്ത്രസമുച്ചയത്തില്‍ വിവരിക്കുന്നുണ്ട്.

മിഴാവിന്‍റെ സംസ്ക്കാരവിധി
     കേട്ടുവന്ന മിഴാവിനെ പുണ്യാഹം ചെയ്ത് ശംഖുകൊണ്ട് സപ്തശുദ്ധി വരുത്തി ഒരേടത്ത് കീറി തീ ഇടുക തുടങ്ങി പരിധിയോളം ചെന്നാല്‍ തെക്കേപ്പുറത്ത് പീഠം വിരിച്ച് അതിന്മേല്‍ കലശം പൂജിച്ച് മൂടി രക്ഷിച്ചേല്‍പ്പൂ! പിന്നെ പരിധി തുടങ്ങി ഇദ്ധ്മത്തോളം ചെന്നാല്‍ ശൈവത്തുങ്കല്‍ ചൊല്ലിയ പോലെ പീഠം നന്ദികേശ്വരനെ പ്രണവം കൊണ്ട് ഉപചാരം. ശൈവം പ്രണവോപചാരാംഗ എട്ടുരു കഴിവോളം സാമാന്യം പിന്നെ ചതുര്‍ദ്രവ്യം. പിന്നെ പഞ്ചതത്വം കൊണ്ട് സംഹാരക്രമേണ ആജ്യാഹുതി ചെയ്ത് സ്പിഷ്ട കൃത്യാദിഹോമം മുടിച്ച് സംപാതം കലശത്തിങ്കലാക്കി അഗ്നിയും കലശത്തിലുദ്വിസിച്ച് കലശത്തിനു പൂജിച്ച് നിവേദിച്ച്, പൂജ മുടിച്ച് അഗ്നിക്ക് നുറുങ്ങിട്ട് വീശിക്കളയൂ. ഉടഞ്ഞ കൂത്തു മിഴാവ് അരങ്ങത്തുവെച്ച് പത്മമാത്രം പീഠം പൂജിച്ച് നന്ദികേശ്വരനെ ആവാഹിച്ച് പഞ്ചതത്വം കൊണ്ട് സംഹാരവ്യാപകം ചെയ്ത് ജീവകലശം പൂജിച്ച് ജീവോച്ഛ്വാസം ചെയ്ത് മുഖമണ്ഡപത്തില്‍ താന്‍ ദേവപീഠം പൂജിച്ച് ജീവകലശം അവിടെ ആടിയേപ്പൂ. പിന്നെ ദേവന് ഒരവിധാനം പൂജിച്ച് പൂജ മുടിച്ചാല്‍ അരങ്ങത്തു ചെന്ന് നിര്‍മാല്യമായ മിഴാവ് കൊണ്ടുപോയി കൂത്തമ്പലത്തിന്‍റെ പുറത്തുചെന്ന് കുഴിയുടെ അരികത്തിരുന്ന് കുഴിയാന്‍ ചണ്ഡേശ്വരനെ ആവാഹിച്ച് ചണ്ഡേശ്വരമന്ത്രം കൊണ്ട് മിഴാവ് ആ കുഴിയില്‍ പോട്ട്. മേലേ മണ്ണിട്ട് മൂടി രക്ഷിച്ചേപ്പൂ! ഇങ്ങനെ മണ്ണുകൊണ്ടുള്ള മിഴാവെങ്കില്‍. ചെമ്പുകൊണ്ടുള്ള മിഴാവെങ്കില്‍ ജീവോദ്വാസന കഴിഞ്ഞാല്‍ ഉരുക്കിക്കൊള്ളൂ! പിന്നെ അതുകൊണ്ട് വീണ്ടും മിഴാവുണ്ടാക്കിയാല്‍ ഉപനയിച്ച് മാര്‍ദ്ദംഗികനെകൊണ്ട് തോല്‍ പുതപ്പിച്ച് കൊട്ടിച്ച് രക്ഷിച്ചേപ്പൂ. പിന്നെ ചാക്കിയാരെക്കൊണ്ടോ, നങ്ങിയാരെക്കൊണ്ടോ കൂത്ത് നടത്തിക്കേണം. ഇതാണ് നിയമം.
ഘനശ്ലക്ഷണ: സുപക്വശ്ച
സ്നോകവശ്രോമവോദരഃ
പാണിദ്യാം വാദ്യതെതജ്ഞൈ
ചര്‍മ്മാനദ്ധാനനോഘടഃ
     സംഗീതരത്നാകരത്തില്‍ ഘടവാദ്യത്തെപറ്റി ഇങ്ങനെയാണ് പറയുന്നത് എന്ന് ഊഹിക്കാം. കണ്ണശ്ശരാമായണത്തില്‍ കിഷ്ക്കിന്ധാകാണ്ഡത്തില്‍ വര്‍ഷവര്‍ണനയില്‍ ڇഇടയാകിന മിഴാവൊലിയാലുടനേവര്‍ക്കും പരിതാപം കളവാന്‍ڈ എന്ന് മിഴാവിനെ പരാമര്‍ശിക്കുന്നുണ്ട്. ബാണയുദ്ധം പ്രബന്ധത്തില്‍ (ചമ്പുകാവ്യം) ശിവന്‍ തന്‍റെ താണ്ഡവസമയത്ത് മിഴാവ് വളരെ ഭംഗിയായി വാദിച്ചതിന് ബാണാസുരനില്‍ സന്തുഷ്ടഹൃദയനാകിന ഭഗവാന്‍ പ്രസാദിച്ച് വരമായിക്കൊടുത്തവയത്രെ ആയിരം കൈകള്‍! അദ്ദേഹത്തിന്‍റെ ആയിരം കൈകള്‍ - യേവാദ്യേന തവ പ്രസാദമതുലം നൃത്തെപുരാ
പൂരയ... ഇത് ചിലപ്പതികാരത്തിലും പ്രതിപാദിച്ചിട്ടുണ്ട്.
     ചിലപ്പതികാരത്തില്‍ മിഴാവിന് څമുഴچ എന്നും څകുടമുഴچ എന്നും പറഞ്ഞു കാണുന്നു. നര്‍ത്തകിയായ മാധവിയുടെ അരങ്ങേറ്റത്തിന് ഈ വാദ്യം ഉപയോഗിച്ചിരുന്നതായി പറയുന്നു. څതന്നുമൈچ എന്ന് പറഞ്ഞിട്ടുള്ളത് മദ്ദളം പോലുള്ള വാദ്യത്തെയാണ്. അതിനോടുകൂടി ഈ മിഴാവും വായിച്ചിരുന്നു. ദേവേന്ദ്രന്‍റെ ഇന്ദ്രോത്സവത്തില്‍ എഴുന്നള്ളത്ത് ഘോഷത്തില്‍ څമുഴവ് കണ്ട് ഇയലാത് മുടിക്കരും വീതിയുംچ എന്ന് വര്‍ണിച്ചിരിക്കുന്നു. രാജവീഥികളില്‍ മാത്രമല്ല ചെറിയ ഇടവഴികളിലും ഇതിന്‍റെ (മിഴാവിന്‍റെ) ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നതായി പറയുന്നു. കോവിലനും കര്‍ണകിയും കൂടി ഓരോ നാടുകള്‍ സന്ദര്‍ശിച്ചുകൊണ്ട് പുഹാരില്‍ നിന്ന് മധുരയ്ക്ക് പോകുന്നവഴിക്ക് ഓരോരോ കാഴ്ചകള്‍ കാണുന്ന കൂട്ടത്തില്‍ അവിടെ കൊയ്ത്തും മെതിയും നടക്കുന്നതായും ആ പ്രവൃത്തിക്ക് ഉത്സാഹം കൊടുക്കുവാന്‍ മിഴാവ് ഉപയോഗിക്കുന്നത് കേട്ട് സഞ്ചരിച്ചതായും പറയുന്നു.
     കോവിലന്‍ കര്‍ണകിയെ പുറത്തിരുത്തി ചിലമ്പ് വില്ക്കാന്‍ മധുരാപട്ടണത്തില്‍ ചെന്ന അവസരത്തില്‍ അവിടത്തെ പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നതോടൊപ്പം മിഴാവ് ഒരു വാദ്യമായി ഉപയോഗിച്ചിരുന്നതായും കണ്ടു. څവാളോര എടുത്ത് നാളണിമുഴവവുംچ എന്നും പ്രസ്താവിച്ചു കാണുന്നുണ്ട്.
     ബറോഡയില്‍ സൂതകൃത്യം നിര്‍വഹിക്കുന്ന ഒരു ബ്രാഹ്മണ സമുദായത്തില്‍പെട്ടവര്‍ പുരാണകഥകള്‍ പറയുന്നതിന് ഒപ്പം ഈ മിഴാവും ഉപയോഗിച്ചതായി കാണുന്നു. ഈ വാദ്യത്തിന് څമാണ്چ എന്നും, ഇത് ഉപയോഗിക്കുന്നവര്‍ څമാണഭട്ടന്‍چ എന്നും പറയുന്നു. (എന്നാല്‍ ഈ വാദ്യത്തില്‍ മോതിരങ്ങളിട്ട കൈയ്യുകൊണ്ടാണ് കൊട്ടുന്നത്). ഈ പ്രസ്താവനകള്‍ കൊണ്ട് ഭാരതത്തിലാകമാനം നൃത്തനൃത്യാദികളില്‍ പ്രധാന വാദ്യമായി മിഴാവ് ഉപയോഗിച്ചിരുന്നു എന്നും പ്രാമാണ്യം കൊണ്ടും പ്രാചീനതകൊണ്ടും പ്രഥമസ്ഥാനം അര്‍ഹിക്കുന്ന വാദ്യവിശേഷം തന്നെയാണ് മിഴാവ് എന്നും കാണാം.
     പതാക, മുദ്രാഖ്യം, കടകം, മുഷ്ടി തുടങ്ങിയ ഇരുപത്തിനാലു മുദ്രകള്‍. ശൃംഗാരം, ഹാസ്യം, കരുണം, ബീഭത്സം, ഭയാനകം തുടങ്ങി നവരസങ്ങള്‍ ചെമ്പ, അടന്ത, ധ്രുവം, ഏകം, ത്രിപുട ലക്ഷ്മീ തുടങ്ങിയ ഏഴുതാളങ്ങള്‍. ഭവഭൂതി, ശക്തിഭദ്രന്‍, കാളിദാസന്‍, ശ്രീഹര്‍ഷന്‍ തുടങ്ങിയ മഹാകവികളുടെ നാടകങ്ങള്‍, ആംഗികം, സാത്വികം, വാചികം, ആഹാര്യം എന്നീ ചതുര്‍വ്വിധാഭിനയ സമ്പ്രദായങ്ങള്‍. പ്രാകൃതം, സംസ്കൃതം, മലയാളം എന്നീ ഭാഷകള്‍. ചാക്യാര്‍, നമ്പ്യാര്‍, നങ്ങ്യാര്‍ എന്നീ ജാതിക്കാര്‍ മാത്രം അടുത്തകാലം വരെ ഈശ്വരോപാസനയായി നടത്തിക്കൊണ്ടിരുന്നതും ഇപ്പോള്‍ നടത്തിവരുന്നതും 2000 ത്തില്‍ മുപ്പത്തിരണ്ട് ലോകരാജ്യങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠകലയായി യുനസ്കോയാല്‍ അംഗീകരിക്കപ്പെട്ടതും 1965 ല്‍ ഗുരുനാഥനും, യശഃശരീരനും, നാട്യകലാസാര്‍വ്വഭൗമനുമായ പൈങ്കുളം രാമച്ചാക്ക്യാരാശാനാല്‍ ക്ഷേത്രമതില്‍ക്കെട്ടില്‍ നിന്ന് പുറത്തുകൊണ്ടുവന്നതുമായ ഈ വിശിഷ്ട കലാരൂപത്തെ കേരളകലാമണ്ഡലത്തില്‍ പാഠ്യ വിഷയമാക്കിയതോടെ മഹാകവി വള്ളത്തോളിന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയും, അന്യജാതി മതസ്ഥര്‍ക്കു കൂടി കാണാനും ആസ്വദിക്കാനും പഠിക്കാനും പ്രാപ്തമായതുമായ വിശ്വോത്തര കലാരൂപങ്ങളില്‍ പ്രഥമസ്ഥാനം വഹിക്കുന്നതും ഏറ്റവും പഴക്കം ചെന്നതുമായ കൂടിയാട്ടത്തിലെ പ്രധാന വാദ്യമാണ് മിഴാവ്.
     1972 ല്‍ നമ്പ്യാരല്ലാത്ത നമ്പ്യാരായി കേരള കലാമണ്ഡലത്തില്‍ ആദ്യത്തെ അന്യജാതിക്കാരനായ എനിക്ക് മിഴാവ് പഠിക്കാന്‍ ഭാഗ്യമുണ്ടാക്കിയത് ഗുരുവര്യരായ പൈങ്കുളം ആശാനും, പത്മശ്രീ നാരായണന്‍ നമ്പ്യാരാശാനും ആണ്.
     തികച്ചും ഗുരുകുല സമ്പ്രദായമായിരുന്ന ഈ കലാരൂപത്തെ സ്ഥാപനവല്‍ക്കരിച്ച് അടിത്തറപാകുന്ന സന്ദര്‍ഭത്തിലായിരുന്നു ഞാന്‍ പഠിക്കാന്‍ ചേര്‍ന്നത്. അതുവരെ വെറും വാദകന്‍. അടിയന്തരത്തിന് ക്ഷേത്രത്തില്‍ വന്ന് അടിയന്തരം നടത്തും. ചിട്ടകള്‍ അതായിരുന്നു. അത് ഭംഗിയാക്കി താളം, അഭിനയം, മുദ്രകളുടെ വടിവ്, വൃത്തി, അഭ്യാസബലം, സാധകം. നാടകാവബോധം, സംസ്കൃതവ്യുല്‍പത്തി, രംഗപരിചയം തുടങ്ങിയവ കേരളകലാമണ്ഡലത്തിലൂടെയാണ് സാധിച്ചത് എന്നതില്‍ തര്‍ക്കമില്ല. അതിനുശേഷ മാണ് മറ്റുള്ള സ്ഥാപനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്. മാണി ഗുരുകുലം, അമ്മന്നൂര്‍ ഗുരുകുലം, പൈങ്കുളം ഗുരുകുലം, പൊതി ഗുരുകുലം തുടങ്ങിയവ ഉണ്ടായിരുന്നു. എന്നിരുന്നാലും ഇവരുടെ അശ്രാന്തപരിശ്രമത്തിലൂടെയാണ് ഇന്നു കാണുന്ന സൗന്ദര്യം കൂടിയാട്ടത്തിനു ലഭിച്ചത്. മിഴാവിനെപ്പറ്റി പറയുമ്പോള്‍ കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് ചൊടലകൂത്ത്, വിരിഞ്ഞികൂത്ത്, ബ്രഹ്മചാരികൂത്ത്, പറക്കുംകൂത്ത്, അംഗുലീയാങ്കകൂത്ത്, മത്തവിലാസംകൂത്ത്, മന്ത്രാങ്കംകൂത്ത് ഇതുകളും ചാക്യാര്‍കൂത്ത്, പാഠകം തുടങ്ങിയവയെക്കുറിച്ചും വിവരിക്കാതെ വയ്യ. ഇതെല്ലാം കൂടിയാട്ടത്തിലെ സഹോദര കലകളെന്ന് വിശേഷിപ്പിച്ച് തല്‍ക്കാലം നിര്‍ത്താം.
മിഴാവിന്‍റെ അഭ്യാസക്രമം
     ഗുരുനാഥന്‍ മുഖേന ഗണപതി, സരസ്വതി, ഗുരു നന്ദികേശ്വരന്‍ ഇവരെ ധ്യാനിച്ചു ദക്ഷിണ നല്‍കി ആദ്യം മിഴാവൊച്ചപ്പെടുത്തല്‍ എന്ന ക്രിയ ഗുരു ചെയ്യിക്കുന്നു. (കൈപിടിച്ചു കൊട്ടിക്കുന്നു). പിന്നീട് തക്കിട്ട, ധിക്കത്തക, തരികിട, തക്കിടകിട തകിതരികിടകിടതകി എന്നീ څപാടക്കയ്യുകള്‍چ കൊട്ടിക്കുന്നു. ആദ്യം മരത്തിലും പിന്നീട് മരം കൊണ്ടുണ്ടാക്കിയ അഭ്യാസക്കുറ്റിയിലും കൊട്ടിപരിശീലിപ്പിക്കുന്നു. പിന്നീട് അരങ്ങേറ്റ ക്രിയകള്‍ - څശോഷ്ഠിچ, څഅരങ്ങുതളിچ څവായിക്കുകچ, څമറയില്‍ക്രിയچ, څനിത്യക്രിയچ (അഥവ സൂത്രധാരന്‍ പുറപ്പാട്), څവിദൂഷകക്രിയچ, څമത്തവിലാസം ക്രിയകള്‍چ, څമന്ത്രാങ്കംക്രിയകള്‍چ, څഅംഗുലിയാങ്കംക്രിയകള്‍چ, څഅംഗുലിയാങ്കം തമിഴ് രാമായണംچ, څസംക്ഷേപംچ തുടങ്ങിയവയും. ഏകതാളം, ത്രിപുടതാളം, മുറുകിയ ത്രിപുടതാളം, ലക്ഷ്മീതാളം, ധ്രുവതാളം, ചെമ്പതാളം, അടന്തതാളം തുടങ്ങിയ താളങ്ങള്‍. താളം പിടിച്ച്  കൊട്ടിച്ച് പുരുഷ - സ്ത്രീ വേഷ കളരികളില്‍ വേഷക്കാര്‍ കാണിക്കുന്നതിനനുസരിച്ച് ആട്ടപ്രകാരം, ക്രമദീപിക തുടങ്ങിയവയും ഗുരു ഉപദേശവും അനുസരിച്ച് മുദ്രയ്ക്കും ഭാവത്തിനും, ആട്ടത്തിനും കൊട്ടി ചൊല്ലിയാട്ടത്തിന് പരിശീലിപ്പിക്കുന്നു. അഞ്ചെട്ടു വര്‍ഷം നല്ല ഗുരുവിന്‍റെ കീഴില്‍ നന്നായി പഠിക്കുകയാണെങ്കില്‍ സാമാന്യം ശബ്ദവിന്യാസങ്ങള്‍, മനോധര്‍മ്മ പ്രയോഗങ്ങള്‍ തുടങ്ങിയവ കൊണ്ട് څസാമാജികാശ്രയോരസഃچ എന്ന ഭരതമുനിയുടെ നാട്യശാസ്ത്ര നിര്‍ദ്ദേശം ഫലവത്താക്കാം.
     ഗുരുഭക്തി, ഈശ്വരാധീനം, കഠിനപ്രയത്നം, ഉത്സാഹം, സംസ്കൃത കാവ്യനാടകാദികളിലെ പരിജ്ഞാനം, രംഗാവതരണത്തിലൂടെയുള്ള അഭ്യാസപാടവം ഇവകൊണ്ട് നിത്യാഭ്യാസം ചെയ്യുന്ന കലാകാരന് കീര്‍ത്തി ലഭിക്കാന്‍ വളരെ ഉപകാരമാകും എന്നത് നിസ്തര്‍ക്കം പറയാം.
     ചിത്തവും, വിത്തവും; ജീവിതത്തിലെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം ഇവയും സര്‍വവും ചലിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും യാവനൊരുവന് അവന്‍റെ സ്വപ്രയത്നത്തിലൂടെ ചെയ്യുന്ന സല്‍കര്‍മം കൊണ്ടുണ്ടായ സല്‍കീര്‍ത്തി എന്നും ജീവിക്കുന്നു.
     സിദ്ധരൂപം, അമരകോശം, ബാലപ്രബോധനം, ക്രിയകള്‍, തര്‍ക്കം, വ്യാകരണം, വാക്യവൃത്തി തുടങ്ങിയവ ഹൃദിസ്ഥമാക്കുന്നതോടൊപ്പം പഞ്ചമഹാകാവ്യങ്ങളിലും മനഃപാഠമാക്കുമ്പോഴുണ്ടാകുന്ന څഭാവനچ കലകള്‍ക്ക് കൂടുതല്‍ ഉപകാരമാകും.
     നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ ഡോ. മാണി മാധവച്ചാക്യാര്‍, പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍  മാധവച്ചാക്യാര്‍, സര്‍വോപരി നാട്യകലാ സാര്‍വഭൗമന്‍ പൈങ്കുളം രാമച്ചാക്യാര്‍, പാണിവാദതിലകന്‍ പത്മശ്രീ നാരായണന്‍ നമ്പ്യാര്‍, പത്മശ്രീ മൂഴിക്കുളം കൊച്ചുക്കുട്ടച്ചാക്യാര്‍ സര്‍വശ്രീ കിടങ്ങൂര്‍ രാമച്ചാക്യാര്‍ തുടങ്ങിയ മഹാഗുരുക്കളുടെ കഠിനപ്രയത്നത്താല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കൂടിയാട്ടവും അതിലെ ഇതരകലകളും കലാമണ്ഡലത്തിലൂടെ സംപുഷ്ടമായി എന്നു പറയുന്നതില്‍ തെറ്റില്ല. ഇവരെല്ലാവരും കലാമണ്ഡലവുമായി അടുത്തബന്ധം പുലര്‍ത്തിപ്പോന്നവരാണ്.
     യുനസ്കോ ഏറ്റെടുത്ത ശേഷം കേരളത്തിലുടനീളം ഗുരുകുലങ്ങള്‍ സ്ഥാപനവല്‍കരിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ കൂടിയാട്ടത്തിന് ഇന്നും വേണ്ട പുരോഗതി എത്തിയിട്ടില്ല എന്നതാണ് സത്യം. സങ്കുചിതത്വവും, പെരുന്തച്ചന്‍ പ്രഭാവവും, ജാതിസ്പര്‍ദ്ധയും തഴച്ചു വളരാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായതല്ലാതെ വളരാനോ, വളര്‍ത്താനോ, സംഘാടകരോ, ആസ്വാദകരോ ഇതുവരേയും വേണ്ടവിധത്തില്‍ ഈ വിശിഷ്ടകലാരൂപത്തെ മനസ്സിലാക്കി സാര്‍ത്ഥകമാക്കിത്തീര്‍ക്കാന്‍ ഉദ്യമിച്ചിട്ടും സാധിക്കാതെ പോയി എന്നുള്ളതില്‍ നമുക്ക് കേരളീയര്‍ക്ക് ഒരുമിച്ച് ദുഃഖിക്കാം എന്നല്ലാതെ എന്തു ചെയ്യാന്‍ സാധിക്കും? څകോ വിധിം രോദ്ധുമീഷ്ടേ!چ
     മിഴാവുകളരിയില്‍ ഗുരുനാഥന്‍ പത്മശ്രീ നാരായണന്‍ നമ്പ്യാരാശാന്‍ റിട്ടയര്‍ ചെയ്തുപോയ ശേഷം എന്നില്‍ അധ്യാപനം നിക്ഷിപ്തമായപ്പോള്‍ ഞാന്‍ മറുവാദ്യങ്ങളുമായി സംയോജിച്ച് മിഴാവിന്‍റെ ശബ്ദ സൗകുമാര്യത്തിന് വ്യത്യസ്തത വരുത്താന്‍ പല പരീക്ഷണങ്ങളും ചെയ്തു. മിഴാവിന്‍ കേളി, മിഴാവ് മദ്ദളതായമ്പക, മിഴാവ് ഇടയ്ക്കതായമ്പക, മിഴാവ് തിമിലതായമ്പക, മിഴാവ് ചെണ്ടതായമ്പക, മിഴാവില്‍ പഞ്ചവാദ്യം, മിഴാവില്‍ പഞ്ചാരിമേളം (മിഴാവൊലി എന്ന പേരില്‍ കൂടിയാട്ടത്തിനുപയോഗിക്കുന്ന താളങ്ങളുപയോഗിച്ച് ഒമ്പത് മിഴാവുകളുപയോഗിച്ച് വാദ്യപ്രയോഗം) ഇതെല്ലാം ആദ്യമായി കലാലോകത്തിന് ഞാന്‍ ചെയ്ത സംഭാവനയാണ് എന്നതില്‍ എനിക്ക് അഭിമാനവുമുണ്ട്.
     ഇന്നു കാണുന്ന മിഴാവു കലാകാരിലധികം പേരും, മുഴുവനും എന്‍റെ ശിഷ്യരാണ് എന്നതിലും ഞാന്‍ കൃതാര്‍ത്ഥനാണ്. പാഠകം, കൂത്ത് ഇവകളെപറ്റി എഴുതാന്‍ ധാരാളം വകയുണ്ടെങ്കിലും ഇവ ആസ്വദിക്കുന്നവരും, പ്രയോഗിക്കുന്നവരും വിരളമായിക്കൊണ്ടിരിക്കുന്നു എന്നതിലും ദുഃഖിക്കുന്നു.
     മനഃപാഠമാക്കിത്തീര്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, ഗുരുവിന്‍റെ കാര്‍ക്കശ്യ സമ്പ്രദായവും, ശിഷ്യരുടെ കലാസ്വാദകവൈദഗ്ധ്യവും, ഉത്സാഹവും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞ - ഭംമഹാശ്ചര്യം - മാത്രമായിത്തീരുന്നതിനാലും അദ്ധ്യയനവും, അധ്യാപനവും എങ്ങനെ സാര്‍ത്ഥകമാക്കാം!! നന്നാകും എന്ന് നമുക്ക് പ്രത്യാശിക്കാം. വരും! നല്ലകാലം വരാതിരിക്കുമോ! പ്രതീക്ഷ മാത്രമാശ്രയം!
കരകൃതമപരാധം
ക്ഷന്തുമര്‍ഹന്തിസന്തഃ!
ശുഭമസ്തു!
     
Share:

ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങള്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ 'ഗ്രീന്‍ബുക്ക്' എന്ന ചലച്ചിത്രത്തെപ്പറ്റി.

ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങള്‍ 
ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ  'ഗ്രീന്‍ബുക്ക്' എന്ന ചലച്ചിത്രത്തെപ്പറ്റി.

ശിവകുമാര്‍ ആര്‍. പി
     ഡോ. ഡോണാള്‍ഡ് ഷേര്‍ളി എന്ന കറുത്തവര്‍ഗക്കാരനായ ക്ലാസിക്കല്‍  ജാസ് പിയാനിസ്റ്റ് 1956-ല്‍ ബിര്‍മിംഗ്ഹാമിലെ മുനിസിപ്പല്‍ ഹാളില്‍ വെളുത്തവര്‍ഗക്കാരുടെ സദസ്സിനു മുന്നില്‍ സംഗീതം അവതരിപ്പിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ കുറച്ചാളുകള്‍ വന്ന് അയാളെ മര്‍ദ്ദിച്ച് ഇറക്കി വിട്ടിരുന്നു. വെളുത്തവന്‍റെ സ്ഥാപനവത്കൃതമായ ആഭിജാത്യത്തെ വെല്ലുവിളിക്കാനായി അടിമവര്‍ഗത്തില്‍നിന്നു ഒരാള്‍ വരുന്നത് അവരില്‍ ഭൂരിപക്ഷത്തിനും സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. അമേരിക്കയില്‍ അടിമത്തം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷവും 'ജിം ക്രോ' (ജെമ്പ് ജിംക്രോ ലാ)  എന്ന് പേരുള്ള അതിശക്തമായ വിവേചന നിയമം കര്‍ക്കശമായി പരിപാലിക്കപ്പെടുന്ന കാലമായിരുന്നു അത്. അതനുസരിച്ച് കറുത്തവര്‍ഗക്കാര്‍ക്ക് പണം ഉണ്ടെങ്കില്‍പോലും വെള്ളക്കാരുടെ സ്ഥാപനങ്ങളില്‍ ചെന്നു കയറാന്‍ പറ്റില്ലായിരുന്നു.  വെള്ളം കുടിക്കാനും ശൗചാലയങ്ങള്‍ ഉപയോഗിക്കാനും ഹോട്ടലില്‍ താമസിക്കാനും റെസ്റ്റോറന്‍റുകളില്‍നിന്ന് ഭക്ഷണം കഴിക്കാനും വിലക്കുണ്ടായിരുന്നു.  സണ്‍ഡൗണ്‍ ടൗണ്‍, സണ്‍സെറ്റ് ടൗണ്‍, ഗ്രേ ടൗണ്‍ എന്നെല്ലാം അറിയപ്പെട്ടിരുന്ന ചില മുനിസിപ്പാലിറ്റികള്‍ അതുവഴിയുള്ള കറുത്തവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും വിലക്കിയിരുന്നു. കറുത്തവര്‍ഗക്കാരോടുള്ള അയിത്തവും വിവേചനവും ചൂഷണവും അതിശക്തമായി നിലനില്‍ക്കുമ്പോള്‍തന്നെ  കറുത്തവരും കുടിയേറ്റക്കാരുമായ അമേരിക്കന്‍ പൗരന്മാരുടെ ആഭ്യന്തരാവകാശങ്ങള്‍ക്കായുള്ള മുറവിളി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയായിരുന്നു  കോളിളക്കങ്ങളോടെ പുറത്ത്.
     അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയുടെ തെക്കന്‍ ഉള്‍ഭാഗത്തുള്ള ബിര്‍മിംഗ്ഹാമില്‍ വീണ്ടും തന്‍റെ പിയാനോ സംഗീതം അവതരിപ്പിക്കാന്‍ ഡോ. ഷേര്‍ളി വരുന്ന കഥയാണ്, 2018-ല്‍ മികച്ച സിനിമയ്ക്കും, മികച്ച തിരക്കഥയ്ക്കും, മികച്ച സഹനടനുമുള്ള ഓസ്കാര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ 'ഗ്രീന്‍ ബുക്ക്چ പറയുന്നത്. ഈ നൂറ്റാണ്ടിന്‍റെ മധ്യത്തില്‍  അമേരിക്കയിലൂടെയുള്ള കറുത്തവര്‍ഗക്കാരുടെ യാത്രാ ദുരിതത്തെ ലഘൂകരിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും നിരത്തുകളുടെയും വിവരണം അടങ്ങിയ പുസ്തകമാണ് വിക്ടര്‍ ഹ്യൂഗോ ഗ്രീന്‍ രചിച്ച 'ഗ്രീന്‍ ബുക്ക്چ. 1936-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ ശരിയായ പേര് 'ദ നീഗ്രോ മോട്ടോറിസ്റ്റ് ഗ്രീന്‍ ബുക്ക്چ എന്നാണ്.  വമ്പിച്ച ബഹളത്തെയും പ്രക്ഷോഭത്തെയും നേതൃനിരയിലുള്ള മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന് വര്‍ണവിവേചനം നിശ്ശേഷം ഇല്ലാതാക്കുന്നതിനുള്ള സിവില്‍ റൈറ്റ് ആക്ട്,  പ്രസിഡന്‍റ ് ലിന്‍ഡന്‍ ജോണ്‍സണ്‍ 1964-ല്‍ ഒപ്പിടുന്നതുവരെ 'ഗ്രീന്‍ ബുക്കിچന്‍റെ പ്രസക്തി നിലനിന്നിരുന്നു. വര്‍ഷംതോറും പുതുക്കി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അതിന്‍റെ 1963 വരെയുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.  കറുത്തവര്‍ഗക്കാരന്‍ യാത്ര ചെയ്യുന്ന വാഹനം ഏതു സമയത്തും വെള്ളക്കാരനായ പൊലീസുകാരനാല്‍, ട്രാഫിക് നിയമം ലംഘിച്ചതിന്‍റെ പേരിലല്ലാതെതന്നെ  തടയപ്പെടാം എന്നതായിരുന്നു അവസ്ഥ. ഉണആ (ഉൃശ്ശിഴ ണവശഹല ആഹമരസ) എന്ന് അറിയപ്പെട്ടിരുന്ന വ്യവസ്ഥയെ കുറച്ചെങ്കിലും അതിജീവിക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഗ്രീന്‍ ബുക്കിന്‍റെ ദൗത്യം. ഡോ. ഷേര്‍ളിയെന്ന മികച്ച കലാകാരന്‍റെ (വൈറ്റ്ഹൗസില്‍ അദ്ദേഹം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്) ജീവിതാവസ്ഥയെ പ്രതീകവത്കരിക്കുന്നു ചലച്ചിത്രത്തില്‍ ഈ പുസ്തകം. അതിലൂടെ അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വംശീയവിഭാഗമായ ആഫ്രിക്കന്‍-അമേരിക്കന്‍ (വെളുത്ത അമേരിക്കക്കാരും, ഹിസ്പാനിക്-ലാറ്റിനമേരിക്കക്കാരുമാണ് ആദ്യത്തെ രണ്ട് ഗ്രൂപ്പുകള്‍) സമൂഹത്തിന്‍റെ ഈ നൂറ്റാണ്ടിന്‍റെ മധ്യത്തിലുമുള്ള വിവേചനപരവും അപമാനകരവുമായ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് സംവിധായകന്‍ പീറ്റര്‍ ഫാരെല്ലി സാധ്യമാക്കുന്നത്. 
സംസ്കാരത്തിന്‍റെ നിറം
     ഒബാമാനന്തരകാലം അമേരിക്കയുടെ ജനപ്രിയ സാംസ്കാരികതയ്ക്ക് നല്‍കിയ വലിയ സംഭാവനകളിലൊന്ന് ഒരുപക്ഷേ ഇത്തരത്തിലുള്ള തിരിഞ്ഞുനോട്ടങ്ങളുടേതാണെന്നും വാദിക്കാവുന്നതാണ്. കറുത്ത മനുഷ്യരുടെ ജീവിതാഖ്യാനങ്ങള്‍ക്ക് സവിശേഷമായ ശ്രദ്ധ ചലച്ചിത്രങ്ങള്‍ നല്‍കി. ജീവചരിത്ര ചലച്ചിത്രങ്ങളോടുള്ള ആഭിമുഖ്യത്തിനും യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ള ആവിഷ്കാരങ്ങള്‍ക്കും ഒപ്പം കുടിയേറ്റ ജനതയുടെയും ഇതര വംശീയസമൂഹജീവിതങ്ങളുടെയും കാഴ്ചകള്‍ക്ക് ചലച്ചിത്രങ്ങളില്‍ ഏറ്റുപറച്ചില്‍ സ്വഭാവത്തോടെയുള്ള സാക്ഷാത്കാരങ്ങള്‍ കൂടുതലായി ലഭിക്കുകയും ചെയ്തു. മൂണ്‍ ലൈറ്റ്, ഗെറ്റ് ഔട്ട്, ബ്ലാക് പാന്തര്‍, ബ്ലാക് ക്ലാന്‍സ് മാന്‍, ദ ഹെയ്റ്റ് യു ഗിവ് തുടങ്ങിയവ സമീപകാലത്തെ ഉദാഹരണങ്ങള്‍. പീറ്റര്‍ ഫാരെല്ലിയുടെ ഉള്ളടക്ക പരിചരണരീതി യഥാതഥമാണ്. എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നും ഇല്ലാത്ത ഈ സിനിമയ്ക്ക് ഓസ്കാര്‍ ലഭിച്ചതില്‍ അസ്വാരസ്യം ആളുകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്വഭാവപരിവര്‍ത്തനത്തിനുള്ള ഉപാധിയെന്ന നിലയില്‍ അമേരിക്കയുടെ വടക്കന്‍ പ്രദേശത്തുനിന്ന് തെക്കന്‍ ഉള്‍നാട്ടിലേക്കുള്ള കാര്‍ യാത്രയെ രൂപകമാക്കുന്ന ഒരു സാധാരണ 'കാലഘട്ട' സിനിമയാണ് ബാഹ്യഘടനയില്‍ ഗ്രീന്‍ ബുക്ക്. യാത്രയിലൂടെ വരുന്ന സ്വഭാവമാറ്റം  ചലച്ചിത്രങ്ങള്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണ്. സ്വന്തം കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കുകയും വെള്ളക്കാരന്‍റെ അഭിജാതമായ ജീവിതം അനുകരിച്ച് ഒറ്റപ്പെട്ട് കഴിയുകയും ചെയ്യുന്ന ഡോ. ഡോണാള്‍ഡ് ഷേര്‍ളിയുടെ കാഴ്ചപ്പാടില്‍ യാത്ര വരുത്തുന്ന മാറ്റം ചലച്ചിത്രത്തിലെ പ്രധാന വസ്തുതയാണ്. അയാളൊരു മൂന്നാം ലോകത്താണ് കഴിയുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമജീവിതം നയിക്കുകയും അക്ഷരാഭ്യാസമില്ലാതെ കൃഷിക്കാരും ഖനിത്തൊഴിലാളികളുമായി അപരിഷ്കൃതജീവിതം നയിച്ചുവരികയും ചെയ്യുന്ന സ്വന്തം വര്‍ഗക്കാരെ കൂടെ കൂട്ടാന്‍ അയാള്‍ക്ക് കഴിയുന്നില്ല. വടക്കന്‍ കരോലിനയിലേക്കുള്ള യാത്രയ്ക്കിടയില്‍ കീറി പറിഞ്ഞ വസ്ത്രം ധരിച്ച കര്‍ഷകരായ പാവപ്പെട്ട മനുഷ്യര്‍ അയാളെയും അയാള്‍ തിരിച്ചും നോക്കി നില്‍ക്കുന്ന ഒരു ദൃശ്യം സിനിമയിലുണ്ട്. അയാളപ്പോള്‍ വെള്ളക്കാരന്‍ ഡ്രൈവറായുള്ള കാറില്‍ വിലപിടിപ്പുള്ള വേഷവിതാനങ്ങളുമായി അവര്‍ക്ക് സ്വപ്നം കാണാന്‍പോലും പറ്റാത്ത ലോകത്തിലാണ്. ആ നിലക്ക് അയാള്‍ തീരെ കറുത്തവര്‍ഗക്കാരനല്ല. ആ ഭാവം അയാളുടെ മുഖത്തുണ്ട്. എന്നാല്‍ സംഗീത പരിപാടിക്ക് മുന്‍പോ ശേഷമോ വെളുത്തമനുഷ്യരുടെ ശുചിമുറി അയാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല. അവര്‍ ആഹാരം കഴിക്കുന്ന ഹാളില്‍ അയാള്‍ക്ക് പ്രവേശനമില്ല. ഇഷ്ടപ്പെട്ട വസ്ത്രം കടയില്‍നിന്ന് എടുത്ത് ഇട്ടു നോക്കാന്‍ പറ്റില്ല. അയാളുടെ ഡ്രൈവര്‍ക്കും സംഘാംഗങ്ങള്‍ക്കും ലഭിക്കുന്ന സൗകര്യംഅയാള്‍ക്ക് ലഭിക്കില്ല. യാത്രയ്ക്കിടയില്‍ വെള്ളക്കാരാലോ പൊലീസുകാരാലോ അയാള്‍ ഏതു സമയവും കൈയേറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെയാണ്. പരിപാടിക്ക് തയ്യാറെടുക്കാന്‍ സംഘാടകര്‍ നല്‍കുന്നത് സ്റ്റോര്‍മുറികളും മറ്റുമാണ്. ആ നിലയ്ക്ക് കാഴ്ചയില്‍ ഉയര്‍ന്നിരിക്കുന്നുവെങ്കിലും താഴേക്കിടയിലുള്ളതാണ് അയാളുടെ ജീവിതം. സമ്പന്നനും അഭ്യസ്തവിദ്യനും പല ഭാഷകള്‍ സംസാരിക്കുന്നവനും പ്രതിഭാശാലിയുമാണെങ്കിലും സംഗീതപരിപാടി കഴിഞ്ഞാല്‍ അയാള്‍ പോകേണ്ടത് കറുത്തവര്‍ഗക്കാരായ പാവപ്പെട്ട മനുഷ്യര്‍ക്കുമാത്രമായുള്ള തൊഴുത്തുപോലെയുള്ള വാസസ്ഥലങ്ങളിലാണ്. അവിടെ കോട്ടും സ്യൂട്ടുമണിഞ്ഞിരുന്ന് വിലകൂടിയ മദ്യം ഉപയോഗിക്കുന്ന ആ മനുഷ്യന്‍ പരിസരവുമായി ചേര്‍ച്ചയില്ലാത്ത ഒരു കോമാളിയാണ്. ഡോ. ഡോണ്‍ ഷേര്‍ളിയുടെ ഈ സ്വത്വപ്രതിസന്ധിയാണ് 'ഗ്രീന്‍ബുക്കി'ലെ ആന്തരികസംഘര്‍ഷത്തെ കനപ്പെടുത്തുന്നത്.  കേവലമായ ഒരു മുദ്രാവാക്യമല്ല അത്.
     ന്യൂയോര്‍ക്കില്‍നിന്നു തുടങ്ങി ബിര്‍മിംഗ്ഹാമില്‍ അവസാനിക്കുന്ന കാര്‍യാത്ര യഥാര്‍ത്ഥത്തില്‍ മാറ്റി മറിക്കുന്നത്, ഡോ. ഷേര്‍ളിയെന്ന സംഗീതജ്ഞനെ മാത്രമല്ല, അമേരിക്കയില്‍ അരികു ജീവിതം നയിക്കുന്ന കുടിയേറ്റക്കാരുടെ പ്രതിനിധിയാണെങ്കിലും വര്‍ണവിവേചനത്തില്‍ വീണ്ടുവിചാരമില്ലാതെ വെളുത്ത അമേരിക്കന്‍ മനസ് സ്വാംശീകരിച്ച മറ്റൊരു വ്യക്തിയെയുമാണ്. ടോണി ലിപ് എന്നു വിളിപ്പേരുള്ള മുഠാളനും തീറ്റിപ്രിയനും ഇറ്റാലിയന്‍ വേരുകളുള്ളയാളുമായ  ഫ്രാങ്ക് ടോണി വെല്ലലോംഗയെ. ഇയാളാണ് ചലച്ചിത്രത്തിന്‍റെ ആഖ്യാനത്തിലെ വീക്ഷണസ്ഥാനം. യൂറോപ്യന്‍ അമേരിക്കന്‍ വംശീയസംഘത്തില്‍ നാലാം സ്ഥാനമാണ് ഇറ്റലിയില്‍നിന്ന് കുടിയേറിയവര്‍ക്കുള്ളത്. അക്രമത്തോടുള്ള ആഭിമുഖ്യവും  എടുത്തടിച്ചതുപോലെയുള്ള  പെരുമാറ്റവും കാരണം അമേരിക്കന്‍ സമൂഹത്തിനിടയില്‍ നല്ല സ്ഥാനമല്ല ഈ വിഭാഗത്തിനുമുണ്ടായിരുന്നത്. 100 വര്‍ഷം മുന്‍പ് ന്യൂയോര്‍ക്ക് ടൈംസ് 'അവര്‍ നീഗ്രോകളേക്കാള്‍, പോളണ്ടുകാരേക്കാള്‍ മോശക്കാരാണെന്ന്' എഴുതിപ്പിടിപ്പിച്ചത് ഇവരെപ്പറ്റിയാണ്. ടോണി ലിപ് ജോലി ചെയ്യുന്ന കോപാകബാന എന്ന നിശാക്ലബ് പുനരുദ്ധാരണത്തിനായി അടച്ചിടുകയും കുടുംബം പുലര്‍ത്താന്‍ മറ്റൊരു ജോലി ആവശ്യമായി വരികയും ചെയ്ത സമയത്താണ്, ഡോ. ഷേര്‍ളിയുടെ സംഗീത പര്യടനത്തിന് അകമ്പടി സേവിക്കാനും ഡ്രൈവറാകാനും ഉള്ള അവസരം അയാളെ തേടി വരുന്നത്. വീട്ടില്‍ ജോലിയ്ക്കായി വന്ന രണ്ട് കറുത്ത പണിക്കാര്‍ കുടിച്ച ഗ്ലാസുകള്‍ ചവറ്റുകുട്ടയില്‍ ഇടുന്ന ആരംഭദൃശ്യങ്ങളില്‍ ഒന്നില്‍നിന്നുതന്നെ അയാളുടെ കറുത്തവര്‍ഗക്കാരോടുള്ള മനോഭാവം സിനിമയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  തൃപ്തിയുണ്ടായിട്ടല്ല, മറിച്ച് വാഗ്ദാനം ചെയ്യുന്ന പ്രതിഫലത്തുകയുടെ വലിപ്പമാണയാളെ, തന്നെ പരിചരിക്കുകകൂടിവേണം എന്ന നിര്‍ദ്ദേശത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ട് ഡോ.ഷേര്‍ളിയുടെ ഡ്രൈവര്‍ ജോലി ഏറ്റെടുപ്പിക്കുന്നത്. എന്നാല്‍ മറ്റൊന്നുള്ളത് സാഹചര്യസമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് പ്രത്യേകമായ വൈദഗ്ധ്യം ഉണ്ടെന്നതാണ്. അക്കാര്യം ഷേര്‍ളി പ്രത്യേകമായി മനസിലാക്കിയിട്ടുണ്ട്. പിന്നീടുള്ള യാത്രയില്‍ ആ ധാരണ ശരിയാണെന്ന് ടോണി തെളിയിക്കുകയും ചെയ്യുന്നു. കാറിന്‍റെ ഡിക്കിയില്‍ കറുത്തവര്‍ഗക്കാരനായ താത്കാലിക യജമാനന്‍റെ  സാധനങ്ങള്‍ എടുത്തുവയ്ക്കാന്‍പോലും തയ്യാറാകാത്തവിധത്തില്‍ അഹങ്കാരിയായിരുന്നു തുടക്കത്തില്‍ അയാള്‍. രാജ്യത്തിന്‍റെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രങ്ങളുടെ സന്ധിഘട്ടത്തില്‍ വെളുത്ത അമേരിക്കയുടെ മേലാളത്തത്തിനു കീഴെയുള്ള ഇതര വംശീയവിഭാഗങ്ങളുടെപോലും അപമാനങ്ങളേറ്റു കഴിയേണ്ടി വരുന്ന ഗതികേടിനെ മുന്‍നിര്‍ത്തിയാണ് കറുത്തവനായ ഷേര്‍ളിയുടെ അനുഭവങ്ങള്‍ക്ക് ചിത്രത്തില്‍ മുന്‍തൂക്കം കിട്ടുന്നത്. 
വംശീയതയുടെ വൈരുദ്ധ്യങ്ങള്‍
അമേരിക്കന്‍ സമൂഹത്തിന്‍റെ വ്യത്യസ്തതലങ്ങളില്‍നിന്നു വരുന്ന ഈ മനുഷ്യര്‍, പ്രകടമായ വൈരുദ്ധ്യങ്ങളുടെ അരങ്ങുകള്‍കൂടിയാണ്. ന്യൂയോര്‍ക്കില്‍നിന്ന് തുടങ്ങുന്ന യാത്ര പരിണമിപ്പിക്കുന്നത് വ്യക്തികളുടെ ബാഹ്യവും ആന്തരികവുമായ പ്രകൃതങ്ങളെ മാത്രമല്ല, ഇടപഴകലിന്‍റെയും ഒറ്റപ്പെടുത്തലിന്‍റെയും രാഷ്ട്രീയത്തെക്കൂടിയാണ്.  യാത്ര ആരംഭിക്കുമ്പോള്‍ ടോണി, ഡോ. ഷേര്‍ളിയുടെ ഡ്രൈവറാണ്. ക്രിസ്മസ് തലേന്ന് യാത്ര ടോണിയുടെ വീട്ടിലെത്തി അവസാനിക്കുമ്പോള്‍ വണ്ടിയോടിക്കുന്നത് ഡോ.ഷേര്‍ളിയാണ്. പിന്നിലെ സീറ്റില്‍ തളര്‍ന്നുറങ്ങുന്ന  ടോണിയെ ക്രിസ്മസ്ത്തലേന്ന് വീട്ടിലെത്തിച്ചുകൊള്ളാമെന്ന് അയാളുടെ ഭാര്യക്ക് കൊടുത്ത വാക്ക് പാലിക്കാനയാള്‍ കാറിന്‍റെ ഡ്രൈവിങ് ഏറ്റെടുക്കുന്നു. മാന്യവും അന്തസ്സുള്ളതുമായ പെരുമാറ്റവും ആശയപ്രകാശന രീതികളും ടോണി വെല്ലലോംഗ ശീലിക്കുന്നു. അയാളുടെ ഭാര്യ, ഡോളോറെസ് വെല്ലലോംഗയ്ക്കുള്ള കത്തുകളിലെ ആശയവും ഭാഷയും ഷേര്‍ളി പരിഷ്കരിക്കുന്നു.  'അക്രമംകൊണ്ട് ഒരിക്കലും ഒരാള്‍ക്ക് ജയിക്കാന്‍ പറ്റില്ലെന്നും അന്തസ്സിനാണ് നിലനില്‍പ്പുള്ളതെന്നും അതുകൊണ്ടുമാത്രമേ ജീവിതജയം കൈവരൂ' എന്നുമാണ് അയാളുടെ വിശ്വാസം. പെരുമാറ്റത്തിലുടനീളം 'അന്തസ്സ്, മാന്യത' തുടങ്ങിയ ഉപരിവര്‍ഗമൂല്യങ്ങള്‍ക്ക് അയാള്‍ നല്‍കുന്ന പ്രാധാന്യം ചലച്ചിത്രത്തില്‍ വ്യക്തമാണ്. സിംഹാസനം എന്ന് ടോണി പരിഹസിക്കുന്ന ഇരിപ്പിടത്തിലാണ് വീട്ടില്‍ അയാളുടെ ഇരിപ്പ്. വസ്ത്രധാരണത്തിന്‍റെയും ശരീരനിലകളുടെയും ഭക്ഷണരീതികളുടെയും പ്രത്യേകതകളും വെള്ളക്കാരുടെ ആചാരമര്യാദകളെ അനുകരിക്കുന്നത്, നൂറ്റാണ്ടുകളായി അടിമകളായിരിക്കുകയും രാവും പകലും അപമാനത്തിനിരയാവുകയും ചെയ്യുന്ന ഒരു വര്‍ഗത്തിന്‍റെ അപകര്‍ഷത്തെ താണ്ടാന്‍ അയാള്‍ക്കുള്ള ഏകമാര്‍ഗമാണ് ഇതെല്ലാം. ചുറ്റുമുള്ള അഭിജാതവര്‍ഗത്തിന്‍റെ രീതികള്‍ അനുകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത് അടിച്ചേല്‍പ്പിക്കപ്പെട്ട അധമബോധത്തെ അകറ്റാനുള്ള വ്യക്തികളുടെ ശ്രമത്തിന് ചരിത്രത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്. 
     വെളുത്ത അമേരിക്കന്‍ സദസ്സിന് ഡോ. ഡോണാള്‍ഡ് ഷേര്‍ളി എന്ന കറുത്ത വര്‍ഗക്കാരനെ സ്വീകാര്യനാക്കുന്നത് ക്ലാസിക്കല്‍ പിയാനിസ്റ്റ് എന്ന പദവിയാകുന്നു. തങ്ങള്‍ പരിഷ്കൃതരാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ വേണ്ടിയുള്ള നാട്യം മാത്രമാണത്. സംഗീതപരിപാടിക്കു മുന്‍പും ശേഷവും അമേരിക്കന്‍ സമൂഹത്തിന് അയാള്‍ തൊടാനും കൂടെയിരുത്താനും പാടില്ലാത്ത 'കറമ്പനാണ്'. പരിഷ്കൃത വെള്ളക്കാരസമൂഹത്തിന്‍റെ ഇരട്ടത്താപ്പ് ഷേര്‍ളി മനസിലാക്കാതിരിക്കുന്നില്ല. എന്നാല്‍ സാമൂഹിക അപകര്‍ഷങ്ങളെ ആട്ടിയോടിക്കാനുള്ള കച്ചിത്തുരുമ്പാണ് അയാള്‍ക്ക് സംഗീതം.  അതുകൊണ്ട് അതിന്‍റെ ദുര്‍ബലതപോലും അയാള്‍ക്ക് പ്രധാനമാണ്. സ്വന്തം വര്‍ഗത്തിനും അന്യവര്‍ഗത്തിനും ഇടയില്‍ ഗതിയില്ലാതെ ഉഴറുന്നതിനു പകരം, സ്വന്തം മനസ്സാക്ഷിക്ക് യോജിച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് മനസ്സുഖം നേടാമെന്ന് അയാളെ ടോണി ലിപ്, അപരിഷ്കൃതവും ആരെയും കൂസാത്തതുമായ പെരുമാറ്റ രീതികള്‍കൊണ്ട് പഠിപ്പിക്കുന്നു. ഷേര്‍ളിയിലും ടോണിയിലുമുള്ള വൈരുദ്ധ്യം മുഴുവന്‍ അവരവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗങ്ങളുടെയുമാണെന്ന വിവക്ഷകളിലാണ് കഥാപാത്രങ്ങളുടെ കാതല്‍. അവിടെയാണ് നിക് വെല്ലലോംഗയും (യഥാര്‍ത്ഥ ജീവിതത്തില്‍ ടോണി വെല്ലലോംഗയുടെ മകനാണ് നിക്)  ബ്രിയാന്‍ ഹെയ്സ് ക്യൂറിയും പീറ്റര്‍ ഫാരെല്ലിയും ചേര്‍ന്നു തയ്യാറാക്കിയ തിരക്കഥ അതിന്‍റെ ശക്തി തെളിയിക്കുന്നത്. കുടുംബസ്നേഹം, സഹോദരസംഘങ്ങളിലെ പങ്കാളിത്തം, റോമന്‍ കാത്തലിക് മതവിശ്വാസത്തിലുള്ള നിഷ്ഠ, കായിക താത്പര്യങ്ങള്‍ തുടങ്ങിയവ ഇറ്റാലിയന്‍ അമേരിക്കക്കാരുടെ  പ്രത്യേകതകളായി സിനിമയില്‍ ടോണിയുടെ വീടിന്‍റെ പശ്ചാത്തലത്തിലുള്ള പല ദൃശ്യങ്ങളിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. മറുവശത്ത് സാമൂഹികവും കുടുംബപരവുമായ ഒറ്റപ്പെടല്‍, സമ്പന്നമായ കലാപാരമ്പര്യവും ശേഷികളും, ധാര്‍മികവും ഉപചാരപരവുമായ കുഴമറിച്ചില്‍ തുടങ്ങിയ കാര്യങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ ഷേര്‍ളിയും പ്രതിനിധീകരിക്കുന്നു.
' ഏകാകികളായി കഴിയുന്നവരുടെ ലോകം'
വ്യക്തിബന്ധങ്ങള്‍ മുഴുവന്‍ താറുമാറായി കിടക്കുന്ന ഷേര്‍ളിയുടെ ഏകാന്തമായ ജീവിതത്തെ
ലാക്കാക്കി 'ആദ്യത്തെ ചുവടു വയ്ക്കാന്‍ ഭയന്ന് കഴിയുന്ന ഏകാകികളായ മനുഷ്യരാണ് ലോകം മുഴുവന്‍' എന്ന ഒരു തത്ത്വശകലം ടോണി പങ്കുവയ്ക്കുന്നുണ്ട്. ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. സഹോദരന്‍ തന്‍റെയത്ര പരിഷ്കൃതനല്ലെന്ന കാരണത്താല്‍ അയാളില്‍നിന്നും അകന്നു കഴിയുന്നു.  അതേ കാരണത്താല്‍ പാവപ്പെട്ടവരും നിരക്ഷരരുമായ കറുത്തവരോട് താദാത്മ്യപ്പെടാനും അയാള്‍ പ്രയാസം അനുഭവിക്കുന്നു. അമേരിക്കയില്‍ മാനുഷികമായ പ്രവൃത്തിയല്ലാതിരുന്ന സ്വവര്‍ഗസ്നേഹവും അയാളുടെ
ലൈംഗികജീവിതത്തിന്‍റെ പ്രകാശനത്തെ പ്രശ്നത്തിലാക്കുന്നു. അയാള്‍ക്ക് വേണ്ടത്ര കറുത്തവനോ


വേണ്ടത്ര വെളുത്തവനോ വേണ്ടത്ര മനുഷ്യന്‍ തന്നെയോ ആകാന്‍ കഴിയുന്നില്ലെന്നൊരു പ്രതിസന്ധിയുണ്ട്. അതയാള്‍ സ്വയം വരുത്തിവച്ചതല്ല. സമൂഹം ഏല്‍പ്പിച്ചതാണ്. അതിനിടയില്‍പ്പെട്ടു കുഴങ്ങുന്ന ഏകാന്തമായൊരു നിലവിളിയാണ് സിനിമയിലെ ഡോ. ഡോണ്‍ ഷേര്‍ളി എന്ന കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ പശ്ചാത്തലം.
     വര്‍ഷങ്ങള്‍ക്കു മുന്‍പ് വെളുത്തവരുടെ സദസ്സില്‍ അവരുടെ സംഗീതം അവതരിപ്പിക്കാന്‍ വന്ന കറുത്തവര്‍ഗക്കാരനെ വംശീയ വെറികൊണ്ടാണ് ഒരു കൂട്ടം മര്‍ദ്ദിച്ച് ഇറക്കി വിട്ടതെങ്കില്‍ ആ ചരിത്രം 1962-ല്‍ ആവര്‍ത്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം കലാകാരന്‍ ഇറങ്ങി പോകുന്നിടത്താണ്. അവിടത്തെ റെസ്റ്റൊറന്‍റില്‍ നാലുപേര്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കാന്‍ അനുവദിക്കാതിരുന്നതിന്‍റെ പേരില്‍ ബിര്‍മിംഗ്ഹാമിലെ പരിപാടി ഡോ. ഷേര്‍ളി വേണ്ടെന്നു വയ്ക്കുന്നു. അതിനു ടോണിയുടെ പിന്തുണയുമുണ്ട്. അതാണവരുടെ ചേര്‍ച്ചയുടെ അങ്ങേയറ്റത്തെ ബിന്ദു. കറുത്തവര്‍ഗക്കാരന്‍റെ ഡ്രൈവറായിരിക്കുക എന്ന അപമാനകരമായ പ്രവൃത്തി (മേരിവില്ലിയിലെ പൊലീസുകാരന്‍ ഏതാണ്ട് ഇതേകാര്യം പറഞ്ഞ് അപഹസിച്ചതിനാലാണ് ടോണി അയാളെ തല്ലുന്നത്) കൂടുതല്‍ പണം കിട്ടുന്ന പണി നല്‍കാമെന്ന് അയാളുടെ ഇറ്റാലിയന്‍ കൂട്ടുകാര്‍ വഴിക്കുവച്ച് വാഗ്ദാനം ചെയ്തിട്ടും തുടരാന്‍ തന്നെയായിരുന്നു ടോണിയുടെ തീരുമാനം. യാത്രയ്ക്കിടയില്‍ ടോണി പലയിടത്തുവച്ചും  ഷേര്‍ളിയെ രക്ഷിക്കുന്നു. ബാറിലെ അക്രമികളായ വെള്ളക്കാരില്‍നിന്ന്, മറ്റൊരു ബാറിനു വെളിയില്‍ കൊള്ളയടിക്കാരായ കറുത്തവരില്‍നിന്ന്, 'പ്രകൃതിവിരുദ്ധ ലൈംഗികത'യ്ക്ക് പിടിയിലായപ്പോള്‍ പൊലീസില്‍നിന്ന്.  ഇഷ്ടമുള്ള ഭക്ഷണം ഉപചാരങ്ങളൊന്നും കൂടാതെ രസിച്ചു കഴിക്കാന്‍ ടോണിയാണ് ഷേര്‍ളിയെ പഠിപ്പിക്കുന്നതെങ്കില്‍ അന്തസ്സായി കത്തെഴുതാനെന്നപോലെ വെറുതേ താഴെ കിടക്കുന്ന കല്ലെടുക്കുന്നതും മോഷണമാണെന്ന ഉപചാരവൃത്തി ഷേര്‍ളി തിരിച്ചും പഠിപ്പിക്കുന്നു. അയാളുടെ സംഗീതവൈദഗ്ധ്യത്തിലും ഉന്നതരായ ആളുകളുമായുള്ള പിടിപാടിലും ടോണി ലിപിനു ബഹുമാനമുണ്ട്. രാജ്യത്തെ അറ്റോര്‍ണി ജനറലായ റോബര്‍ട്ട് കെന്നഡി നേരിട്ടിടപെട്ടാണവരെ മേരിവില്ലിയിലെ ലോക്കപ്പില്‍നിന്നും മോചിപ്പിക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന പ്രസ്താവത്തെ ടോണിയും അന്തസ്സും മാന്യതയുമാണ് ആത്യന്തികമായി വിജയിക്കുക എന്ന സ്വന്തം വാക്കുകളെ ഷേര്‍ളിയും അവരവരുടെ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ് ചെയ്യുന്നത് എന്നര്‍ത്ഥം.
     ടോണിയെന്ന നിശാക്ലബ് കാവല്‍ക്കാരനും ഷേര്‍ളിയെന്ന സംഗീതജ്ഞനും എട്ട് ആഴ്ചകള്‍ക്കു മുന്‍പുള്ള അവരവരുടെ ജീവിതത്തിലേക്കാണ്, യാത്ര കഴിഞ്ഞ് മടങ്ങിപ്പോകാനുള്ളത്. എന്നാല്‍  മടങ്ങിപ്പോകുന്നത് പഴയ ആളുകളായല്ലെന്ന സൂചനയോടെയാണ് സിനിമ അവസാനിക്കുന്നത്. ക്ഷണം ആദ്യം നിരസിക്കുന്നുവെങ്കിലും ഷേര്‍ളി, ഒരു ഷാമ്പെയിന്‍ കുപ്പിയുമായി ടോണിയുടെ വീട്ടിലെ കുടുംബകൂടിച്ചേരലിന് എത്തുന്നതില്‍ കാവ്യാത്മകമായ ഒരു അവസാനമാണുള്ളത്. സിനിമയുടെ തുടക്കത്തില്‍ അതേ വീട്ടില്‍, അതേ സൗഹൃദസംഘത്തിന്‍റെ മുന്നില്‍ വച്ചാണ് ടോണി വീട്ടില്‍ പണിക്കുവന്നവര്‍ കുടിച്ച ഗ്ലാസുകളെടുത്ത് കുപ്പയിലിടുന്നത്. 'ഞാന്‍ സ്വീകാര്യനല്ലാത്ത വെള്ളക്കാരുടെ താവളങ്ങളിലേക്കൊന്നും (വൈറ്റ് എസ്റ്റാബ്ലിഷ്മെന്‍റ്) ഇനിയില്ലെന്നാണ്' ബിര്‍മിംഗ്ഹാമിലെ പരിപാടി ഉപേക്ഷിച്ചശേഷം  ഷേര്‍ളി ടോണിയെ കാറില്‍വച്ച് അറിയിക്കുന്നത്. അതില്‍ ഉറച്ചുനില്‍ക്കാനുള്ള തീരുമാനം  വീട്ടിലേക്ക് ഉള്ള ക്ഷണം ആദ്യം നിരസിച്ചതിന്‍റെ പിന്നിലുണ്ടാവണം. കത്തിയും ഫോര്‍ക്കും പ്ലേറ്റുമില്ലാതെ പൊരിച്ച കോഴിയെ കൈകൊണ്ട് തിന്ന് എല്ല് കാറിനു പുറത്തേക്ക് വലിച്ചെറിയുന്ന തരം സ്വാതന്ത്ര്യം അയാളുടെ മാറ്റത്തിന്‍റെ ആദ്യചുവടുവയ്പായിരുന്നെങ്കില്‍ (വാസ്തവവിരുദ്ധമാണെന്ന് ഷേര്‍ളിയുടെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും പ്ലേറ്റും ഫോര്‍ക്കുമൊന്നുമില്ലാതെ വെറുംകൈകൊണ്ട് ചിക്കന്‍ ഫ്രൈ തിന്നാന്‍ ഷേര്‍ളി തയ്യാറാവുന്നത് 'ഗ്രീന്‍ബുക്കി'ലെ മോട്ടീഫ് ആണെന്ന് കരുതുന്ന നിരൂപകരുണ്ട്) ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ അയാളെടുക്കുന്ന തീരുമാനം അയാളുടെ വ്യക്തിഗതമായ മാറ്റത്തിന്‍റെ അഭിലഷണീയമായ തുടര്‍ച്ചയാണ്.  കറുത്തവരുടെ ബാറില്‍ അവര്‍ക്കായി പിയാനോ വായിച്ചശേഷം വര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും സൗജന്യമായി തന്‍റെ വര്‍ഗക്കാര്‍ക്കായി ഇനി താന്‍ സംഗീതപരിപാടി അവതരിപ്പിക്കണം എന്ന ആഗ്രഹപ്രകടനത്തിലൂടെ അതുവരെ ആന്തരികമായി വെള്ളക്കാരനാവാന്‍ വെറുതേ ശ്രമിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ താനുള്‍പ്പെട്ട വിഭാഗത്തോടുള്ള കടപ്പാടിനെയും തിരിച്ചറിയുന്നു.
കഥയും യാഥാര്‍ത്ഥ്യവും
     വിഗോ മോര്‍ട്ടെന്‍സെനാണ് ടോണി വെല്ലലോംഗായി അഭിനയിച്ചത്. മഹെര്‍ഷാലാ അലി ഡോ. ഡോണാള്‍ഡ് ഷേര്‍ളിയും ലിന്‍ഡാ കാര്‍ഡെല്ലിനി ടോണിയുടെ ഭാര്യ ഡോളോറെസുമായി.  ഓസ്കാറിന്‍റെ സാധ്യതാപട്ടികയില്‍ ഏറെക്കുറെ താഴെയായിരുന്ന 'ഗ്രീന്‍ബുക്കിന്‍റെ' പുരസ്കാരലബ്ധി കുറച്ചുപേരെയെങ്കിലും അത്ഭുതപ്പെടുത്തിയതില്‍ അസ്വാഭാവികതയില്ല. ഓസ്കാറിനു മുന്‍പ് ഗോള്‍ഡെന്‍ ഗ്ലോബ് പുരസ്കാരം നേടിയിരുന്ന 'ഗ്രീന്‍ബുക്കിന്'  എതിരെയുള്ള വിവാദങ്ങളില്‍ പ്രധാനപ്പെട്ടത്, അമേരിക്കയുടെ വര്‍ണവിവേചനഭൂതകാലത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളിലെ കൃത്യതയില്ലായ്മയാണ്. ജീവിച്ചിരുന്ന മനുഷ്യരെയും നടന്ന സംഭവങ്ങളെയുംപറ്റിയുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ അവ സ്വാഭാവികമാണ്. 1962- ലെ യാത്രയ്ക്കു ശേഷം ടോണിയും ഷേര്‍ളിയും തങ്ങളുടെ സൗഹൃദം തുടര്‍ന്നിരുന്നു. വീണ്ടും അവര്‍ യാത്രയും ചെയ്തിരുന്നു. ഇവരെ രണ്ടുപേരെയും പ്രത്യേകിച്ചും ഷേര്‍ളിയുടെ കുടുംബാംഗങ്ങളുമായി വിശേഷിച്ചും ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് തിരക്കഥ തയാറാക്കിയതെന്നുള്ളതുകൊണ്ട് സിനിമയില്‍ കാണുന്നതെല്ലാം വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണെന്നാണ് നിക് വെല്ലലോംഗയുടെ അഭിപ്രായം. ഡോ.ഷേര്‍ളിയ്ക്ക് മൂന്ന് സഹോദരന്മാരുണ്ടായിരുന്നെന്നും അവര്‍ മൂന്നുപേരും ഉയര്‍ന്ന പഠിപ്പുള്ളവരും വിവിധഭാഷകള്‍ സംസാരിക്കുന്നവരും പലതരത്തില്‍ കഴിവുള്ളവരുമായിരുന്നു എന്നും ടോണിയുമായുള്ള കാര്‍ യാത്ര സമയത്ത് ഷേര്‍ളി അവരുമായി സാധാരണ നിലയില്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും ഒരു കുടുംബാംഗത്തെ ഉദ്ധരിച്ച് ഗബ്രിയേല്‍ ബ്രൂണി 'എസ്ക്യുറില്‍' എഴുതുന്നു. അന്നത്തെ സണ്‍ ഡൗണ്‍ ടൗണുകളെക്കുറിച്ചുള്ള സിനിമയിലെ ചില പൊരുത്തക്കേടുകള്‍ 'ഗാര്‍ഡിയന്‍' ലേഖനത്തില്‍ ടോം മക്കാര്‍ത്തിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരേ വര്‍ഷമാണ് സുഹൃത്തുക്കളായ  ടോണിയുടെയും ഷേര്‍ളിയുടെയും മരിച്ചത്.  2013 -ല്‍. ഗ്രീന്‍ബുക്കിന്‍റെ സംവിധായകന്‍ പീറ്റര്‍ ഫാരെല്ലിക്ക്  'മൂവി 43' എന്ന സിനിമയ്ക്ക് ആ വര്‍ഷം ഏറ്റവും മോശം സംവിധായകനുള്ള സമാന്തര അവാര്‍ഡായ ഗോള്‍ഡന്‍ റാസ്പ്ബെറി ലഭിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച സിനിമയ്ക്കുള്ള ഓസ്കാര്‍ അദ്ദേഹത്തിന്‍റെ 'ഗ്രീന്‍ബുക്കിനു' ലഭിക്കുന്നു. ഏതാണ്ട് ഇതേ അഞ്ചു വര്‍ഷത്തെ കാലാവധിയാണ് ബിര്‍മിംഗ്ഹാമിലെ അഭിജാതസദസ്സില്‍ പിയാനോ വായനയ്ക്കെത്തിയ ആദ്യത്തെ കറുത്തവര്‍ഗക്കാരന്‍റെ ഇറക്കിവിടലിനും ഇറങ്ങിപ്പോക്കിനും ഇടയിലുമുള്ളത്. ആകസ്മികസംഭവങ്ങളുടെ തുകയാണല്ലോ ജീവിതം. അതുപോലെതന്നെ കലകളും.


Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 220/- 2 Years - 440/- ,3 Years- 660/-

Moolyasruthi Cover

Moolyasruthi Cover
JULY 2019

MOOLYASRUTHI MAGAZINE

Advertisement

Advertisement

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Blog

Recent Posts